Barroz Movie: റിലീസ് തീയതി കേട്ടതും അറിയാതെ ദൈവമേ എന്ന് വിളിച്ച് പോയി, കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല....
Barroz Movie: സംവിധായകൻ ഫാസിലാണ് ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പ്രിയനടൻ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന 'ബറോസ്' അടുത്തമാസം ക്രിസ്മസ് ദിനത്തിൽ തിയറ്ററുകളിലെത്തും. സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വീഡിയോയിലൂടെയാണ് ബറോസിന്റെ റിലീസ് ഫാസില്‍ പ്രഖ്യാപിച്ചത്.
സിനിമയുടെ റിലീസ് തീയതിയും മോഹൻലാലിന്റെ സിനിമ ജീവിതവുമായി അടുത്തൊരു ബന്ധമുണ്ടെന്ന് ഫാസിൽ പറഞ്ഞു. റീലീസിങ് തീയതി കേട്ട് താൻ വിസ്മയിച്ചു പോയെന്നും മോഹൻലാലിനോട് ഇതു പറഞ്ഞപ്പോൾ അദ്ദേഹവും പതിമടങ്ങ് വിസ്മയിച്ചെന്നും ഫാസിൽ പറയുന്നു.
ഫാസിലിന്റെ വാക്കുകൾ;
'മലയാളത്തിന്‍റെ പ്രിയങ്കരനായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത ബറോസ് എന്ന സിനിമയുടെ അലങ്കാരങ്ങളും ഒരുക്കങ്ങളുമെല്ലാം പൂര്‍ണമായിരിക്കുന്നു. ഗുരുസ്ഥാനത്ത് ഉള്ളവരെ നേരില്‍പോയി കണ്ട് അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവരെക്കൊണ്ട് വിളക്ക് കൊളുത്തിക്കൊണ്ടാണ് ഈ സിനിമ തുടങ്ങുന്നത് തന്നെ. നീണ്ട 700 ദിവസങ്ങളിലെ കഠിന പരിശ്രമങ്ങളുടെയും കഠിനാധ്വാനത്തിന്‍റെയും ആകെത്തുകയാണ് ബറോസ് എന്ന ബ്രഹ്മാണ്ഡ ചിത്രം.
ഇന്നലെ മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വം ചോദിച്ചു, ബറോസ് സിനിമയുടെ റിലീസ് തിയതി ഔദ്യോഗികമായി അനൗണ്‍സ് ചെയ്‌ത് തരുമോ എന്ന്. കൗതുകത്തോടെ ഞാന്‍ ചോദിച്ചു, എന്നാ റിലീസ്. മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞതോടുകൂടി വല്ലാണ്ട് ഞാന്‍ വിസ്‌മയിച്ചു പോയി. മുന്‍ധാരണയും ഒരുക്കവുമില്ലാതെയാണ് റിലീസ് തിയതി തീരുമാനിച്ചതെങ്കില്‍പോലും അതെന്തൊരു ഒത്തുച്ചേരല്‍ ആണ്. നിമിത്തമാണ്, പൊരുത്തമാണ്, ഗുരുകടാക്ഷമാണെന്ന് തോനിപ്പോയി. എന്‍റെ തോന്നല്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എന്നെക്കാള്‍ പതിന്മടങ്ങ് വിസ്‌മയിച്ചു പോയി. കുറേ നേരത്തേക്ക് മിണ്ടാട്ടമില്ല, അറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി പിന്നെ സഹധര്‍മിണി സുചിയെ വിളിക്കുന്നു. ആന്‍റണിയെ വിളിക്കുന്നു. ആന്‍റണി എന്നെ വിളിക്കുന്നു. എല്ലാവര്‍ക്കും ഇതെങ്ങനെ ഒത്തുച്ചേര്‍ന്നു വന്നു എന്നൊരുദ്ഭുതമായിരുന്നു. സംഗതി ഇതാണ്. മോഹന്‍ലാല്‍ എന്ന 19 വയസുകാരനെ ഇന്നറിയുന്ന മോഹന്‍ലാല്‍ ആക്കി മാറ്റിയത്, മഞ്ഞില്‍ വിരഞ്ഞ പൂക്കളെന്ന സിനിമയാണ്. അക്കാലത്ത് പ്രേക്ഷകര്‍ റിപ്പീറ്റ് ചെയ്‌ത് കണ്ട സൂപ്പര്‍ ഹിറ്റ് സിനിമയാണ്. സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. മലയാള സിനിമയുടെ ഗതി തന്നെ മാറ്റി വിട്ട സിനിമയാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ലഭിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ചെയ്ത മറ്റൊരു സിനിമ.
അത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാളും ജനങ്ങള്‍ ആവര്‍ത്തിച്ചുകണ്ടു. അതൊരു മെഗാ ഹിറ്റായി. ആ സിനിമ കാലാതീതമാണെന്ന് പറയപ്പെട്ടു. കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും ലഭിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത് 1980 ഡിസംബര്‍ 25നാണ്. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബര്‍ 25നാണ്. 1993 ഡിസംബര്‍ 25. മോഹന്‍ലാലിന്റെ ബറോസും റിലീസ് ചെയ്യാന്‍ പോകുന്നത് ഒരു ഡിസംബര്‍ 25നാണ്. ഒന്നാലോചിച്ച് നോക്കൂ... നാലരപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയില്‍ മുത്തി മുത്തി പഠിച്ചെടുത്ത അനുഭവങ്ങള്‍ കൊണ്ട് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ... മോഹന്‍ലാലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായ ദിവസവുമായി ആകസ്മികമായി ഒത്തുവരുന്നു. മഞ്ഞില്‍ വിരിഞ്ഞ നടന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ഔദ്യോഗികമായി പറയണമെന്നാവശ്യപ്പെട്ട് നീണ്ട നാല്‍പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സംവിധായകനെ തന്നെ വിളിക്കുകയാണ്. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നല്ലാതെ വേറെന്താ പറയേണ്ടത്. എനിക്ക് തോന്നുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളേക്കാള്‍ മണിച്ചിത്രത്താഴിനേക്കാള്‍ വളരെ വളരെ വളരെ ഉയരെ നില്‍ക്കുന്ന ഒരു അതുല്യ കലാസൃഷ്ടിയാകും ബറോസ് എന്നാണ്. ഏറ്റവും കുറഞ്ഞ പക്ഷം ബറോസ് ഒരു ആഗോള ഇതിഹാസ സിനിമയായി മാറട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. അതിനായി ഹൃദയത്തില്‍തൊട്ട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. മോഹന്‍ലാലിനും മോഹന്‍ലാലിന്റെ ടീമിനും എല്ലാ നന്മകളും നേരുന്നു.'
ഒരു ഫാന്റസി ചിത്രമാണ് ബറോസ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുന്നു. കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ബറോസ് സിനിമയുടെ ത്രീഡി ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.