Akshay Kumar: മറാത്തി സിനിമയിൽ ഛത്രപതി ശിവജിയായി അക്ഷയ് കുമാർ
Akshay Kumar: മഹേഷ് മഞ്ജരേക്കർ നിർമ്മിക്കുന്ന മറാത്തി ചിത്രത്തിലാണ് അക്ഷയ് കുമാർ ഛത്രപതി ശിവജിയായി എത്തുന്നത്.
മറാത്തി സിനിമയിൽ ഛത്രപതി ശിവാജിയായി വേഷമിടാൻ അക്ഷയ് കുമാർ. മഹേഷ് മഞ്ജരേക്കർ നിർമ്മിക്കുന്ന മറാത്തി ചിത്രത്തിലാണ് അക്ഷയ് കുമാർ ഛത്രപതി ശിവജിയായി എത്തുന്നത്. വേദന്‍ത് മറാത്തെ വീർ ദൗദലെ സാത്ത് എന്ന മറാത്തി ചിത്രത്തിലാണ് ഛത്രപതി ശിവജിയായി അക്ഷയ് കുമാർ എത്തുന്നത്.
ബോളിവുഡ് ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രം കൂടിയാണിത്. ഛത്രപതി ശിവാജി മഹാരാജിന്റെ വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും അതിനായി ഞാൻ പരിശ്രമിക്കുമെന്നും ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ അക്ഷയ് കുമാർ വ്യക്തമാക്കി. രാജ് താക്കറെയാണ് താൻ ഈ ചിത്രത്തിലേക്ക് എത്താൻ കാരണമെന്ന് ഒരു അഭിമുഖത്തിൽ അക്ഷയ് കുമാർ പറഞ്ഞിരുന്നു.
ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മഹാരാഷ്ട്ര നവനിർമ്മാൺ സേന ഫൗണ്ടർ രാജ് താക്കറെ എന്നിവരും പങ്കെടുത്തു. വേദാന്ത് മറാത്തെ വീർ ദൗദലെ സാത്, മറാത്തി ഭാഷയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറക്കും. ഖുറേഷി പ്രോഡക്ഷൻ നിർമ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
അതേസമയം, താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം രാമസേതു തിയേറ്ററുകളിൽ സമ്മശ്ര പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ ഒരു ആർക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാർ എത്തുന്നത്. ഒരു യുക്തിവാദിയായ അദ്ദേഹം എപ്പോഴും ശാസ്ത്രീയമായ തെളിവുകൾക്കും വസ്തുതകൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സൗത്ത് ഇന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഷിപ്പിങ്ങ് കമ്പനി എങ്ങനെയും രാം സേതു പൊളിച്ച് ആ പ്രദേശം ഒരു ഷിപ്പിങ്ങ് റൂട്ട് ആക്കാനാണ് ശ്രമിക്കുന്നത്.
എന്നാൽ അതിന് ഇന്ത്യയിലെ വിശ്വാസികൾ തടസ്സം നിൽക്കുന്നു. കേസ് സുപ്രീം കോടതിയിലെത്തി. ഗവൺമെന്‍റ് രാം സേതുവിന്‍റെ ഉദ്ഭവത്തെപ്പറ്റി പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നു. എന്നാൽ ഈ ഷിപ്പിങ്ങ് കമ്പനി തങ്ങൾക്ക് ഗവൺമെന്‍റിലുള്ള സ്വാധീനം ഉപയോഗിച്ച് അക്ഷയ് കുമാറിനെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നു. എന്നാൽ അക്ഷയ് കുമാർ ഉൾപ്പെട്ട ഈ സംഘം കണ്ടെത്തുന്നത് രാം സേതു മനുഷ്യ നിർമ്മിതമാണ്, കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ ഭഗവാൻ ശ്രീ രാമന്‍റെ നേതൃത്വത്തിലുള്ള വാനര സേന നിർമ്മിച്ചതാണെന്നാണ്. ഈ കണ്ടെത്തലിന് ശേഷം അവർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...