Butta Bomma Movie: `സത്യ`യായി അനിഘ; കപ്പേള തെലുങ്ക് റീമേക്ക് `ബുട്ട ബൊമ്മ`യുടെ ഫസ്റ്റ് ലുക്ക്
`ബുട്ട ബൊമ്മ` എന്നാണ് കപ്പേളയുടെ തെലുങ്ക് റീമേക്കിന് പേര് നൽകിയിരിക്കുന്നത്
അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2020ൽ പുറത്തിറങ്ങിയ ചിത്രമാണ് കപ്പേള. നടൻ മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ചിത്രം. കൊവിഡിന് തൊട്ട് മുൻപാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. അത് കൊണ്ട് തന്നെ പ്രേക്ഷകർ കണ്ട് തുടങ്ങും മുന്‍പ് തന്നെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. എന്നാൽ ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയതോടെ ട്രെൻഡിങ് ആകുകയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു.
കപ്പേള തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. കപ്പേളയുടെ തെലുങ്കില്‍ നായികയാവുന്നത് അനിഖ സുരേന്ദ്രന്‍ ആണ്. 'ബുട്ട ബൊമ്മ' എന്നാണ് കപ്പേളയുടെ തെലുങ്ക് റീമേക്കിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലു, നാനി ചിത്രം ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാള ചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആണ്. പുറത്തു വിട്ട പോസ്റ്ററിൽ അനിഖയുടെ കഥാപാത്രത്തെ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. സത്യ എന്ന കഥാപാത്രമായാണ് അനിഘയെത്തുന്നത്.
Also Read: Kappela | കപ്പേള തമിഴിലേക്കും, റീമേക്ക് അവകാശം സ്വന്തമാക്കി ഈ സംവിധായകൻ
ചിത്രത്തിന്റെ തമിഴ് റീമേക്ക് (Tamil Remake) സ്വന്തമാക്കിയിരിക്കുന്നത് സംവിധായകനും നടനുമായ ഗൗതം മേനോൻ (Gautham Vasudev Menon) ആണ്. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് കപ്പേള നിര്‍മ്മിച്ചത്. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മുസ്തഫ തന്നെയായിരുന്നു രചന നിര്‍വ്വഹിച്ചത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആയിരുന്നു. സംഗീതം സുഷിന്‍ ശ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...