`ഛയ്യ ഛയ്യ` പാട്ട് ആദ്യം പ്ലാൻ ചെയ്തത് ഷാരൂഖ് ഖാനെ വച്ചല്ല..! ; ഗാനരചയിതാവ് ഗുൽസറിന്‍റെ വെളിപ്പെടുത്തൽ
ബുള്ളെ ഷായുടെ ഒരു പഴയ സൂഫി ഗാനമായ `ധയ്യ ധയ്യയിൽ` നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് ഗുൽസർ `ഛയ്യ ഛയ്യ` എന്ന ഗാനത്തിന് വരികൾ എഴുതിയത്. ഗുൽസറിന്‍റെ മനോഹരമായ വരികൾക്ക് എ.ആർ റഹ്മാൻ സംഗീതം പകർന്നതോടെ `ഛയ്യ ഛയ്യ` എന്ന മികച്ച ഗാനം പിറന്നു.
ഇന്ന് വിഖ്യാത സംവിധായകൻ മണിരത്നത്തിന്‍റെ 66 ആം ജന്മദിനമാണ്. അദ്ദേഹത്തിന്‍റെ ഹിന്ദി തമിഴ് ഭാഷകളിലായി പുറത്തിറങ്ങിയിട്ടുള്ള നിരവധി ചിത്രങ്ങൾ 6 ദേശീയ പുരസ്കാരങ്ങൾ മണി രത്നത്തിന് നേടി കൊടുത്തിട്ടുണ്ട്. ഗുരു, റോജ, ഇരുവർ തുടങ്ങി അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ മികച്ച നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷക പിൻതുണയും നേടി വലിയ വിജയങ്ങൾ ആയി മാറി. അദ്ദേഹത്തിന്‍റെ മറക്കാനാകാത്ത ചിത്രങ്ങളിൽ ഒന്നാണ് ഷാരൂഖ് ഖാൻ, പ്രീതി സിന്‍റ, മനീഷ കൊയിരാള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി 1998 ൽ പുറത്തിറങ്ങിയ 'ദിൽ സേ'. ഒരേ സമയം ഹിന്ദിയിലും തമിഴിലും പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഒട്ടനവധി മനോഹരമായ ഗാനങ്ങൾ ഉണ്ട്.
അവയിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് 'ഛയ്യ ഛയ്യ' എന്ന പാട്ട്. ഇന്ത്യയിൽ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പോപുലർ ആയ ഈ പാട്ട് ഒരുപാട് ഹോളീവുഡ് സിനിമകളിലും ഇന്ത്യൻ റെഫറൻസ് ആയി ഉപയോഗിച്ചിട്ടുണ്ട്. പാട്ടിന്‍റെ മനോഹാരിത മാത്രമല്ല കണ്ണിന് കുളിർമ്മ പകരുന്ന നല്ല ദൃശ്യങ്ങളും 'ഛയ്യ ഛയ്യയുടെ' ഭംഗി ആണ്. ഈ പാട്ടിൽ ട്രെയിനിന് മുകളിൽ നിന്ന് മലൈക അറോറയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ഷാരൂഖ് ഖാന്‍റെ സ്ക്രീൻ പ്രെസൻസും ഊർജ്ജവും കണ്ട് അദ്ദേഹത്തിന്‍റെ ആരാധകർ ആയി മാറിയ ഒരുപാട് ഷാരൂഖ് ഫാൻസ് ഉണ്ട്. എന്നാല്‍ ഈ പാട്ടിന് ചുവട് വയ്ക്കാൻ മണിരത്നം ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ അല്ല. 'ഛയ്യ ഛയ്യ' എന്ന പാട്ടിന് വരികൾ എഴുതിയ പ്രശസ്ത കവി ഗുൽസർ ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
Read Also: ടൂറിസം മേഖലയിൽ കുതിപ്പ്; സംസ്ഥാനത്ത് ഡെസ്റ്റിനേഷൻ ചലഞ്ചിന് തുടക്കമാവുന്നു
ബുള്ളെ ഷായുടെ ഒരു പഴയ സൂഫി ഗാനമായ 'ധയ്യ ധയ്യയിൽ' നിന്ന് പ്രചേദനം ഉൾക്കൊണ്ടാണ് ഗുൽസർ 'ഛയ്യ ഛയ്യ' എന്ന ഗാനത്തിന് വരികൾ എഴുതിയത്. ഗുൽസറിന്‍റെ മനോഹരമായ വരികൾക്ക് എ.ആർ റഹ്മാൻ സംഗീതം പകർന്നതോടെ 'ഛയ്യ ഛയ്യ' എന്ന മികച്ച ഗാനം പിറന്നു. എന്നാൽ ഈ പാട്ട് ട്രെയ്നിന് മുകളിൽ ഒരു കൂട്ടം ഫകീറുമാരെ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ചിത്രീകരിക്കാനായിരുന്നു സംവിധായകൻ മണി രത്നം ആദ്യം തീരുമാനിച്ചിരുന്നത്. ആ സമയത്താണ് ചിത്രത്തിലെ നായകനായ ഷാരൂഖ് ഈ പാട്ട് കേൾക്കാനിടയായത്.
പാട്ടിൽ വളരെയധികം ആകൃഷ്ടനായ അദ്ദേഹം തനിക്ക് ഈ പാട്ടിന് ചുവട് വച്ചാൽ കൊള്ളാം എന്ന ആഗ്രഹം മണി രത്നത്തെ അറിയിച്ചു. അദ്ദേഹം പാട്ടിന്‍റെ രചയിതാവായ ഗുൽസറിനോട് അഭിപ്രായം ചോദിച്ചറിഞ്ഞു. അദ്ദേഹം ആ ആശയം നല്ലത് ആകുമെന്ന് പറഞ്ഞതോടെയാണ് മലൈക അറോറയെയും ഷാരൂഖ് ഖാനെയും മുൻനിർത്തി ഈ പാട്ട് ചിത്രീകരിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 2017 ലാണ് ഗുൽസർ ഈ കാര്യം വെളിപ്പെടുത്തിയത്. ഈ പാട്ടിന് ഫറാ ഖാന് ആ വർഷത്തെ മികച്ച കൊറിയോഗ്രാഫറിനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു.
Read Also: KGF Chapter 2 OTT Release : കാത്തിരുപ്പുകൾക്കൊടുവിൽ കെജിഎഫ് ചാപ്റ്റർ 2 ഒടിടിയിലെത്തുന്നു
സന്തോഷ് ശിവന്‍റെ ക്യാമറാക്കണ്ണുകൾ ആണ് ഈ പാട്ടിന്‍റെ ദൃശ്യ ഭംഗി പകർത്തി എടുത്തത്. ഷാരൂഖ് ഖാൻ അവതരിപ്പിച്ച അമർകാന്ത് വർമ്മ എന്ന റേഡിയോ ബ്രോഡ്കാസ്റ്ററിനെ കേന്ദ്രീകരിച്ചാണ് 'ദിൽ സേയുടെ' കഥ മുന്നോട്ട് പോകുന്നത്. അദ്ദേഹം ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ഭാഗത്ത് ഒരു അസൈൻമെന്‍റിന്‍റെ ഭാഗമായി എത്തുമ്പോൾ മനീഷ കൊയിരാള അവതരിപ്പിച്ച മേഖ്ന എന്ന തീവ്രവാദിയുമായി പ്രണയത്തിലാകുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...