പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനം; സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം
പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു
സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടിത്തമുണ്ടായി. 2009ൽ പുറത്തിറങ്ങിയ പ്രഭാസിന്റെ ബില്ല എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലെ തഡെപാലിഗുഡെമിലാണ് സംഭവം. സിനിമാ തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഒക്‌ടോബർ 23ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രഭാസ് ആരാധകർ സിനിമാ പ്രദർശനം സംഘടിപ്പിച്ചിരുന്നു. സിനിമ പ്രദർശനം നടക്കുമ്പോൾ ആവേശഭരിതരായ ആരാധകർ തിയേറ്ററിനുള്ളിൽ കേക്ക് മുറിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
തുടർന്ന് പെട്ടെന്ന് തന്നെ തീ പടർന്ന് പിടിക്കുകയായിരുന്നു. നിരവധി സീറ്റുകൾ കത്തിനശിക്കുകയും ചെയ്തു. തീയേറ്ററിൽ പുക നിറഞ്ഞതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ആരാധകർ പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ആളപായമോ കാര്യമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തിയേറ്ററിലെ ഏതാനും സീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീയറ്റർ ജീവനക്കാർ തന്നെയാണ് തീ അണച്ചത്.
സംവിധായകൻ രാം ഗോപാൽ വർമ ഈ ദൃശ്യങ്ങൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം അടിക്കുറിപ്പും വച്ചു.
ജനപ്രിയ അഭിനേതാക്കളുടെ മുൻകാല ഹിറ്റുകൾ അവരുടെ ജന്മദിനത്തിൽ വീണ്ടും റിലീസ് ചെയ്യുന്ന പ്രവണതയ്ക്ക് ടോളിവുഡ് ഈയിടെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം, നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാണിന്റെ ജൽസ (2008) വീണ്ടും റിലീസ് ചെയ്തു. മഹേഷ് ബാബുവിന്റെ പോക്കിരി (2006), ബാലകൃഷ്ണയുടെ ചെന്നകേശവ റെഡ്ഡി (2002) എന്നിവയും അഭിനേതാക്കളുടെ ജന്മദിനത്തിൽ പ്രത്യേക ഫാൻസ് ഷോകൾക്കായി വീണ്ടും റിലീസ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...