Member Rameshan 9aam Ward: കോമഡി ഹിറ്റ് ചിത്രം `മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്` ടിവി പ്രീമിയർ സീ കേരളത്തില്‍
അർജുൻ അശോകൻ നായകനായ ചിത്രമാണ് `മെമ്പർ രമേശൻ 9-ാം വാർഡ്`. നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണിത്.
കൊച്ചി: രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഴുനീള കോമഡി ഒരുക്കി തിയറ്ററുകളില്‍ തരംഗമായി മാറിയ മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയര്‍ മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലൂടെ. നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ഫണ്‍ പാക്ക്ഡ് ചിത്രത്തിലെ നായകന് യുവതാരം അര്ജുന് അശോകന് ആണ്. ഹാസ്യ അവതാരങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ഹരിശ്രീ അശോകന്റെ മകനായ അര്ജുന് നായക വേഷത്തിലെത്തിയ ആദ്യ ചിത്രം കൂടിയാണ് മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്. സൗഹൃദം, പ്രണയം, ഉത്തരവാദിത്തങ്ങൾ, രാഷ്ട്രീയം തുടങ്ങി എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
Read Also: 'ദി കശ്മീര്‍ ഫയല്‍സ്' നാളെ മുതൽ ഒടിടിയിൽ; എവിടെ, എങ്ങനെ കാണാം?
യുവ രാഷ്ട്രീയ നേതാവായുള്ള ഒഎം രമേശന്റെ അപ്രതീക്ഷിത അരങ്ങേറ്റവും തുടര്‍ന്നുള്ള ജീവിതവുമാണ് ചിത്രം പറയുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങളുമായി പ്രേക്ഷകരെ ബന്ധിപ്പിക്കാന്‍ അനായാസം സാധിക്കുന്ന സിനിമ, രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ ലളിതവും വ്യക്തവുമായി ചിത്രീകരിച്ചിട്ടുണ്ട്. ഉത്തരവാദിത്തമുള്ള മകന്, സ്നേഹമുള്ള സഹോദരന്, സ്വപ്നങ്ങളുള്ള കാമുകന്, രാഷ്ട്രീയത്തില്‍ പെട്ടു പോയ ചെറുപ്പക്കാരന് എന്നിങ്ങനെ വിവിധ അവസ്ഥകളിലൂടെ കടന്നു പോകുന്ന രമേശന്റെ കഥാപാത്രത്തെ അര്ജുന് മികവുറ്റതാക്കി. ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന നിസ്സഹായനായ അച്ഛനായി പതിവുപോലെ ഇന്ദ്രന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു. ചെമ്പന്‍ വിനോദ് ജോസ്, ശബരീഷ് വര്‍മ, സാബുമോന് അബ്ദുസമദ്, മാമുക്കോയ, ഗായത്രി അശോക്, സാജു കൊടിയന്‍, അനൂപ് പന്തളം എന്നിവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഏറ്റവും പുതിയ ഹിറ്റ് സിനിമകളുടെ ടിവി പ്രീമിയറില്‍ മുന്നിലുള്ള സീ കേരളം പ്രേക്ഷകര്‍ക്കായി എപ്പോഴും പുതുമകളാണ് കരുതിവച്ചിരിക്കുന്നത്. ഓപ്പറേഷന് ജാവ, ചതുര്‍മുഖം, ലാല്‍ബാഗ്, ആഹാ, എല്ലാം ശരിയാകും, തലൈവി, കുഞ്ഞെല്‍ദൊ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ ടിവി റിലീസുകളിലൂടെ സീ കേരളത്തിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈ പുതിയ റിലീസും കുടുംബ പ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്. മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മെയ് 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സീ കേരളം ചാനലില്‍ കാണാം.