Bro Daddy Telugu Remake: `ബ്രോ ഡാഡി`ക്കും റീമേക്ക്; പ്രധാന വേഷങ്ങളിൽ ചിരഞ്ജീവിയും ശർവാനന്ദും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്
ചിരഞ്ജീവിയാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ വേഷത്തിൽ ശർവാനന്ദും മീനയായി തൃഷയും എത്തുന്നു.
മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന മലയാള ചിത്രങ്ങളുടെ എണ്ണം കൂടി വരികയാണ്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് കൂടുതലും റീമേക്കുകൾ വരുന്നത്. മോഹൻലാൽ ചിത്രം ലൂസിഫർ ഉൾപ്പെടെയുള്ളവ തെലുങ്കിലേക്ക് ഇതിനോടകം റീമേക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ കലാമൂല്യമേറിയ ചിത്രങ്ങൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോൾ അവിടുത്തെ പ്രേക്ഷകരെ രസിപ്പിക്കുന്ന ചേരുവകൾ കൂടി ചേർത്തുകൊണ്ടാണ് അവതരിപ്പിക്കുക. അവിടുത്തെ പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ മലയാളത്തിൽ സൂപ്പർഹിറ്റുകളായ ചിത്രങ്ങളുടെ റീമേക്കുകൾ വരുമ്പോൾ മലയാളികൾക്ക് പലപ്പോഴും അത് ഉൾക്കൊള്ളാൻ ആകില്ല. അതിന് പിന്നെ ട്രോളുകളും മറ്റും പുറത്തിറങ്ങാൻ തുടങ്ങും. ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനും അത്തരത്തിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നു.
ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ - പൃഥ്വിരാജ് ചിത്രം കൂടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിനാണ് റീമേക്ക് വരാൻ പോകുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, കനിഹ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലിന്റെയും മീനയുടെയും മകനായാണ് പൃഥ്വി അഭിനയിച്ചത്. ലാലു അലക്സിന്റെയും കനിഹയുടെയും മകളായി കല്യാണിയും വേഷമിട്ടു. ഈ കഥാപാത്രങ്ങൾക്ക് പകരം തെലുങ്കിൽ ആരൊക്കെയാണ് അഭിനയിക്കാൻ പോകുന്നതെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: Mammootty: ഇടുക്കി ജില്ലയിലേക്ക് ആശ്വാസം പദ്ധതിയുമായി നടൻ മമ്മൂട്ടി: പദ്ധതി നാടിന് സമർപ്പിച്ചു.
ചിരഞ്ജീവിയാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ വേഷത്തിൽ ശർവാനന്ദും മീനയായി തൃഷയും എത്തുന്നു. കല്യാണിയുടെ വേഷം ചെയ്യുന്നത് ശ്രീലീല എന്ന നടിയാണെന്നാണ് റിപ്പോർട്ട്. കല്യാൺ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളിൽ മറ്റൊരു ട്വിസ്റ്റുണ്ട്. മോഹൻലാലും പൃഥ്വിയും അച്ഛനും മകനുമായാണ് ബ്രോ ഡാഡിയിൽ എത്തുന്നത്. എന്നാൽ തെലുങ്കിലെത്തുമ്പോൾ ഇവർ സഹോദരങ്ങളാകുമെന്നാണ് ലഭിക്കുന്ന വിവരം. ചിരഞ്ജീവി തന്നെയാണ് ഇത്തരത്തിലൊരു മാറ്റം നിര്‍ദേശിച്ചതെന്ന് ഒടിടി പ്ലേ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.
ചിരഞ്ജീവിയുടെ മകൾ സുശ്മിത കൊനിഡേലയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. അജിത് നായകനായ ചിത്രം വേതാളത്തിന്റെ റീമേക്കിലും ചിരഞ്ജീവിയാണ് നായകൻ. ഭോല ശങ്കർ എന്നാണ് ചിത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. മെഹർ രമേശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമന്ന, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...