ആദിപുരുഷ് ടീസറിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
പ്രധാനമായും ടീസറിലെ ഹനുമാന്‍റെ വേഷത്തിനെയാണ് നരോത്തം മിശ്ര വിമർശിച്ചത്
ആദിപുരുഷ് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത് മുതൽ സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള വിമർശനങ്ങൾ കൊണ്ട് നിറയുകയാണ്. പ്രധാനമായും ആദിപുരുഷിലെ വി.എഫ്.എക്സിനെക്കുറിച്ചാണ് വിമർശനം ഉയരുന്നത്.
500 കോടി നിർമ്മാണ ചെലവുള്ള ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങൾ കാർട്ടൂണുകളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ആദിപുരുഷിന്‍റെ ടീസറിലെ പല രംഗങ്ങളും പ്ലാനറ്റ് ഓഫ് ഏപ്സ് ഉൾപ്പെടെയുള്ള പ്രമുഖ ഹോളിവുഡ് ചിത്രങ്ങളിലേതിന് സമാനമാണെന്നും വിമർശനമുയരുന്നുണ്ട്.
ALSO READ: ശരിക്കും രാവണന് പത്ത് തലകൾ ഉണ്ടോ ? പുരാണത്തിൽ പറയുന്നത്
ചലച്ചിത്ര പ്രേമികൾക്ക് പുറമേ ഇപ്പോൾ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. രാമായണത്തിലെ കഥാപാത്രങ്ങളെ ടീസറിൽ തെറ്റായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് മാറ്റാൻ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ആദിപുരുഷിന്‍റെ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര പറഞ്ഞ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
പ്രധാനമായും ടീസറിലെ ഹനുമാന്‍റെ വേഷത്തിനെയാണ് നരോത്തം മിശ്ര വിമർശിച്ചത്. ടീസറിൽ ഹനുമാന്‍റെ കഥാപാത്രം ഒരു തുകൽ വസ്ത്രം ധരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ഹനുമാന്‍റെ രൂപത്തിനോട് യോജിക്കുന്നതല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മാത്രമല്ല സിനിമാ പ്രവർത്തകർ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എപ്പോഴും ഒരു പ്രത്യേക മതത്തെ ആക്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. എന്തായാലും ടീസറിലെ രംഗങ്ങൾ എത്രയും വേഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് നരോത്തം മിശ്ര ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് കത്ത് അയച്ചിട്ടുണ്ട്.
ആദിപുരുഷ് ടീസറിനെതിരെ രംഗത്തെത്തിയിട്ടുള്ള മറ്റൊരു പ്രമുഖ വ്യക്തിയാണ് അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായ മാളവിക അവിനാഷ്. ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ രാമായണത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഇതിന് ഉദാഹരണമായി എടുത്ത് കാണിച്ചത് ചിത്രത്തിലെ രാവണന്‍റെ രൂപമായിരുന്നു.
സെയ്ഫ് അലി ഖാൻ അവതരിപ്പിച്ചിരിക്കുന്ന രാവണന്‍റെ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും ഒരു വിദേശിയുടേതിന് സമാനമാണെന്നായിരുന്നു മാളവിക അവിനാഷ് പറഞ്ഞത്. സെയ്ഫിന്‍റെ കഥാപാത്രത്തിന്‍റെ നീല കണ്ണുകളും മേക്കപ്പും രാവണനോട് ഒട്ടും തന്നെ യോജിക്കാത്തതാണെന്നും അവർ വിമർശിച്ചു. എന്തായാലും ചിത്രത്തിന്‍റെ വി.എഫ്.എക്സിനെക്കുറിച്ചുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഇപ്പോൾ വന്ന ഈ പുതിയ വിമർശനങ്ങളെ ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ എങ്ങനെ നേരിടും എന്ന് കാണാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...