Drishyam 2 Review : ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ; ഒറിജിനലിനെ വെല്ലുന്ന ഹിന്ദി പതിപ്പ്; ദൃശ്യം 2 റിവ്യൂ
Drishyam 2 Hindi Movie Review അക്ഷയ് ഖന്ന ആയിരുന്നു മുരളി ഗോപി അവതരിപ്പിച്ച് മികച്ചതാക്കിയ ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചിരിക്കുന്നത്
മലയാളത്തിലെ ദൃശ്യം 2 പുറത്തിറങ്ങിയപ്പോൾ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്‍റെ തീയറ്റർ അനുഭവം നഷ്ടമായതിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ മലയാളികൾക്ക് ലഭിക്കാതെ പോയ ഭാഗ്യം ഇപ്പോൾ ലഭിച്ചിരിക്കുന്നത് ബോളിവുഡ് സിനിമാ പ്രേമികൾക്കാണ്. നവംബർ 18 നാണ് അജയ് ദേവ്ഗണിനെ നായകനാക്കി മലയാളത്തിലെ ദൃശ്യം 2 ന്‍റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ദൃശ്യം 2 എന്ന് തന്നെയാണ് ചിത്രത്തിന്‍റെ പേര്. 2015 ൽ മലയാളത്തിലെ ദൃശ്യത്തിന്‍റെ റീമേക്കും അജയ് ദേവ്ഗണിനെ നായകനാക്കി പുറത്ത് വന്നിരുന്നു. അന്ന് വലിയ ബോക്സ് ഓഫീസ് വിജയം ഒന്നും ആയില്ലെങ്കിലും ചിത്രത്തിന് നോർത്ത് ഇന്ത്യയിൽ വലിയ ഫാൻ ബേസ് ഉണ്ടായി. അതിന്‍റെ തെളിവാണ് ദൃശ്യം 2 ന് ഇന്ത്യ മുഴുവൻ ലഭിക്കുന്ന മികച്ച പ്രേക്ഷക സ്വീകാര്യത.
രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച് മികച്ചതാക്കിയ ഐജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അക്ഷയ് ഖന്ന ആയിരുന്നു. ഐ.ജി തരുൺ അഹ്ലാവത് എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്. ഇൻവസ്റ്റിഗേഷൻ, ത്രില്ലർ മൂഡിലുള്ള ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാറുള്ള അഭിനേതാവാണ് അക്ഷയ് ഖന്ന. അദ്ദേഹത്തിന്‍റെ തന്നെ മുൻ ചിത്രങ്ങളായ ഇത്തെഫാക്, സെക്ഷൻ 375 എന്നീ ചിത്രങ്ങളിൽ ഇതിന് ഉദ്ദാഹരണമാണ്. ദൃശ്യം 2 വിലേക്ക് വരുമ്പോഴും അതേ മികവ് പുലർത്താൻ അദ്ദേഹത്തിനായിട്ടുണ്ട്. നല്ലൊരു ബില്ഡപ്പോടെ ഈ കഥാപാത്രത്തെ തുടക്കത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്‍റെ അവസാനം ഐ.ജി തരുൺ അഹ്ലാവത്തിന്‍റെ പ്രാധാന്യം വളരെയധികം കുറഞ്ഞ് പോയത് പോലെ അനുഭവപ്പെട്ടു.
മലയാളത്തിലെ ദൃശ്യം 2 അതേപോലെ പകർത്താതെ നിരവധി മാറ്റങ്ങൾ വരുത്തിയായിരുന്നു ഹിന്ദിയിലെ ദൃശ്യം 2 ന്‍റെ അവതരണം. എന്നാൽ മലയാളത്തിൽ പ്രേക്ഷകരിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയ പല രംഗങ്ങളും അതേ തീവ്രതയോടെ ഹിന്ദിയിൽ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ തർക്ക വിഷയമാണ്.
ഹിന്ദി ദൃശ്യം 2 ൽ എടുത്ത് പറയേണ്ടത് അതിന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. പ്രത്യേകിച്ച് ചിത്രത്തിന്‍റെ ടൈറ്റിൽ സോങ്ങ്. ഹിന്ദി ആദ്യ ഭാഗത്തിന്‍റെ രംഗങ്ങൾ പ്രേക്ഷകരെ ചിത്രങ്ങളിലൂടെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ടൈറ്റിൽ സോങ്ങ് കാണികളിൽ ഒരു പ്രത്യേക രോമാഞ്ചം ഉണ്ടാക്കുന്നത് ആയിരുന്നു. ജോർജുകുട്ടിയും കുടുംബവും ചെയ്ത തെറ്റിന്‍റെ പേരിൽ പിന്നീടുള്ള ജീവിതത്തിലും അവർ ബുദ്ധിുട്ടുന്നതായി മലയാളത്തിലെ ദൃശ്യം 2 വിൽ കാണിച്ചപ്പോള്‍ ഹിന്ദിയിലേക്ക് വരുമ്പോൾ നായകനും കുടുംബവും സന്തോഷകരമായ മറ്റൊരു ജീവിതം നയിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് പ്രേക്ഷകരിൽ എന്ത് തരത്തിലുള്ള സന്ദേശമാണ് പകരുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്. എങ്കിലും മലയാളത്തിലെ ദൃശ്യം 2 ന്‍റെ ആത്മാവ് ഒട്ടും തന്നെ ചോർന്ന് പോവാതെ നല്ല രീതിയിൽത്തന്നെ സ്ക്രീനിലെത്തിച്ച ഒരു റീമേക്കായിരുന്നു ഹിന്ദി ദൃശ്യം 2.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...