22 വർഷം, ഒരാൾക്ക് ഇങ്ങനെ കാത്തിരിക്കാൻ സാധിക്കുമോ? ഒന്നോ രണ്ടോ ശ്രമത്തിൽ നമ്മുടെ ഒരു ആഗ്രഹം സഫലമായില്ലെങ്കിൽ നമ്മൾ അത് ഉപേക്ഷിച്ച് പോകാറാണ് പതിവ്. എന്നാൽ ഇവിടെ മലയാളം സിനിമയിൽ, അതും ടൈറ്റ് കോംപറ്റീഷനുകൾക്കിടയിൽ പിടിച്ച് നിന്ന്, ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ സൂപ്പർ സെബാസ്റ്റ്യൻ എന്ന കഥാപാത്രം ചെയ്ത് സൂപ്പർ ഹീറോയായി മാറിയ ഒരാളുണ്ട്- പ്രശാന്ത് അലക്സാണ്ടർ. തോൽവിയും നഷ്ടങ്ങളും ഒന്നും അവസാനമല്ലയെന്ന് തന്റെ ജീവിതത്തിലൂടെ, ജീവിച്ച് കാണിച്ച് തന്നിരിക്കുകയാണ് പ്രശാന്ത് അലക്സാണ്ടർ. നീണ്ട കരിയറിനൊടുവിൽ ഒരു നായകനായി, അതും ആരും കൊതിക്കുന്ന ഒരു വേഷത്തിലൂടെ 'ഞാൻ പ്രശാന്ത് അലക്സാണ്ടർ, കഴിഞ്ഞ 22 വർഷമായി ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു എന്ന് വിളിച്ച് പറയുകയാണ്'. തന്റെ 22 വർഷത്തെ സിനിമ ജീവിതവും പുരുഷപ്രേതം സിനിമയുടെ വിശേഷങ്ങളും സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിക്കുകയാണ് പ്രശാന്ത് അലക്സാണ്ടർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരിക്കും സൂപ്പർ സെബാസ്റ്റ്യന് വേണ്ടി ഇത്രയും നാളും കാത്തിരിക്കുകയായിരുന്നോ?


സൂപ്പർ സെബാസ്റ്റ്യൻ എന്റെ കരിയറിൽ എന്നെങ്കിലും സംഭവിക്കുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അതുപോലെയുള്ള ഒരു കഥാപാത്രത്തിന് വേണ്ടി മാത്രം ഞാൻ  കാത്തിരുന്നിട്ടില്ല. കാരണം എന്റെ പാഷനും പ്രൊഫഷനും കരിയറും എല്ലാം സിനിമയാണ്. സിനിമയോടുള്ള അഭിനിവേശത്തിനോടൊപ്പം നമുക്ക് ജീവിക്കുകയും വേണം. എന്റെ ഉപജീവന മാർഗം സിനിമയാണ്. അതുപോലെ തന്നെ എനിക്ക് സിനിമ മാത്രമെ അറിയു. വേറെ ഒരു ജോലി ചെയ്യാൻ അറിയില്ല. അപ്പോൾ ആ സിനിമയിൽ നിന്നും വരുമാനം കിട്ടണം. എന്നാലെ ജീവിതം മുന്നോട്ട് പോകയുള്ളൂ. അപ്പോൾ സിനിമയിൽ നിന്നും വരുമാനം കൃത്യമായി നേടിയെടുക്കുക എന്ന മാത്രമായിരുന്ന എന്റെ പരിഗണന. അതുകൊണ്ടാണ് ഞാൻ പറയുന്നത്, പുരുഷ പ്രേതത്തിലെ സൂപ്പർ സെബാസ്റ്റ്യാന് വേണ്ടി എന്റെ ജീവിതത്തിൽ ഒരു കാത്തിരിപ്പുണ്ടായിട്ടില്ല.


ALSO READ : Kadaseela Biriyani | 'ജൊഹാൻ കറിയയെ കണ്ട് വിജയ് സേതുപതി വിളിച്ച് അഭിനന്ദിച്ചപ്പോൾ എന്റെ കിളിപോയി' ; കടസീലെ ബിരിയാണി സിനിമയുടെ വിശേഷവുമായി ഹക്കിം ഷാജഹാൻ


എന്നാൽ സിനിമയാണ് എന്റെ വരുമാനം എന്ന് കരുതി ജീവിക്കുമ്പേഴും ഞാൻ ചാൻസുകൾ ചോദിക്കുന്നതും വളരെ സെലക്ടീവായിരുന്നു. എന്റെ ഉള്ളിൽ ഞാൻ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സംവിധായകർ, തിരക്കഥാകൃത്തുക്കൾ, അഭിനേതാക്കൾ എന്നിങ്ങനെ മുൻഗണന നൽകിയാണ് ഞാൻ സിനിമകൾ തിരഞ്ഞെടുത്തിരുന്നതും. അതിന്റെ അർഥം എന്റെ കൈയ്യിൽ ഒരുപാട് പണം ഉണ്ടെന്നല്ല. പക്ഷെ എന്റെ ജീവിതത്തിലെ ആഗ്രഹങ്ങളാണ്, അത് എന്റെ ഇഷ്ടത്തിനനുസരിച്ച് പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിച്ചു.



അങ്ങനെ ഒരോ ഇടവേളകളിലായി എനിക്ക് സിനിമകൾ ലഭിച്ചുകൊണ്ടിരുന്നു. പക്ഷെ എന്റെ ആഗ്രഹം കൂടുതൽ പേർ ശ്രദ്ധിക്കുന്ന തലത്തിലുള്ള നല്ല വേഷങ്ങൾ ചെയ്യുക എന്നാണ്. എന്നെ സംബന്ധിച്ച് ഞാൻ സിനിമയിൽ വളരെ പതിയെയാണ് ബന്ധങ്ങൾ സ്ഥാപിച്ചത്. അപ്പോൾ ഇതുപോലെയുള്ള വളരെ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാൻ ഒരുപാട് സമയമെടുക്കും. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, നമ്മൾ നമുക്ക് അത് നൽകുന്നവരിൽ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കണം. അങ്ങനെ നമുക്ക് ഇൻഡിവിജ്ജ്വലായിട്ടുള്ള വേഷം ചെയ്തെടുക്കാൻ സാധിക്കും. അതിന്റെ അർഥം പ്രധാനകഥാപാത്രമായി എത്തുമെന്നല്ല. ആദ്യം ഒരു സീനായിരിക്കും, പിന്നെ അത് രണ്ട് മൂന്നായി വളർന്ന് മുഴുനീള കഥാപാത്രം ലഭിക്കും. എന്നാൽ ചില ഘട്ടങ്ങളിൽ ജീവിതകാലം മുഴുവനും മൂന്നും നാലും സീൻ മാത്രമായിട്ടുള്ള ഒരു നടനായി തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നും ഓർക്കണം.


അപ്പോൾ പറഞ്ഞത് പോലെ ഞാൻ സൂപ്പർ സെബാസ്റ്റ്യനായി കാത്തിരുന്നിട്ടില്ല. എന്നാൽ നല്ല സിനിമയ്ക്ക് വേണ്ടി അല്ലെങ്കിൽ നല്ലൊരു കഥാപാത്രത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ട്. സത്യം പറഞ്ഞാൽ ഈ വേഷങ്ങൾ നേടിയെടുക്കുക അല്ലെങ്കിൽ ലഭിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. 2015ൽ അക്ഷൻ ഹീറോ ബിജുവിനെ ശേഷമാണ് ഞാൻ കൂടുതൽ പേരോട് വേഷങ്ങൾ അങ്ങോട്ട് ചോദിക്കാനും ആവശ്യപ്പെടാനും തുടങ്ങിയത്. അതിലെ പൊറ്റക്കുഴി ജോസ് എന്ന കഥാപാത്രം എല്ലാവർക്കും ഇഷ്ടമായത് കൊണ്ട് സമാനമായ വേഷങ്ങൾ ചെയ്യാനായി എനിക്ക് അവസരം നൽകി. അങ്ങനെ ഒന്നോ രണ്ടോ സീനുകൾ എനിക്ക് ലഭിച്ച് തുടങ്ങി. അതുപോലെ സിനിമയിലെ എന്റെ ജീവിതം അന്ന് മുതൽ ഉരുണ്ട് തുടങ്ങി. 


പക്ഷെ അപ്പോൾ രണ്ടും മൂന്നും സീനുമായി ഞാൻ സിനിമയിൽ തളയ്ക്കപ്പെട്ട് പോകുമോ എന്നും ഭയം എനിക്ക് വന്നു. എന്നാൽ എനിക്ക് ചെയ്യാതിരിക്കാൻ പറ്റുവോ... കാരണം ഇതൊരു വരുമാനം മാർഗ്ഗവും കൂടിയാണ്. അപ്പോൾ അതിലെനിക്ക് സെലക്ടീവാകാനും സാധിക്കില്ല. അങ്ങനെ രണ്ടും മൂന്നും സീനുകൾ തുടർന്നു. അതിനിടെയിൽ ചില ബന്ധങ്ങൾ എനിക്ക് സിനിമയിൽ സ്ഥാപിക്കാൻ സാധിച്ചു. അതിൽ നിന്നൊക്കെയാണ് എനിക്ക് ഇന്നിപ്പോൾ വളർച്ച ഉണ്ടായിരിക്കുന്നത്. അങ്ങനെ സെബാസ്റ്റ്യന് വേണ്ടി ഞാൻ സിനിമയിൽ തന്നെ കാത്തിരുന്നു കൊണ്ടേ ഇരുന്നു. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് പുരുഷ പ്രേതത്തിലേക്ക് ഞാൻ ഒരു പാലം പണിതു. അത് സംഭവിക്കുകയും ചെയ്തു.


പ്രതീക്ഷിക്കുന്നത് പോലെ നടക്കാതെ വരുമ്പോൾ സൂപ്പർ സെബാസ്റ്റ്യൻ ഫ്രസ്ട്രേറ്റഡാകുന്ന സന്ദർഭങ്ങൾ സിനിമയിൽ ഉണ്ട്. അതുപോലെ ഒരു അവസ്ഥ സൂപ്പർ സെബാസ്റ്റ്യനെ അവതരിപ്പിച്ച പ്രശാന്ത് അലക്സാണ്ടർക്കും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്?


സെബാസ്റ്റ്യനിൽ ഉണ്ടായത് ഫ്രസ്ട്രേഷൻ, ദേഷ്യം അങ്ങനെ എല്ലാം കൂടി ചേർന്നിട്ടുള്ള അലറി വിളിയാണ്. എന്റെ ജീവിതത്തിലേക്ക് വരുമ്പോൾ, 2005 വരെ ഞാൻ ടെലിവിഷനിൽ വളരെ തിരക്കുള്ള ഒരു അവതാരകനായിരുന്നു. അന്ന് ടെലിവിഷനിൽ നിന്നും നല്ല വരുമാനം ലഭിച്ചിരുന്നു. ലാൽ ജോസിന്റെ 'അച്ഛൻ ഉറങ്ങാത്ത വീട്' എന്ന സിനിമയ്ക്ക് ശേഷമാണ് ഞാൻ ടെലിവിഷൻ പൂർണ്ണമായി വിടാനും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങിയത്. ടെലിവിഷൻ വിടാനുള്ള തീരുമാനത്തിൽ ലാൽ ജോസിനോടൊപ്പം ബ്ലസിയേട്ടൻ തുടങ്ങിയവരുടെ പ്രേരണയുമുണ്ടായിരുന്നു. അപ്പോൾ ഓർക്കേണ്ടത് എനിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്ഥിരം വരുമാനം ഇല്ലാതാകുകയാണ്.


ടെലിവിഷൻ വിട്ട് സിനിമയിലേക്കെത്തി, പക്ഷെ ആദ്യം ഞാൻ അറിയാതെ പോയത് സിനിമയിൽ എങ്ങനെ നിൽക്കണം, എങ്ങനെ മുമ്പോട്ട് പോകണം എന്നുള്ള ധാരണകളായിരുന്നു. എന്നുപറഞ്ഞാൽ ഞാൻ വീട്ടിൽ ഇരുന്നിട്ട് സിനിമ എന്റെ അടുക്കലേക്ക് വരുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു. അപ്പോൾ സിനിമകൾ നടക്കുന്നു, ചിലരെ ഫോണിൽ ഒക്കെ വിളിക്കുന്നുണ്ട്. പക്ഷെ എനിക്ക് വേഷങ്ങൾ ഒന്നും ലഭിക്കുന്നില്ല. അങ്ങനെ ആ സമീപനം തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി. അത് തിരിച്ചറിയാൻ എനിക്ക് 2015 വരെ കാത്തിരിക്കേണ്ടി വന്നു. പിന്നെ ഞാൻ നോക്കിയപ്പോൾ അവസരം ലഭിക്കാതെ പോയ സിനിമകളിൽ എനിക്ക് പറ്റിയ വേഷങ്ങൾ ഒന്നുമില്ലായിരുന്നു. അപ്പോൾ അതിലൊന്നും എനിക്ക് ഫ്രസ്ട്രേഷനൊന്നും തോന്നിട്ടില്ല.


പക്ഷെ ജീവിതമല്ലേ, മുന്നോട്ട് പോകണമെങ്കിൽ വരുമാനം വേണം. അത് ഇല്ലാതാകുമ്പോൾ പേടിയും ടെൻഷനും അങ്ങനെ എല്ലാ അനുഭവിക്കുകയും നേരിടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വന്നപ്പോഴൊക്കെ ഞാൻ സ്വയം ഒന്നൊതുങ്ങി അല്ലെങ്കിൽ ഉൾവലിഞ്ഞ് നിന്നു. ആ അവസ്ഥയിൽ ഞാനും എന്റെ ഭാര്യയും ഉള്ള വരുമാനത്തിൽ എങ്ങനെ സന്തോഷത്തിൽ ജീവിക്കാമെന്ന് തീരമാനിച്ചു. സെബാസ്റ്റ്യനെ പോലെ ഒരു ഫ്രസ്ട്രേറ്റഡ് നിലവിളി ഉണ്ടായിട്ടില്ല, രാത്രിയിലൊക്കെ ടെൻഷൻ അടിച്ച് ഞങ്ങൾ കഴിഞ്ഞിട്ടുണ്ട്. ഈ പോക്ക് ശരിയാകുമോ, ഞാൻ രക്ഷപ്പെടുമോ, വേറെ ജോലി നോക്കണോ എന്നൊക്കെ ചിന്തിച്ച് ടെൻഷൻ അടിച്ചിട്ടുമുണ്ട്. എന്നാൽ ഇതൊക്കെ സംഭവിച്ചതിൽ എന്റെ ഭാഗത്തെ തെറ്റ് അല്ലെങ്കിൽ തീരുമാനങ്ങളിലെ പിശകകകളാണെന്ന് മനസ്സിലാക്കിയതോടെ എന്റെ ജീവിതം മുന്നോട്ട് പോകാനും തുടങ്ങി. അത് തിരിച്ചറിഞ്ഞപ്പോൾ തൊട്ട് കൃത്യമായി വേഷങ്ങൾ എന്നിലേക്ക് വരാൻ തുടങ്ങി. അങ്ങനെ ഞാൻ പുരുഷ പ്രേതത്തിലെത്തി.



കൃഷാന്ദ് പുരുഷ പ്രേതത്തിന്റെ കഥ പറഞ്ഞപ്പോൾ മറ്റൊരു സ്റ്റാർ വാല്യു ഉള്ള നടനെ വെച്ച് സിനിമ ചെയ്യാനായിരുന്നു പ്രശാന്ത് അലക്സാണ്ടർ സംവിധായകനോട് ആവശ്യപ്പെട്ടത്. മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരുന്ന പ്രശാന്ത് എന്തുകൊണ്ട് അങ്ങനെ ഒരു അഭിപ്രായം ആദ്യം പറഞ്ഞു?


സത്യം പറഞ്ഞാൽ ഞാൻ വേണ്ട എന്ന മനസ്ഥിതി വെച്ചല്ല അങ്ങനെ പറഞ്ഞത്. ഒരു സിനിമയിൽ ഒരു പ്രധാനകഥാപാത്രമായി എന്നെ തിരഞ്ഞെടത്തത് ആ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് അബദ്ധമോ തെറ്റോ മറ്റും പറ്റിയോ എന്ന പുനഃപരിശോധിക്കുക എന്ന ഉദ്ദേശത്തോടെയാണ് അങ്ങനെ പറഞ്ഞത്. കൃഷാന്ദ് കഥ പറഞ്ഞപ്പോൾ സത്യപറയാലോ ആദ്യം തന്നെ കഥാപാത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്നെ വെച്ച് സിനിമ ആരംഭിച്ചിട്ട് ഏതെങ്കിലും ഒരു ഘട്ടത്തിൽ 'ചേട്ടാ, നമ്മുക്ക് ഈ വേഷത്തിനായി വേറൊരു നടനെ നോക്കാം ചേട്ടനെ കൊണ്ട് പറ്റുന്നില്ല' എന്ന പറയുകയാണെങ്കിൽ, എനിക്ക് അത് വലിയ വിഷമമാകും. 


ഒരു ഘട്ടമെത്തിട്ട് അവർ അത് മനസ്സിലാക്കുന്നതിലും നല്ലത് ഞാൻ അവരെ പറഞ്ഞ് മനസ്സലാക്കിപ്പിക്കുന്നതാണ്, എന്നെ വെച്ച് ചെയ്താലുള്ള പ്രശ്നങ്ങളെ കുറിച്ച് ആദ്യം തന്നെ സംവിധായകനോടോ കഥാകൃത്തിനോടോ അങ്ങനെ പറയുന്നത്. നല്ല സ്റ്റാർ വാല്യവും മാർക്കറ്റുമുള്ള നടനെ ഞാൻ അങ്ങോട്ട് തന്നെ സജസ്റ്റ് ചെയ്യും, എനിക്ക് അതിലെ സഹകഥാപാത്രത്തിന്റെ വേഷം മതിയെന്നും ഞാൻ പറയും. എന്നാൽ ആ സംവിധായകൻ തന്നെ എന്നോട് പറയുകയാണ് 'എനിക്ക് പ്രമുഖനായ ഒരു നടനെയല്ല ചേട്ടനെയാണ് വേണ്ടത്, ചേട്ടന്റെ സ്ക്രീൻ ഇമേജാണ് വേണ്ടത്' എന്ന പറയുമ്പോൾ എനിക്ക് ആത്മവിശ്വാസം ലഭിക്കും. 


ALSO READ : Steffy Sunny : "നമ്മൾ ആരെ പരിചയപ്പെട്ടാലും അവരെ സന്തോഷിപ്പിക്കുക"; ചിരിച്ചും ചിരിപ്പിച്ചും വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റ താരം സ്റ്റെഫി സണ്ണി


കൃഷാന്ദ് ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു 'ഉറപ്പാണെല്ലോ...സെറ്റല്ലേ?' പുള്ളി സെറ്റാണെന്ന് പറഞ്ഞു കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഓരോന്ന് ആഗ്രഹിച്ച് തുടങ്ങി. അല്ലങ്കിൽ എന്നെ വെച്ച് തുടങ്ങി പിന്നെ പകുതിക്ക് വെച്ച് നിർത്തി എനിക്ക് പകരം വേറെ ഒരാളെ കൊണ്ടു വരികയാണെങ്കിൽ ഞാൻ തകർന്ന് പോകും. അതുകൊണ്ടാണ് അവരോട് ഞാൻ ആഗ്രഹിക്കുന്നതിന് മുമ്പ് ഉള്ളത് പറയുന്നത്. സത്യത്തിൽ ഇത് എന്റെ പപ്പയിൽ നിന്നും ലഭിച്ച ഒരു സ്വഭാവമാണ്. ഞാൻ എന്റെ ജീവിതത്തിൽ എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നതും. ശരിക്കും പറഞ്ഞാൽ ഇതിന്റെ ഒരു ക്വാളിറ്റിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.


കൃഷാന്ദ് പ്രാശാന്തിൽ കോൺഫിഡന്റായിരുന്നു, മറിച്ച് പ്രശാന്ത് കൃഷാന്ദിൽ കോൺഫിഡന്റായിരുന്നോ?


വളരെ ബ്രിലയന്റായിട്ടുള്ള ഒരു സംവിധായകനാണ് കൃഷാന്ദ്. ബ്രിലയന്റ് എന്ന് പറയുന്നത് ചുമ്മ ഒരു ബ്രിലയന്റെന്ന് പറയുകയല്ല. സിനിമ സംവിധാനം ചെയ്യുന്നതിൽ, ആ സിനിമയുടെ ബിസിനെസിൽ, അതുപോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിലും അങ്ങനെ വിവിധ തലത്തിലും കൃഷാന്ദ് എന്ന പുരുഷപ്രേതത്തിന്റെ സംവിധായകൻ ബ്രിലയന്റാണ്. ഈ സിനിമ ചെയ്തതിനെ കുറിച്ച പറയുകയാണെങ്കിൽ പുള്ളി ഒരു ചാർട്ടൊക്കെ വരച്ചിട്ടാണ് ചെയ്തത്. എന്നുപറഞ്ഞാൽ നേടിയെടുക്കേണ്ട ടാർഗറ്റുകൾ ഏതെല്ലാമണെന്ന് കണക്ക് കൂട്ടി ഒരോ സീനുകൾ ആരെയൊക്ക ബന്ധിപ്പിക്കണം, അതുമാത്രമല്ല ഏത് തരം പ്രേക്ഷകരെയും ബന്ധിപ്പിക്കണം എന്നിങ്ങിനെ ഒരു ചാർട്ട് കൃഷാന്ദിന്റെ പക്കലുണ്ട്. അതിൽ നേടിയതെല്ലാം ടിക്ക് ഇട്ട് പോകും. കൂടാതെ ഹോം വർക്ക് ഒക്കെ ചെയ്തിട്ടാണ് കൃഷാന്ദ് ഷൂട്ടിങ്ങിന് തന്നെ ഇറങ്ങുന്നത്. ഒരു വിഷയത്തെ പറ്റി നല്ലപോലെ പഠിച്ചിട്ടാണ്, കൃഷാന്ദ് ആ വിഷയം അവതരിപ്പിക്കുന്നത്. 



ആദ്യമായി നായകനായി എത്തുന്ന ചിത്രം തിയറ്ററുകളിൽ എത്താതെ ഒടിടിയിൽ ചെറിയ സ്ക്രീനിൽ ഒതുങ്ങി പോയതിൽ വിഷമം തോന്നിട്ടുണ്ടോ?


സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഈ സിനിമ തിയറ്ററിൽ വലിയ സ്ക്രീനിൽ തന്നെ കാണാനായിരുന്നു ആഗ്രഹം. പക്ഷെ ചിത്രം തിയറ്ററുകളിലേക്കെത്തിക്കുമ്പോൾ ചില പ്രായോഗിക പ്രശ്നങ്ങൾ ഉണ്ട്. മാർക്കിറ്റിങ്ങിനൊക്കെ വലിയ ഒരു തുക ഇറക്കേണ്ടി വരും. സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആൾക്കാർ എത്തണമെങ്കിൽ മാർക്കറ്റ് ചെയ്താലേ സാധിക്കു. അപ്പോൾ അതിന് വേണ്ടി ഞങ്ങൾ ഇനിയും ഫണ്ട് കണ്ടെത്താൻ അലയേണ്ടി വരും. കൂടാതെ മാർച്ച് ഒക്കെ എന്ന് പറയുന്നത് പരീക്ഷ സീസണാണ്, ഇപ്പോൾ ആണെങ്കിൽ നോമ്പ് കാലവുമാണ് അപ്പോൾ പ്രതീക്ഷിച്ച വരുമാനം ലഭിക്കില്ല. ഇതിനിടെ വിഷു, വേനലവധി, റമദാൻ മാർക്കറ്റുകൾ ലക്ഷ്യംവെച്ചുകൊണ്ട് വലിയ സിനിമകൾ എത്തും, ഇതിന്റെ ഒക്കെ ഇടയിലേക്ക് നമ്മുടെ കുഞ്ഞ് പടത്തിന് ഒരു സ്പേസ് കിട്ടില്ല. പിന്നെ നോക്കുമ്പോൾ ഒരു ഗ്യാപ് കിട്ടുക ജൂൺ-ജൂലൈ ആണ്. ആ സമയത്ത് മഴയായിരിക്കും. അങ്ങനെ വന്നപ്പോൾ ഞങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്നതിനെക്കാൾ കൂടുതൽ പേർ കാണട്ടെ എന്ന തീരൂമാനത്തിലേക്കെത്തി.


എന്തുകൊണ്ടാണ് പുരുഷ പ്രേതത്തിൽ കഥാപാത്രങ്ങളെ സ്ക്രീനിന്റെ മൂലയ്ക്ക് കൊണ്ട് നിർത്തിയത്?


ഞങ്ങളോട് ക്യാമറ ആംഗിൾ ഇങ്ങനെയായിരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഷൂട്ടിങ് സമയത്ത് കൃഷാന്ദ് വന്ന് കഥാപാത്രം ഇതാണ് സന്ദർഭം ഇതാണ് മാറ്റേണ്ട കറക്ഷൻസ് ഇതാണ് എല്ലാം പറഞ്ഞു തന്നു. സംവിധായകനെ വിശ്വസിച്ചിട്ടാണ് നമ്മൾ ഈ സിനിമയിലേക്കെത്തുന്നത്. കൂടാതെ നമ്മളെക്കാളും നൂറിരട്ടി വിശ്വാസം സംവിധായകന് തന്റെ സിനിമയോടും കാണും. അപ്പോൾ കൃഷാന്ദ് എന്താണോ പറയുന്നത് അത് ഫോളോ ചെയ്യുക എന്നതായിരുന്നു എല്ലാവരുടെ തീരുമാനം. പിന്നെ ഒരു കാര്യം ഈ റൂൾ ഓഫ് തേർഡ് എന്ന ടേം സിനിമ റിലീസായി റിവ്യുകൾ ഒക്കെ വന്നതോടെയാണ് ഞാൻ മനസ്സിലാക്കിയത്. 


അതേസമയം ചിലർ ഇത്രയും സീരിസായിട്ടുള്ള വിഷയത്തിൽ കോമഡി ചേർത്ത് അവതരിപ്പിച്ച് അതിന്റെ സീരയസ്നെസ് കളയുന്നത് എന്തിനെന്ന് ചോദിച്ചു. എന്നാൽ മറ്റ് ചിലർ ഭയങ്കര രസകരമായി ആ വിഷയത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മറ്റ് ചിലർക്ക് ക്യാമറ ആംഗിൾ അവരുടെ അസ്വാദനത്തെ ഡിസ്റ്റേർബ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. പറഞ്ഞ് വരുന്നത് സിനിമയിലെ ഒരു ഘടകം ഒരു വിഭാഗം പേർക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റ് ചിലർക്ക് അത് അത്രയ്ക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ല. എന്നാൽ ഇവർക്ക് സിനിമയുടെ മറ്റൊരു ഘടകം ഇഷ്ടമാകുകയും ചെയ്യും. ഇതോടൊപ്പം സിനിമയുടെ എല്ലാ ഘടകങ്ങളും ഇഷ്ടമാകുന്നവരുമുണ്ട്.


ചിലർ ഈ ക്യാമറ ആംഗിളിന്റെ കാര്യത്തിൽ ചോദ്യമായി ഉയർത്തിയിരുന്നത്, സിനിമ കാണാനുള്ളതല്ലേ, അപ്പോൾ വൃത്തിക്ക് എല്ലാവരെയും കറക്ടായി പ്ലേസ് ചെയ്തൂടെ എന്ന്. എന്നാൽ എന്റെ അഭിപ്രായം ഇതാണ് സിനിമ കാണാൻ മാത്രമായിട്ടുള്ളതല്ല പഠിക്കാനും കൂടിയുള്ളതാണ്. പുരുഷപ്രേതം സിനിമയിലൂടെയാണ് ഞാൻ റൂൾ ഓഫ് തേർഡൊക്കെ പഠിക്കുന്നത്. അങ്ങനെ ഒരു ആംഗിൾ ചെയ്തതിൽ സംവിധായകൻ ഒരു ഉദ്ദേശം കാണും. എന്റെ അഭിപ്രായത്തിൽ ഈ സിനിമ പഠനത്തിന്റെ ഭാഗമാകണമെന്നാണ്. ഇത് മാത്രമല്ല കൃഷാന്ദിന്റെ ആവാസവ്യൂഹവും പഠനത്തിന്റെ ഭാഗമാകണം. ഭാവിയിൽ അത് സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. 


ആരാണ് പുരുഷ പ്രേതം?


ശരിക്കും പറഞ്ഞാൽ സൂപ്പർ സെബാസ്റ്റ്യനാണ് പുരുഷപ്രേതം. ഒരു ടോക്സിക് മെയിൽ (പുരുഷൻ) കഥാപാത്രത്തിന്റെ ഒരു പോസ്റ്റമോർട്ടമാണ് പുരുഷപ്രേതം സിനിമ. സിനിമയിൽ ഉടനീളം മാറി വെരുന്ന സൂപ്പർ സെബാസ്റ്റ്യന്റെ മാനറിസങ്ങൾ എല്ലാം ഒരു ടോക്സിക് പുരുഷനിൽ കാണാൻ സാധ്യതയുള്ളതാണ്. അത് കീറി മുറിച്ച് കാണിക്കുകയാണ് പുരുഷപ്രേതം സിനിമയിലൂടെ കൃഷാന്ദ്. 



പുരുഷ പ്രേതം പ്രശാന്ത് അലക്സാണ്ടറെ ആരാണെന്ന് കാട്ടി തന്നു, എന്നാൽ 20 വർഷത്തിലേറെ ഇങ്ങനെ ഒരാൾ മലയാള സിനിമയിൽ സജീവമായിട്ടുണ്ടെന്ന് അറിയിച്ചത് ഓപ്പറേഷൻ ജാവ എന്ന സിനിമയാണ്. ആ ചിത്രത്തിലെ ചൊറിയനായ പോലീസ് ഉദ്യോഗസ്ഥനായിട്ടുള്ള പ്രകടനം പലരും എടുത്ത് പറയുകയും ചെയ്തു. എങ്ങനെയാണ് ആ മുഴുനീള കഥാപാത്രത്തിലേക്കെത്തിയത്?


ചെറിയ സീനുകൾ ചെയ്തുണ്ടായ സൗഹൃദങ്ങളിലാണ് പൊറ്റക്കുഴി ജോസ് മുതൽ പല സിനിമകളും ലഭിച്ചിരുന്നത്. തൃശിവപേരൂർ ക്ലിപ്തം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആ ചിത്രത്തിൽ വളരെ ചെറിയ ഒരു രംഗം അഭിനയിച്ച ഒരു നടനെ ഞാൻ ശ്രദ്ധിച്ചിരുന്നു. അപർണ ബാലമുരളിയുടെ കഥാപാത്രം ബസ് സ്റ്റാൻഡിൽ വെച്ച് അടികൂടുന്ന സീനിൽ ഒരു ബസ് ജീവനക്കാരന്റെ വേഷം ചെയ്ത കാക്കിയിട്ട ഒരു പയ്യനെയാണ് ഞാൻ ശ്രദ്ധിച്ചത്. ആ പയ്യന്റെ പ്രകടനം കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു തീ ഉണ്ടെല്ലോ എന്നെനിക്ക് തോന്നി. നേരത്തെ പറഞ്ഞത് പോലെ വർഷങ്ങൾക്ക് മുമ്പുള്ള എന്നെ തന്നെയാണ് ഞാൻ അവിടെ കണ്ടത്. ചെയ്തത് അടി കിട്ടേണ്ട വേഷമാണെങ്കിലും അത് വളരെ ഭംഗിയോടെയാണ് അവൻ അവതരിപ്പിച്ചിരിക്കുന്നത്. ആ സീനിലെ പ്രകടനം കണ്ട് ഞാൻ പയ്യനോട് അങ്ങോട്ട് പോയി സംസാരിച്ചു. അവന് ഭയങ്കര സന്തോഷമായി. എന്നിട്ട് എന്നോട് പറഞ്ഞു, 'ചേട്ടാ ഞാൻ ഈ അഭിനയം സൈഡാക്കി സ്ക്രിപ്റ്റ് എഴുതാനുള്ള പരിപാടിയിലാണ്'. അവിടെ ഓർക്കേണ്ടത് ഇതെ വഴിലൂടെ ഞാനും പോയിട്ടുള്ളതാണ്. പക്ഷെ എന്റെ ആ വഴി വിജയമായിരുന്നില്ല. അപ്പോ എന്റെ മനസ്സിൽ ഒരു പ്രയാസം തോന്നിയിരുന്നു. ഇവനും മറ്റൊരു ദുരന്തത്തിലേക്കാണോ പോകുന്നതെന്ന്. ഞാൻ എന്റെ മനസ്സിൽ 'ഇവന്റെ പ്രോജക്ടെങ്കിലും നടക്കണേ' എന്ന് പ്രാർഥിക്കുകയും ചെയ്തു. ആ ചെറുപ്പക്കാരനാണ് ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി.


തരുൺ മൂർത്തിയാണ് ഓപ്പറേഷൻ ജാവയിലൂടെ ഒരു മുഴുനീള വേഷം എനിക്ക് നൽകിയത്. ആ ചിത്രത്തിൽ വേറെയും ചെറിയ ചെറിയ വേഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തരുൺ എന്നോട് ഈ വേഷം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചൊറിയനാണ്... നെഗറ്റീവ് സാധനമാണ്... ഇത് ചേട്ടന് വർക്ക് ആകും എന്ന് തരുൺ എന്നോട് പറഞ്ഞു. അങ്ങനെ സിനിമയിലൂടെ ഉണ്ടായ ബന്ധത്തിലൂടെയാണ് എനിക്ക് മിക്ക വേഷങ്ങളും ലഭിച്ചത്. ഈ പറയുന്ന പുരഷപ്രേതവും അങ്ങനെ തന്നെയാണ്.


അഭിനയം ഇടയ്ക്ക് അവസാനിപ്പിച്ച് സിനിമയുടെ പിന്നണിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നില്ലേ?


മലയാളത്തിൽ നടൻ എന്ന നിലയിൽ മുന്നോട്ട് പോകാൻ സാധ്യത കുറവാണെന്ന് തോന്നി, സിനിമയിൽ തന്നെ നിൽക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ഒരു സബ്ജക്ട് പറഞ്ഞപ്പോൾ അത് ഒരു നിർമ്മാതാവിനും സംവിധായകനും ഇഷ്ടപ്പെട്ടു. അങ്ങനെ അത് ഡെവലപ്പ് ചെയ്യുകയും ചെയ്തു. പിന്നീട് മലയാളത്തിലെ തന്നെ രണ്ട് പ്രമുഖ നടന്മാർക്ക് ആ കഥ  ഇഷ്ടപ്പെടുകയും സിനിമ ചെയ്യാനായി ഞങ്ങൾ മുന്നോട്ട് പോയി. എന്നാൽ ഒരു നിർണായക നിമിഷത്തിൽ ഇതേ കോമ്പിനേഷനിൽ വന്ന മറ്റൊരു സിനിമ പരാജയപ്പെട്ടു, ആ പരാജയത്തിന്റെ ഷോക്കിൽ ഇതിൽ ഒരു നടൻ ഈ സിനിമയിൽ നിന്ന് പിന്മാറി. അങ്ങനെ ആ പ്രൊജക്റ്റ് വേണ്ടായെന്ന് വെക്കുകയായിരുന്നു. ആ പ്രോജക്ടിന്റെ ആദ്യത്തെ വരി പറഞ്ഞത് മുതൽ ആ സിനിമ വേണ്ടായെന്ന് വെക്കുന്നത് വരെയുള്ള കാലഘട്ടം മൂന്നര വർഷങ്ങൾ ആയിരുന്നു. മൂന്നര വർഷങ്ങൾ കഷ്ടപ്പെട്ടതിന് ശേഷം ആ പ്രൊജക്റ്റ് വേണ്ടായെന്ന് വെച്ചപ്പോൾ വലിയ ഒരു ശൂന്യതയും പ്രയാസവും ഒക്കെ അനുഭവപ്പെട്ടിരുന്നു.


ആ പ്രൊജക്റ്റ് നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ നിൽക്കുമ്പോഴാണ് ആക്ഷൻ ഹീറോ ബിജു സംഭവിക്കുന്നത്. 2011-12 മുതൽ 2015 വരെയാണ് ഞാൻ സ്ക്രിപ്റ്റിങ്ങിന് വേണ്ടി നടന്നിരുന്നത്. ആ സമയത്ത് കുറെയധികം സിനിമകളുടെ സ്ക്രിപ്റ്റിങ്ങിന്റെ ചർച്ചകൾക്ക് പോയി ഇരിക്കുകയും കോണ്ട്രിബൂഷനുകൾ കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ആ സമയത്ത് എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമായി നിൽക്കുകയെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇതെല്ലാം ചെയ്തത്. പിന്നീട് ആക്ഷൻ ഹീറോ ബിജു റിലീസായപ്പോഴാണ് അഭിനയത്തിലേക്ക് തന്നെ ശ്രദ്ധ കൊടുക്കാമെന്ന് വീണ്ടും തീരുമാനിച്ചത്. കാരണം സിനിമ നിർമ്മിക്കുന്നതിന് ശ്രമിക്കുന്നതിന്റെ അത്രയും അലച്ചിലും പെയ്നും ഒരു അഭിനേതാവിന് ചിലപ്പോൾ  ഉണ്ടാവില്ല. ഒരു സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നതിന്റെ പകുതി സ്‌ട്രെയിൻ എടുത്താൽ മതി അഭിനയിക്കുമ്പോൾ.



പിന്നെ ആക്ഷൻ ഹീറോ ബിജുവൊക്കെ സംഭവിച്ചത് കൊണ്ട് ഭാവിയിൽ ചിലപ്പോൾ കൂടുതൽ വേഷങ്ങൾ കിട്ടിയേക്കാമെന്നും എനിക്ക് തോന്നി. അങ്ങനെ സിനിമയിൽ വീണ്ടും അഭിനയിക്കാൻ തുടങ്ങി. ആദ്യമൊന്നും അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതിൽ എനിക്ക് വലിയ എക്സൈറ്റ്മെന്റൊന്നും തോന്നിയിരുന്നില്ല. പിന്നീട് ഞാൻ തന്നെ എക്സൈറ്റ്മെന്റ് ഉണ്ടാക്കി എടുത്തു. പതിയെ അഭിനയത്തിൽ തന്നെ മൈൻഡ് ഫോക്കസ് ചെയ്യുകയായിരുന്നു.


അതിനിടെ ഞാൻ ഹിന്ദിയിലും അഭിനയിക്കാൻ അവസരം ലഭിച്ചു. ഓഡിഷനിലൂടെയാണ് എന്നെ തിരഞ്ഞെടുത്തത്. അർജുൻ കപൂറിന്റെയൊപ്പം ആ സിനിമയിലെ അഞ്ച് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി തന്നെ ആ സിനിമയിൽ അഭിനയിച്ചത്. അതിനോടൊപ്പം തന്നെയാണ് മധുരരാജയും ചെയ്തത്. അത് കഴിഞ്ഞയുടനെ ഓപ്പറേഷൻ ജാവ സംഭവിച്ചു. അങ്ങനെ ചെറിയ രണ്ട് മൂന്ന് സീനുകളിൽ നിന്നും ചെറിയ കഥാപാത്രങ്ങളിൽ നിന്നും വളർന്ന വളർന്ന് കൂടുതൽ സ്‌ക്രീൻ സ്‌പെയ്‌സും സീനുകളും ഒക്കെ കിട്ടുകയായിരുന്നു. 


പ്രശാന്ത് അലെക്സാണ്ടർ എന്ന് കേൾക്കുമ്പോൾ ചൊറിയാനായ ഒരു അച്ചായനെയോ രാഷ്ട്രീയക്കാരനെയോ ഒക്കെയാണ് ഓർമ്മ വരിക. ടൈപ്പ് കാസ്റ്റ് ആയി പോകുമെന്ന് പേടി ഉണ്ടായിരുന്നോ?


ഒത്തിരി പേർ ഈ ചോദ്യം ചോദിച്ചു, എല്ലാവരോടും ഒരേ ഉത്തരം തന്നെയാണ് പറഞ്ഞത് ടൈപ്പ് കാസ്റ്റ് ആയി പോകുമെന്ന്  പേടിച്ചിരുന്നില്ല. പക്ഷെ എങ്ങനെയാണ് ഓരോ വേഷവും മറ്റ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെയ്യാൻ പറ്റുകയെന്നാണ് ഞാൻ ചിന്തിച്ചത്. കൂടാതെ ഈ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട വേഷങ്ങൾ എല്ലാം എന്നെ സെബാസ്റ്റ്യനിലേക്ക് എത്താൻ സഹായിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് ഒരു സ്‌ക്രീൻ ഇമേജ് ഉണ്ടായത് . ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എന്നെ പറ്റി തോന്നുന്ന ആ ഇമേജ് ആണ് സ്‌ക്രീൻ ഇമേജ്. യഥാർഥത്തിൽ ഞാൻ അങ്ങനെയൊരു വ്യക്തി അല്ല. എന്റെ ഈ സ്‌ക്രീൻ ഇമേജ് ആണ് കൃഷാന്ദ് ഉപയോഗിക്കാൻ തീരുമാനിച്ചത്. കാരണം എന്നെ കാണുമ്പോൾ ഇയാൾ ജെനുവിന് ആണോ അതോ തട്ടിപ്പാണോ എന്ന സംശയം ഇപ്പോഴും മനസ്സിൽ കിടക്കണം. എന്നിട്ട് സിനിമ കഴിയുമ്പോൾ മാത്രമായിരിക്കണം ആളുകൾക്ക് ഇയാൾ എന്താണെന്ന് കൃത്യമായി മനസിലാകാൻ. എന്റെ ആ സ്ക്രീൻ ഇമേജ് ഉപയോഗിക്കാൻ കാരണം ഞാൻ ടൈപ്പ് കാസ്റ്റ് ആയത് കൂടി കൊണ്ടാണ്. 


ഇനി നായകനായി മാത്രമേ സിനിമയിലേക്ക് വരികെയൊള്ളോ? അതോ മറ്റ് വേഷങ്ങളും ചെയ്യാൻ തയ്യാറാണോ?


ഞാൻ ഒരു അഭിനേതാവായി ആണ് സിനിമയിലേക്ക് വന്നത്. ഒരു അഭിനേതാവായി തന്നെ സിനിമയിൽ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. എന്നെ കൊണ്ട് എന്തൊക്കെ പറ്റുമെന്ന് ഉള്ളത് ഈ സിനിമയിലൂടെയും ഇതിന് മുമ്പ് ചെയ്ത സിനിമകളിലൂടെയും ആളുകൾക്ക് മനസ്സിലായിട്ടുണ്ട്.  വ്യത്യസ്തമായ ഒരു കഥാപാത്രം കൊടുത്താൽ ചിലപ്പോൾ ചെയ്യുമായിരിക്കും എന്നൊക്കെ ഉള്ള വിശ്വാസങ്ങൾ കൊടുത്തിട്ടുണ്ടാകാം. പിന്നെ എനിക്ക് ലഭിക്കുന്ന കഥാപാത്രം എന്ത് തന്നെയാണെങ്കിൽ പ്രേക്ഷകർക്ക് ഒരു പുതുമ നൽകാൻ ഞാൻ പരമാവധി ശ്രമിക്കും. അതിപ്പോൾ മുഴനീള വേഷമോ, ചെറിയ സീനോ എന്നിങ്ങനെയില്ല. ഒരു അഭിനേതാവായി സിനിമയിൽ മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം, അപ്പോൾ ആ അഭിനേതാവിന് എന്ത് ചെയ്യാൻ സാധിക്കും അതെല്ലാം ഞാൻ പരമാവധി ശ്രമിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.