CBI 5; The Brain Box Office: വിദേശ മാർക്കറ്റുകളിലും `അയ്യർക്ക്` വിജയം തന്നെ, 9 ദിവസത്തിനിടെ നേടിയ കളക്ഷൻ ഇങ്ങനെ
കേരളത്തിൽ മാത്രമല്ല വിദേശ മാർക്കറ്റുകളിലും ചിത്രം വൻ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരിക്കുകയാണ്
സേതുരാമയ്യരുടെ അഞ്ചാമത്തെ വരവ് ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്. ഈ വർഷം പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു സിബിഐ 5; ദി ബ്രെയിൻ. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല വിദേശ മാർക്കറ്റുകളിലും ചിത്രം വൻ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് കളക്ഷൻ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
റിലീസായി ആദ്യ ഒമ്പത് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രം സിബിഐ 5 നേടിയത് 17 കോടി രൂപയാണ്. സിബിഐ സീരീസിലെ അഞ്ചാം പതിപ്പിനായി പ്രേക്ഷകരില്‍ ഉണ്ടായിരുന്ന കാത്തിരിപ്പ് എത്രത്തോളമായിരുന്നു എന്നതിന്‍റെ തെളിവാണ് ഈ കണക്ക്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് ഇത് ഏറ്റവും മികച്ച കളക്ഷനാണ്.
മെയ് ഒന്നിനാണ് സിബിഐ 5 തിയേറ്ററുകളിൽ എത്തിയത്. വൻ താരനിരയും വമ്പൻ ട്വിസ്റ്റുകളുമായി എത്തിയ ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മുൻപ് നാല് തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളി പ്രേക്ഷകർ. അഞ്ചാം വരവും ആരാധകർ ആഘോഷമാക്കിയിരുന്നു. ജഗതി ശ്രീകുമാർ, രഞ്ജി പണിക്കർ, സായ്കുമാർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, ആശാ ശരത്ത്, അൻസിബ, സ്വാസിക, മാളവിക തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
നാളുകൾക്ക് ശേഷം നടൻ ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായാണ് തിരിച്ചെത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...