തിരുവനന്തപുരം: സിനിമ കാണുന്നതിനിടയിൽ കൈക്കുഞ്ഞ് കരഞ്ഞാൽ ഇനി പകുതിയിൽ സിനിമ കാണുന്നത് അവസാനിപ്പിച്ച് ഇറങ്ങിവരേണ്ടതില്ല. കുഞ്ഞിനെ തൊട്ടിലിലാട്ടി തിയ്യേറ്ററിലിരുന്ന് തന്നെ സിനിമ കാണാം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിലുള്ള കൈരളി, നീള, ശ്രീ തിയ്യേറ്ററുകളിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. കുഞ്ഞുങ്ങൾക്കായുള്ള ‘ക്രൈ റൂമിൻ്റെ' നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉടൻ തിയേറ്ററുകൾ സിനിമാ പ്രേമികൾക്കായി തുറന്നു നൽകുമെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി മായ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയേറ്ററുകളിൽ സിനിമ കാണുന്നതിനിടയിൽ കുഞ്ഞ് കരഞ്ഞാൽ ഇനി ക്രൈറൂമിലിരിക്കാം. ശബ്‌ദം പുറത്തേക്ക്‌ കേൾക്കാത്ത രീതിയിലാണ്‌ മുറിയുടെ നിർമാണം.കുഞ്ഞിൻ്റെ ഡയപ്പർ മാറ്റാനും ഇവിടെ സൗകര്യമുണ്ട്. ഈ മുറിയുടെ മുന്നിലെ ചില്ലിലൂടെ  തടസ്സമില്ലാതെ അമ്മയ്ക്കും കുഞ്ഞിനും സിനിമ ആസ്വദിക്കുകയും ചെയ്യാം. 


സംസ്ഥാനത്ത്‌ ആദ്യമായാണ്‌ തിയറ്ററിൽ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ശുചിമുറിയിലേക്ക്‌ പോകേണ്ടി വന്നാലും സിനിമയുടെ തുടർച്ച നഷ്‌ടമാകില്ല. ശുചിമുറികളിലെ സ്‌പീക്കറുകളിൽ ഡയലോഗുകൾ നന്നായി കേൾക്കാൻ ആധുനിക രീതിയിലുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സാനിറ്ററി പാഡ്‌, വെന്റിങ്‌ മെഷീൻ എന്നിവ ഉൾപ്പെടെ സജ്ജീകരിച്ചാണ്‌ തിയേറ്റർ കോംപ്ലക്സിൻ്റെ നവീകരണം. 


12 കോടി രൂപ മുതൽമുടക്കിലാണ് കൈരളി, നിള, ശ്രീ തിയ്യേറ്റർ കോംപ്ലക്സുകൾ നവീകരിക്കുന്നത്. മൂന്ന്‌ സ്‌ക്രീനിലും ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ലേസർ പ്രൊജക്ടർ ഒരുക്കും. നിള തിയ്യേറ്ററിൽ 3 ഡി സിനിമകളും കാണാനാകും. ഡോൾബി അറ്റ്‌മോസി​ന്റേതാണ് ശബ്‌ദ സജ്ജീകരണം.


നേരത്തെയുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി തിയ്യേറ്റർ കോംപ്ലക്സിൽ ലിഫ്‌റ്റ്‌ സംവിധാനവും പുതുതായി വരുന്നുണ്ട്‌. ശ്രീ തിയറ്ററിലെ മുഴുവൻ കസേരയും നവീകരണത്തിൻ്റെ ഭാഗമായി മാറ്റി സ്ഥാപിക്കും. തിയ്യേറ്ററിലെ ലോബിയും കാർപോർച്ചും ഉൾപ്പെടെ നവീകരിക്കുന്നുണ്ട്‌. 


സർക്കാരിന് കീഴിലുള്ള തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റും ജോലിക്കായി വരുന്നവർക്ക്‌ താമസിക്കാൻ ഡോർമെട്രി സൗകര്യം ഒരുക്കുന്നുണ്ട്. വിഐപികൾക്കായി പ്രത്യേകമുറിയും തയ്യാറാക്കും. പഴയ ടിക്കറ്റ് നിരക്കായ 125 രൂപ എന്നതിൽ മാറ്റമില്ല. 


ആറു ദിവസത്തിനുള്ളിൽ തിയേറ്ററുകളിലെ ബേബി റൂമിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി.മായ സീ മലയാളം ന്യൂസിനോട് പറഞ്ഞു. സിനിമാപ്രേമികളെ തിയേറ്ററുകളിലേക്ക് കൂടുതൽ ആകർഷിക്കാനും നല്ല സിനിമാസ്വാദനം കുറഞ്ഞ നിരക്കിൽ പങ്കുവയ്ക്കാനുമാണ് കെ.എസ്.എഫ്.ഡി.സി ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. 


2020-2022 കാലയളവിൽ കെ.എസ്.എഫ്.ഡി.സി സർക്കാരിന് നൽകിയിട്ടുള്ള പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതെന്നും രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി തീയേറ്ററുകളും തുറന്നു നൽകുമെന്നും എം.ഡി.പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.