Adi Kapyare Kootamani Tamil Remake : അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റീമേക്ക്; ഹോസ്റ്റലിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു
Hostel Trailer : ചിത്രം ഏപ്രിൽ 28 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ചെന്നൈ : സൂപ്പർ ഹിറ്റ് മലയാള ചിത്രം അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റീമേക്കായ ഹോസ്റ്റലിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ 28 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഹോസ്റ്റൽ. സുമന്ത് രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് സെൽവനും, പ്രിയ ഭവാനി ശങ്കറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
ആർ രവിചന്ദ്രൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 2015 ലാണ് അടി കപ്യാരെ കൂട്ടമണി റിലീസ് ചെയ്തത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർജീസ്, നീരജ് മാധവ്, നമിത പ്രമോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഹോസ്റ്റലിൽ അശോക് സെൽവനെയും, പ്രിയ ഭവാനി ശങ്കറിനെയും കൂടാതെ സതീഷ്, നാസർ, മുണ്ടാസ്പട്ടി രാംദോസ്, കെപി യോഗി, കൃഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അതെസമയം ചിത്രത്തിൻറെ കന്നഡ റീമേക്കും അണിയറയിൽ ഒരുങ്ങുകയാണ്. അബ്ബബ്ബായെന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആൻ അഗസ്റ്റിന്റെ ആദ്യ ചലച്ചിത്ര നിർമ്മാണ സംരഭം കൂടിയാണ് അബ്ബബ്ബാ. ചിത്രം സംവിധാനം ചെയ്യുന്നത് കെഎം ചൈത്യയാണ്. ആൻ അഗസ്റ്റിനോടൊപ്പം വിജയ് ബാബു, വിവേക് തോമസ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെയും, മിരാമർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ അന്യ ഭാഷ ചിത്രമെന്ന പ്രത്യേകതയും അബ്ബബ്ബയ്ക്കുണ്ട്. അടി കപ്യാരേ കൂട്ടമണിയും ഫ്രൈഡേ ഫിലിം ഹവസിന്റെ ബാനറിലാണ് എത്തിയത്. അബ്ബബ്ബയിൽ ലികിത് ഷെട്ടി, അമൃത അയ്യങ്കാര്‍, അജയ് രാജ്, താണ്ഡവ്, ധന്‍രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അതേസമയം മലയാളി പ്രേക്ഷകർ അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന് രണ്ടാം ഭാഗം എത്തുമെന്ന് സൂചനകൾ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല.
അജു വർഗീസ് ഫെബ്രുവരി 26ന് സോഷ്യൽ മീഡിയയിൽ പള്ളി ഗോപൂരത്തിൽ സ്ഥാപിച്ചിട്ടുള്ള കൂട്ടമണിയുടെ ചിത്രം പങ്ക് വെച്ചതോടെയാണ് അടി കപ്യാരേ കൂട്ടമണി രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായത്. എന്നാൽ "നോ ക്യാപ്ഷൻ" എന്ന കുറിച്ചു കൊണ്ട് പങ്കുവെച്ച ചിത്രത്തിൽ സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നടൻ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ചിത്രത്തിൻറെ രണ്ടാം ഭാഗം ഉടൻ എത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.
അജു വർഗീസിന് പിന്നാലെ നിർമ്മാതാവ് വിജയ് ബാബുവും ഇതേ ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. അജുവിനെ പോലെ തന്നെ "നോ ക്യാപ്ഷൻ" എന്ന കുറുപ്പോടെ തന്നെയാണ് വിജയ് ബാബുവും ചിത്രം പങ്ക് വെച്ചത്. എന്നാൽ പോസ്റ്റിൽ അടി കപ്യാരെ കൂട്ടമണിയിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, വിനീത് മോഹൻ എന്നിവരെ ടാഗ് ചെയ്തിരുന്നു. ഇതോട് കൂടി ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന സംശയം വർധിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...