ബിഗ് ബോസ് മലയാളത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെതിരെ അധിക്ഷേപ പരമാർശം നടത്തിയ സംവിധായകൻ അഖിൽ മാരാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഷോയുടെ അവതാരകൻ മോഹൻലാൽ. ബിഗ് ബോസിന്റെ വാരാന്ത്യ എപ്പിസോഡിന്റെ പ്രൊമോയിലാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർഥിയായ അഖിൽ മാരാർ വിശപ്പിന്റെ രക്തിസാക്ഷിയായ അദിവാസി യുവാവായ മധുവിന്റെ പേര് പരിഹാസത്തോടെ ഉപയോഗിച്ചത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. സംവിധായതനെതിരെ ഷോയ്ക്ക് പുറത്ത് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റിയാലിറ്റി ഷോ അധികൃതർ നടപടിയുമായി രംഗത്തെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"മത്സരാർഥികളിൽ ഒരാൾ രക്തിസാക്ഷിയായ സഹോദരൻ മധുവിന്റെ പേര് പരാമർശിച്ച് പരിഹസിച്ചത്, അങ്ങേയറ്റം ഖേദകരവും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു. ഞങ്ങൾ ഈ ബന്ധപ്പെട്ട് മത്സരാർഥിയുമായി സംസാരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്" ഷോയുടെ പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറഞ്ഞു. ഇങ്ങനെ പരാമർശം നടത്തിയ അഖിൽ മാരാരോട് മോഹൻലാൽ വിശദീകരണവും ചോദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.


ALSO READ : Bigg Boss Malayalam Season 5: രണ്ടാനച്ഛനെയാണ് അച്ഛൻ എന്ന് വിളിക്കുന്നത് ; കഥയിൽ പറയാൻ വെച്ചത്- സാഗറിനോട് പങ്ക് വെച്ച് ഗോപിക



രണ്ടാം ആഴ്ച പൂർത്തിയാക്കുന്ന ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഈ വാരത്തിലെ ടാസ്കിനിടെയാണ് അഖിൽ മരാർ മധുവിന്റെ പേര് പരിഹാസരൂപേണ പ്രയോഗിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അനുകരിക്കുന്ന ടാസ്കിൽ മീശ മാധവനായി എത്തിയ മറ്റൊരു മത്സരാർഥിയായ സാഗർ സൂര്യയോടാണ് അഖിൽ മധുവിനെ അധിക്ഷേപിക്കുന്ന തലത്തിൽ പരാമർശം നടത്തുന്നത്. മീശ മാധവൻ എന്ന കഥാപാത്രം ടാസ്കിനിടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുമ്പോൾ 'നിന്നോട് അരിയാഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിൻറെ അവസ്ഥ വരും' എന്ന് അഖിൽ പറയുകയായിരുന്നു. അതേസമയം സംവിധായകൻ ഈ ആക്ഷേപ പരാമർശം നടത്തുമ്പോൾ ബിഗ് ബോസിലെ മറ്റ്  മത്സരാർഥികളും അത് കേട്ട് ചിരിക്കുകയായിരുന്നു. 


ഇത് പിന്നീട് ബിഗ് ബോസിനോട് അനുബന്ധിച്ചുള്ള ഗ്രൂപ്പുകളിലും മറ്റ് ഗ്രൂപ്പുകളിലും ചർച്ചയ്ക്ക് വഴിവെച്ചു. പിന്നീട് സോഷ്യൽ മീഡിയകളിലേക്ക് ചർച്ച എത്തിയതോടെ വിവാദമായി മാറുകയായിരുന്നു. ഇതിന് പിന്നാലെ കൊല്ലപ്പെട്ട ആദിവാസി യുവാവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ സംവിധായകനെതിരെ ദിശ പരാതി നൽകുകയും ചെയ്തു. പോലീസ്, എസ് സി, എസ് ടി കമ്മീഷൻ, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൌണ്ടേഷൻ എന്നിവർക്കാണ് പരാതി നൽകിയതെന്ന് ദിശ അറിയിച്ചു.


അട്ടപ്പാടി മധുക്കേസ്


2018 ഫെബ്രുവരി 22നാണ്  മുപ്പതുകാരനായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മധു മരിച്ചിരുന്നു.


വിവാദമായ മധു കൊലക്കേസിൽ മാർച്ച് 4ന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചിരുന്നു. കേസിലെ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച കോടതി ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും 1,05,000 രൂപ പിഴയുമാണ് വിധിച്ചത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ് പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.