ഇന്ത്യൻ ബോക്സ് ഓഫീസിനെ അടിച്ച് തൂഫാനാക്കി അവതാർ ദി വേ ഓഫ് വാട്ടർ
![ഇന്ത്യൻ ബോക്സ് ഓഫീസിനെ അടിച്ച് തൂഫാനാക്കി അവതാർ ദി വേ ഓഫ് വാട്ടർ ഇന്ത്യൻ ബോക്സ് ഓഫീസിനെ അടിച്ച് തൂഫാനാക്കി അവതാർ ദി വേ ഓഫ് വാട്ടർ](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2022/12/26/176312-avatharthewayofwater.jpg?itok=YuXqmsit)
ലോക ബോക്സ് ഓഫീസിൽ അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ കളക്ഷൻ 600 മില്ല്യൺ കഴിഞ്ഞു
അവതാർ ദി വേ ഓഫ് വാട്ടർ അതിന്‍റെ ശരിക്കുള്ള ബോക്സ് ഓഫീസ് പവർ ലോക സിനിമയ്ക്ക് മുന്നിൽ കാണിച്ചു തുടങ്ങി. ചിത്രം പുറത്തിറങ്ങിയ ആദ്യ ആഴ്ച്ച പ്രതീക്ഷിച്ച കളക്ഷൻ അവതാറിന് നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാമത്തെ ആഴ്ച്ചയിലേക്ക് വരുമ്പോൾ എല്ലാ മുൻകാല ബോക്സ് ഓഫീസ് കളക്ഷനെയും തകർത്തുകൊണ്ടാണ് അവതാർ ദി വേ ഓഫ് വാട്ടർ മുന്നേറുന്നത്. ചിത്രം അതിന്‍റെ രണ്ടാമത്തെ വെള്ളിയാഴ്ച്ച 12 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. എന്നാൽ ശനിയാഴ്ച്ച ആയപ്പോഴേക്കും ഇതിൽ നിന്ന് ഏകദേശം 75 ശതമാനത്തിന്‍റെ വളർച്ച ബോക്സ് ഓഫീസ് പ്രകടനത്തില്‍ അവതാർ കാഴ്ച്ച വച്ചു. ചിത്രം പുറത്തിറങ്ങി രണ്ടാമത്തെ ശനിയാഴ്ച്ച ഇന്ത്യയിൽ നിന്ന് 21 കോടി രൂപയാണ് കളക്ട് ചെയ്തത്.
ക്രിസ്മസ് കൂടിയായ ഞായറാഴ്ച്ച ദിവസത്തെ അവതാറിന്‍റെ കളക്ഷൻ ഇന്ത്യയിൽ പിന്നെയും വർദ്ധിച്ചു. ഇന്നലെ 25 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. ഇതോടെ അവതാർ ദി വേ ഓഫ് വാട്ടർ ഇന്ത്യയിൽ നിന്ന് മാത്രം 250 കോടി രൂപ കളക്ഷൻ സ്വന്തമാക്കി. ഇതോടെ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രങ്ങളുടെ പട്ടികയില്‍ അവതാർ മുൻപന്തിയിലെത്തി. ഇനി അവതാറിന് മുന്നിലുള്ളത് 300 കോടിയിലധികം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്ത അവഞ്ചേഴ്സ് എൻഡ് ഗെയിമാണ്. അവതാറിന്‍റെ കളക്ഷൻ ഈ രീതിയിൽ ശക്തമായി തുടരുകയാണെങ്കിൽ വൈകാതെ ആ റെക്കോഡ് പഴങ്കഥ ആകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ഇന്ത്യയിൽ നിന്നുള്ള അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ 50% കളക്ഷനും ദക്ഷിണേന്ത്യൻ തീയറ്ററുകളിൽ നിന്നാണ് ലഭിക്കുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ലോക ബോക്സ് ഓഫീസിൽ അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ കളക്ഷൻ 600 മില്ല്യൺ കഴിഞ്ഞു. ഇതിൽ 250 മില്ല്യൺ തുക ലഭിച്ചത് നോർത്ത് അമേരിക്കയിൽ നിന്നാണ്. ഇതേ രീതിയിൽ കളക്ഷൻ മുന്നോട്ട് പോകുകയാണെങ്കിൽ 900 മില്ല്യൺ കളക്ഷനിൽ നിൽക്കുന്ന ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്, മിനിയോൺസ് ദി റൈസ് ഓഫ് ഗ്രു എന്നീ ചിത്രങ്ങളെ അവതാർ പിന്നിലാക്കും. 2023 ജനുവരി ആദ്യ ആഴ്ച്ചയിലും നല്ല രീതിയിലുള്ള കളക്ഷൻ ചിത്രം നേടുകയാണെങ്കിൽ ടോപ്പ് ഗൺ മാവെറിക് എന്ന ടോം ക്രൂസ് ചിത്രം അമേരിക്കൻ ഡൊമെസ്റ്റിക് ബോക്സ് ഓഫീസിൽ നിന്ന് നേടിയ കളക്ഷനെ അവതാർ ദി വേ ഓഫ് വാട്ടർ മറികടക്കും.
2009 ല്‍ പുറത്തിറങ്ങിയ അവതാറിന്‍റെ ആദ്യ ഭാഗം 2.9 ബില്ല്യൺ യു.എസ് ഡോളറാണ് ലോക ബോക്സ് ഓഫീസിൽ നിന്ന് കളക്ഷൻ നേടിയത്. ഈ തുക വേ ഓഫ് വാട്ടറിന് ഒരു വിദൂര സ്വപ്നം തന്നെയാണ്. എന്നാൽ ചിത്രം ഏറ്റവും കുറഞ്ഞത് 2 ബില്ല്യണെങ്കിലും ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്താൽ മാത്രമേ ലാഭം ഉണ്ടാകുകയുള്ളൂ എന്നാണ് അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ സംവിധായകനും നിർമ്മാതാവുമായ ജെയിംസ് കാമറൂൺ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...