Allu Arjun: കളികൾ ഇനി വേറെ ലെവൽ; അല്ലു അർജുൻ - ത്രിവിക്രം കോംബോ വീണ്ടും; ഒരുങ്ങുന്നത് ദൃശ്യവിസ്മയം
Allu Arjun new film: ത്രിവിക്രമും സ്റ്റാർ അല്ലു അർജുനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്.
സംവിധായകൻ ത്രിവിക്രമും ഐക്കൺ സ്റ്റാർ അല്ലു അർജുനും ഒന്നിച്ച ജൂലായി, സൺ ഓഫ് സത്യമൂർത്തി, അലാ വൈകുണ്ഡപുരംലോ എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയവയാണ്. ഈ ജോഡിയുടെ ഓരോ ചിത്രവും മുൻ ചിത്രങ്ങളെക്കാൾ വലിയ ഹിറ്റായ ചരിത്രമാണുള്ളത്. അലാ വൈകുണ്ഡപുരംലോ അന്തർദേശീയതലത്തിൽപ്പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗുരുപൂർണ്ണിമയുടെ അവസരത്തിൽ ഈ ഹിറ്റ് ജോഡി തങ്ങളുടെ നാലാമത് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ലോക സിനിമാ പ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ് ഈ സൂപ്പർഹിറ്റ് ജോഡി വാക്കുതരുന്നത്. അലാ വൈകുണ്ഡപുരംലോയിലെ സാമജവരഗമനാ, ബുട്ട ബൊമ്മാ, രാമുലോ രാമുലാ തുടങ്ങിയ ഗാനങ്ങൾ ചെറുപ്പക്കാർക്കിടയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ സൂപ്പർഹിറ്റ് ജോഡി ഇന്ത്യൻ സിനിമ മുൻപു കണ്ടിട്ടില്ലാത്ത വിധമുള്ള ദൃശ്യവിസ്മയമാണ് ഒരുക്കുന്നത്.
ALSO READ: വെറും സെക്സല്ല ലസ്റ്റ് സ്റ്റോറീസ് 2; സിനിമ പറഞ്ഞു വെക്കുന്ന സമൂഹം
ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും ഈ ചിത്രം എന്നാണ് പ്രതീക്ഷ. ത്രിവിക്രമിന്റെ ആഖ്യാനശൈലി ഈ ജോഡിയുടെതായി പുറത്തുവന്ന ഓരോ ചിത്രത്തിനും ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ 'രവീന്ദ്ര നാരായൺ', 'വിരാജ് ആനന്ദ്', 'ബണ്ടു' തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അർജുൻ അവിസ്മരണീയമാക്കിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളിൽ എന്നെന്നും സ്ഥാനം നേടിയ വേഷങ്ങളാണ് ഇവയെല്ലാം.
ഐക്കൺ സ്റ്റാർ അല്ലു അർജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷൻസ് ഒരിക്കൽക്കൂടി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. അവർ നിർമ്മിക്കുന്ന എട്ടാമത് ചിത്രമാണിത്. അല്ലു അർജുൻ - ത്രിവിക്രം ജോഡിയിൽ പുറത്തുവന്ന മൂന്നു ചിത്രങ്ങളും ഗംഭീര സ്കെയിലിൽ നിർമ്മിച്ചത് ഇവരായിരുന്നു. ഇപ്പോൾ അന്തർദേശീയ പ്രേക്ഷകരെത്തന്നെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ചിത്രമൊരുക്കാനാണ് അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
ഹാരിക & ഹാസിനി ക്രിയേഷൻസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ഗീത ആർട്ട്‌സും അലാ വൈകുണ്ഡപുരംലോയിലെ പോലെ ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവർത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...