Freddy Movie Review : ഉൾവലിഞ്ഞ് ജീവിക്കുന്ന ഒരു പല്ല് ഡോക്ടറുടെ പ്രതികാരം; ഫ്രെഡി റിവ്യൂ
Freddy Review ചിത്രത്തിന്‍റെ കഥ പൂർണമായും കാർത്തിക് ആര്യന്‍റെ ഫ്രെഡി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്
ജീവിതത്തിന്‍റെ ഇടയ്ക്ക് പുതുതായി ആരെങ്കിലും കടന്ന് വരുന്നത് ചിലപ്പോൾ നല്ലതിനാകും എന്ന് പറയാറുണ്ട്. എന്നാൽ സന്തോഷത്തോടെ ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഒരാളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്ന് വന്ന് സമാധാനം ഇല്ലാതായാലോ? അത്തരത്തിൽ തന്‍റെ ജീവിതത്തിന്‍റെ ഇടയ്ക്ക് കടന്ന് വന്ന ചില പ്രശ്നങ്ങളെ നേരിടുന്ന ഒരു ദന്ത ഡോക്ടറിന്‍റെ കഥയാണ് ഡിസംബർ 2 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി പുറത്തിറങ്ങിയ ഫ്രെഡി എന്ന ചിത്രം പറയുന്നത്. കാർത്തിക് ആര്യൻ, അലയ.എഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശശാങ്ക ഖോഷാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഡോക്ടർ ഫ്രെഡി ജിൻവാല എന്ന ദന്ത ഡോക്ടറെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. ഒരു ഡെന്റൽ ക്ലിനിക്ക് നടത്തുന്ന ഫ്രെഡി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അയാൾക്ക് ആകെ കൂട്ടായി ഉള്ളത് അയാളുടെ വളർത്ത് മൃഗമായ ഹാർഡി എന്ന ആമ മാത്രമാണ്. അങ്ങനെയിരിക്കെ ഫ്രെഡി, കൈനാസ് എന്നൊരു പെൺകുട്ടിയെ പരിചയപ്പെടുന്നു. ഫ്രെഡിയുടെ ജീവിതത്തിലേക്ക് ഒരാൾ കടന്ന് വന്നതോടെ അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളും ഉണ്ടാകുന്നു. ഈ പ്രശ്നങ്ങളെ ജീവിതത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന ഫ്രെഡി എന്ന ദന്ത ഡോക്ടർ എങ്ങനെ നേരിടും എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
പൂർണമായും കാർത്തിക് ആര്യന്‍റെ ഫ്രെഡി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. ഒരു അന്തര്‍മുഖനായ ഫ്രെഡിയെ കാർത്തിക് ആര്യൻ മനോഹരമായിത്തന്നെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം മുതൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിക്കുന്നത് പോലെയുള്ള ഫ്രെഡിയുടെ കഥാപാത്രം പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നു.
ചിത്രത്തിന്‍റെ ആദ്യ പകുതി നല്ല രീതിയില്‍ത്തന്നെ മുന്നോട്ട് പോകുന്നുണ്ട്. രണ്ടാം പകുതിയോടെയാണ് ചിത്രത്തിന്‍റെ കഥയിൽ വലിയൊരു മാറ്റം ഉണ്ടാകുന്നത്. അതിന് ശേഷം ക്ലൈമാക്സ് വരെ ഏറെക്കുറെ പ്രെഡിക്ടബിൾ ആയാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ അനാവശ്യമായ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. എങ്കിലും കാർത്തിക് ആര്യന്‍റെ പ്രകടനവും ചിത്രത്തിന്‍റെ മേക്കിങ്ങിലെ മികവും കാരണം ഫ്രെഡി ഒരു മികച്ച അനുഭവം തന്നെ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. ഭൂൽ ഭുലയ്യ 2 ന്‍റെ മികച്ച വിജയത്തിന് ശേഷം പുറത്ത് വരുന്ന ഈ വർഷത്തെ കാർത്തിക് ആര്യന്‍റെ രണ്ടാമത്തെ ചിത്രമാണ് ഫ്രെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...