Brahmastra Review : കണ്ണും പൂട്ടി പറയാം ഇത് ഇന്ത്യൻ സിനിമയുടെ മാർവൽ എന്ന്; ബ്രഹ്മാസ്ത്ര ഡീറ്റൈൽഡ് റിവ്യൂ
Brahmastra Review : മൗനി റോയി ഉൾപ്പെടുന്ന വില്ലൻ ഗ്രൂപ്പിനെക്കുറിച്ച് പോലും പല ചോദ്യങ്ങളും ബാക്കിയാക്കിയാണ് ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ അവസാനിക്കുന്നത്.
'ബ്രഹ്മാസ്ത്ര പാർട്ട് വൺ : ശിവ', ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രാവേഴ്സിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ശേഷം ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശിവയുടെ ജീവിതത്തിലേക്കാണ് കടക്കുന്നത്. ബ്രഹ്മാസ്ത്രയുടെ ട്രൈലറിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ഒരു സാധാരണ ജീവിതം നയിക്കുന്ന ശിവയുടെ ജീവിതത്തിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. അയാൾ തന്‍റെ ജീവിത യാത്രയ്ക്കിടയിൽ ഇഷ എന്ന പെൺകുട്ടിയെ കണ്ട് പ്രണയത്തിലാകുന്നതും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്.
അയാൻ മുഖർജിയുടെ മുൻ ചിത്രങ്ങൾക്ക് സമാനമായി നായികയുടെ കഥാപാത്രത്തിനും പ്രണയത്തിനും ബ്രഹ്മാസ്ത്രയിലും വളരെയധികം പ്രാധാന്യം ഉണ്ട്. ആലിയ ഭട്ടാണ് ഇഷ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വച്ചാണ് ആലിയ ഭട്ട് - രൺബീർ കപൂർ താരജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നത്. റിയൽ ലൈഫിൽ അവർക്കിടയിൽ സംഭവിച്ച ആ പ്രണയത്തിന്‍റെ സ്വാധീനം ചിത്രത്തിലെ പ്രണയ രംഗങ്ങൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. കേസരിയ എന്ന സൂപ്പർഹിറ്റ് പാട്ടും ചിത്രം കാണുന്ന പ്രേകഷകരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്.
ഇവർക്കിടയിലെ ഈ പ്രണയം തന്നെയാണ് ചിത്രത്തിന്‍റെ കഥാഗതിയിലെ ഒരു പ്രധാന വഴിത്തിരിവായി മാറുന്നതും. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ആവേശഭരിതമായ ക്ലൈമാക്സ് ഫൈറ്റിൽ പോലും ഈ പ്രണയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മേൽ പറഞ്ഞത് പോലെ പ്രണയവും, ചെറിയ നര്‍മ്മ രംഗങ്ങളുമൊക്കെയായി ഒരു പക്കാ ബോളിവുഡ് ചിത്രത്തിന്‍റെ സ്റ്റൈലിലാണ് ബ്രഹ്മാസ്ത്രയുടെ ആദ്യ പകുതി നീങ്ങുന്നത്. ചിത്രത്തിന്‍റെ പ്രധാന കഥയിലേക്ക് കടക്കുന്നത് രണ്ടാം പകുതിയിലാണ്. എന്നാൽ ആദ്യ പകുതിയിലും ചില ആവേശ്വോജ്വലമായ രംഗങ്ങൾ ഉണ്ട്. അതിൽ എടുത്ത് പറയേണ്ടത് നാഗാർജുനയുടെ കഥാപാത്രമാണ്. കുറച്ചേ ഉള്ളൂ എങ്കിലും മികച്ച രീതിയില്‍ ആ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്‍റെ റിലീസിന് മുൻപ് തന്നെ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായി മാറിയ ഷാരൂഖ് ഖാന്‍റെ അതിഥി വേഷമാണ്.
ബ്രഹ്മാസ്ത്രയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നായി ആ വേഷം മാറുന്നുണ്ട്. ചിത്രത്തിന്‍റെ തുടക്കത്തിൽ തന്നെ മൗനി റോയിയുടെ കൊടൂര വില്ലൻ കഥാപാത്രത്തെയും അവർക്കൊപ്പമുള്ള ദുഷ്ട ശക്തികളെയും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മൗനി റോയി തനിക്ക് കിട്ടിയ വേഷം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. വരും ദിവസങ്ങളിൽ രൺബീർ കപൂറിന്‍റെ കഥാപാത്രത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യാൻ സാധ്യതയുള്ളതും നിരവധി ഫാൻ തിയറികൾ ഉണ്ടാകാൻ പോകുന്നതും മൗനി റോയി അവതരിപ്പിച്ച ജുനൂൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാകും. ചിത്രത്തിന്‍റെ രണ്ടാം പകുതിയിലാണ് അമിതാബ് ബച്ചന്‍റെ കഥാപാത്രവും ഒപ്പം ചിത്രത്തിന്‍റെ പ്രധാന പ്ലോട്ടും രംഗത്ത് വരുന്നത്. എന്നാൽ ചിത്രത്തിന്‍റെ ആദ്യ പകുതിയിലെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്നായിരുന്ന പ്രണയം രണ്ടാം പകുതിയിൽ നെഗറ്റീവ് ആയി മാറുന്നുണ്ട്. രണ്ടാം പകുതിയിൽ ആദ്യ പകുതിയെക്കാൾ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും അവതരിപ്പിക്കുന്ന പ്രണയം വലിയൊരു കല്ലുകടിയായിരുന്നു. ഇതിന് പുറമേ ചിത്രത്തിന്‍റെ ദൈർഖ്യവും രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന വലിയൊരു നെഗറ്റീവാണ്.
എന്നാല്‍ ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ രംഗങ്ങളും 3ഡി എഫക്ടുകളും വിഎഫ്എക്സും വല്ലാത്തൊരു ദൃശ്യ ഭംഗി ചിത്രത്തിന് സമ്മാനിക്കുന്നുണ്ട്. ഒരുപക്ഷെ 2ഡിയിലാണ് ഈ ചിത്രം കാണുന്നതെങ്കിൽ പല രംഗങ്ങളും ആസ്വദിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ രണ്ടാം പകുതിയിൽ പോലും പല ചോദ്യങ്ങളും ബാക്കിയാക്കിയാണ് കഥ അവസാനിക്കുന്നത്. ചില രംഗങ്ങള്‍ വല്ലാത്ത ആശയക്കുഴപ്പവും ചോദ്യങ്ങളും പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുണ്ട്. മൗനി റോയി ഉൾപ്പെടുന്ന വില്ലൻ ഗ്രൂപ്പിനെക്കുറിച്ച് പോലും പല ചോദ്യങ്ങളും ബാക്കിയാക്കിയാണ് ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ അവസാനിക്കുന്നത്. രണ്ടാം ഭാഗം ഉടൻ ഉണ്ടാകും എന്ന ഒരു സൂചന തന്നുകൊണ്ടാണ് ഈ ചിത്രം അവസാനിപ്പിക്കുന്നത്. ഒരുപക്ഷെ രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകരെ കാത്തിരിപ്പിക്കാൻ തന്നെയാകാം പല കാര്യങ്ങളിലും ഒരു പൂർണത ഇല്ലാത്ത രീതിയിൽ ഈ ചിത്രം അവസാനിക്കുന്നത്.
എന്തായാലും ഇതിന് മുൻപ് മാർവൽ ചിത്രങ്ങളിൽ കണ്ട് ശീലിച്ചതിന് സമാനമായി വരും ദിവസങ്ങളിൽ പ്രേക്ഷകർക്കിടയിൽ ചിത്രത്തെപ്പറ്റി ഫാൻ തിയറീസ് ഉണ്ടാകാനും സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു ചർച്ചയായി മാറാനും സാധ്യതയുണ്ട്. ഇതിന് മുൻപ് ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങിയ സൂപ്പർ ഹീറോ ചിത്രങ്ങളായ ക്രിഷ്, എന്തിരൻ എന്നീ ചിത്രങ്ങളുടെ വലിയൊരു ന്യൂനത എന്നത് അവ നമ്മൾ കണ്ട് ശീലിച്ച പല ഹോളിവുഡ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്നും ചില ഐക്കോണിക് സിനിമകളിൽ നിന്നും പ്രചേദനം ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് എന്നതാണ്. എന്നാൽ ബ്രഹ്മാസ്ത്ര എന്ന ചിത്രം പൂർണമായും ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നും സൃഷ്ടിച്ച ഇന്ത്യൻ ഒറിജിനൽ സ്റ്റോറി ആണ്. ഇതുതന്നെയാണ് ബ്രഹ്മാസ്ത്രയുടെ ഏറ്റവും വലിയ പോസിറ്റീവ്. ഒരുപക്ഷെ ഈ ചിത്രം വിജയിക്കുകയാണെങ്കിൽ ഹോളിവുഡിലെ മാർവലിന് ബദലായി ഇന്ത്യയിൽ നിന്നും അസ്ത്രാവേഴ്സ് ഉയർന്ന് വരാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...