Asif Ali: `നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്`; സിബി മലയിലിനെ കുറിച്ച് ആസിഫ് അലി
സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫിന്റെ നാലാമത്തെ ചിത്രമാണ് കൊത്ത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് കൊത്ത്. ആസിഫ് അലി, റോഷൻ മാത്യൂ, നിഖില വിമൽ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇന്നലെ (സെപ്റ്റംബർ 16) ആണ് റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഈ അവസരത്തിൽ തന്റെ സംവിധായകനെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി. നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്ന് പേരുന്ന ചില അധ്യാപകരുണ്ട്. സർവകലാശാലയിൽ പഠിപ്പിക്കാത്ത സിലബസിന് പുറത്തുള്ള കാര്യങ്ങൾ പോലും പറഞ്ഞ് നമ്മളെ അവർ അത്ഭുചപ്പെടുത്തും. അത്തരത്തിലൊരു അധ്യാപകനാണ് സിബി മലയിൽ തനിക്ക് എന്നാണ് ആസിഫ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫിന്റെ നാലാമത്തെ ചിത്രമാണ് കൊത്ത്.
ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
''നമ്മളറിയാതെ നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന ചില അദ്ധ്യാപകരുണ്ട്... ഒരു സർവകലാശാലയിലും പഠിപ്പിക്കാത്ത ചില പാഠങ്ങൾ അവർ നമുക്ക് പറഞ്ഞു തരും... സിലബസിന് പുറത്തുള്ളതിനെ കുറിച്ച്കൂടെ സംസാരിച്ചു നമ്മെ അത്ഭുതപ്പെടുത്തും...
അങ്ങനെ ഒരു അദ്ധ്യാപകനാണ് എനിക്ക് സിബി സാർ..
സാറിനോടൊപ്പം ഞാൻ വർക്ക് ചെയ്യുന്ന നാലാമത്തെ സിനിമയാണ് "കൊത്ത് "
സിനിമ ആസ്വാദകർ.. രാഷ്ട്രീയ നിരീക്ഷകർ.. കുടുംബ പ്രേക്ഷകർ.. യുവാക്കൾ.. അങ്ങനെ ഏവരും ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന റിവ്യൂകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.
കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങൾ പ്രേക്ഷകരിലേക്ക് ഏറ്റവും മനോഹരമായ്.. കൺവിൻസിങ് ആയി, അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണെന്ന്, എത്രയോ എത്രയോ നല്ല ചിത്രങ്ങളിലൂടെ സിബി സാർ തെളിയിച്ചിട്ടുള്ളതാണ്...
നന്ദി സർ ഇനിയും ഒട്ടനവധി നല്ല ചിത്രങ്ങൾ ഒരുക്കാൻ സാറിനു സാധിക്കട്ടെ.. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ എനിക്കും ഭാഗ്യമുണ്ടാവട്ടെ..
അതെന്റെ ഗുരുത്വമായി..നിറഞ്ഞ പുണ്യമായി ഞാൻ കാണും..''
കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് കൊത്ത്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് ഫലമുണ്ടായി എന്ന് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. നേരത്തെ സെപ്റ്റംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് കൊത്ത്. എന്നാൽ ചിത്രം ഒരാഴ്ച്ച മുമ്പ് തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് കൊത്ത്. ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഹേമന്ദ് കുമാറാണ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് ചിത്രം തിയേറ്ററിൽ എത്തിയത്. രഞ്ജിത്തും പി എമ്മും ശശിധരനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.
Also Read: Kaapa Movie Update : കാപ്പ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍, ചിത്രത്തിന്റെ സംഗീത സംവിധായകൻ കൈലാഷ് മേനോന്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന കാപ്പയാണ് ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അപർണ ബാലമുരളി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...