Pathaan Movie : ദീപിക പദുക്കോണിന്റെ ബിക്കിനിയുടെ നിറം കാവി; പത്താൻ ബോയ്‌കോട്ട് ചെയ്യണമെന്ന് ആഹ്വാനം
Pathaan Movie Latest updates : ഭാരതത്തിന്റെ സംസ്ക്കാരത്തെ മാനിക്കാത്തത് കൊണ്ടാണ് ബോളിവുഡ് ചിത്രങ്ങൾ പരാജയം ആയി മാറുന്നതെന്നാണ് ചിലരുടെ അഭിപ്രായം.
ബോളിവുഡിൽ വീണ്ടും ബോയ്‌കോട്ട് ആഹ്വാനം. ഷാരൂഖ് ഖാൻ ചിത്രം പത്താന് എതിരെയാണ് ഇപ്പോൾ ബോയ്‌കോട്ട് ആഹ്വാനം ഉയർന്നിരിക്കുന്നത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗാനത്തിൽ ബിക്കിനിയിലാണ് ദീപിക പദുകോൺ എത്തിയത്. ഇതിൽ താരം ധരിച്ച ഒരു ബിക്കിനിയുടെ നിറം കാവിയാണെന്ന് പറഞ്ഞാണ് ബോയ്‌കോട്ട് ആഹ്വാാനം ഉയർന്നിരിക്കുന്നത്. കൂടാതെ ചിലർ ചിത്രത്തെ കന്നഡ ചിത്രം കാന്താരയുമായി താരതമ്യം ചെയ്തും രംഗത്ത് എത്തിയിട്ടുണ്ട്.
ഡിസംബർ 12 നാണ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടത്. വിശാലും ഷെയ്ഖറും ചേർന്ന് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയത് കുമാറാണ്. ശിൽപ റാവു, കരാലിസ മോണ്ടെറോ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ഗാനം യൂട്യൂബിൽ ട്രെൻഡിങ് ആയി തുടരുകയാണ്. അതിനിടയിലാണ് ബോയ്‌കോട്ട് ആഹ്വാനം ഉയർന്നിരിക്കുന്നത്. ഭാരതത്തിന്റെ സംസ്ക്കാരത്തെ മാനിക്കാത്തത് കൊണ്ടാണ് ബോളിവുഡ് ചിത്രങ്ങൾ പരാജയം ആയി മാറുന്നതെന്നാണ് ചിലരുടെ അഭിപ്രായം.
ഷാരൂഖ് ഖാന്റെ പിറന്നാളിനോട് അനുബന്ധിച്ച് പത്താൻ സിനിമയുടെ ടീസർ പുറത്തുവിട്ടിരുന്നു. അതി ഗംഭീര ആക്ഷൻ സീനുകളും കിങ് ഖാന്റെ സ്റ്റൈലുമാണ് ടീസറിലെ പ്രധാന ഘടകം. ഷാരൂഖിനെ പുറമെ ചിത്രത്തിൽ ദീപിക പദുകോണും ജോൺ എബ്രാഹമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമെ പത്താനിൽ സൽമാൻ ഖാൻ കേമിയോ വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം 2023 ജനുവരി 25ന് തീയറ്ററുകളിൽ എത്തും.
യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ അദിത്യ ചോപ്രായാണ് ചിത്രം നിർമിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ 50-ാമത്തെ ചിത്രമെന്ന് പ്രത്യേകതയും പത്താനുണ്ട്. വാർ, ബാങ് ബാങ് എന്നീ സിനിമകൾക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രമാണ് പത്താൻ. ഹിന്ദിയിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി റിലീസ് ചെയ്യും.
2018 ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അഭിനയ രംഗത്ത് നിന്നും കുറച്ച് നാൾ മാറി നിന്നിരുന്നു. 2023 ല്‍ റിലീസ് ചെയ്യുന്ന പത്താനിലൂടെയാണ് ഷാരൂഖ് ബോളീവുഡിലേക്ക് തന്‍റെ തിരിച്ച് വരവ് അറിയിക്കാൻ ഒരുങ്ങുന്നത്. കിംഗ് ഖാന്‍റെ തിരിച്ച് വരവിൽ ആരാധകർ വളരെയധികം കാത്തിരിക്കുകയാണ്. പത്താന്റെ ഒടിടി അവകാശം വൻ തുകയ്ക്ക് വിറ്റ് പോയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 200 കോടി രൂപയ്ക്കാണ് ഷാരൂഖ് ചിത്രത്തിന്റെ നിർമാതാക്കൾ ആമസോൺ പ്രൈമിന് ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് യാഷ് രാജ് ഫിലിംസ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...