Gold Movie Review: ഗോൾഡ് എല്ലാവരുടേയും 'കപ്പ് ഓഫ് ടീ' അല്ല; ട്വന്റി-20 യുടെ മറ്റൊരു വേർഷൻ... ആരാധകരേ ശാന്തരാകുവിൻ!

പ്രതീക്ഷയുടെ അമിതഭാരം എന്നത് മലയാളി പ്രേക്ഷകർ എക്കാലത്തും കൊണ്ടുനടക്കുന്ന ഒരു അനാവശ്യ ഭാരമാണ്

Written by - Binu Phalgunan A | Edited by - M.Arun | Last Updated : Dec 5, 2022, 06:42 PM IST
  • ഇത്രയും ഫ്‌ളക്‌സിബിലിറ്റിയും മലയാള സിനിമകളിൽ അത്ര പരിചിതമല്ല
  • ട്വന്റി-20 യ്ക്ക് ശേഷം ഇത്രയും താരനിബിഡമായ മറ്റൊരു മലയാള സിനിമ വേറെ ഉണ്ടായിട്ടുണ്ടാവില്ല
  • സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും അവ അതരിപ്പിച്ച അഭിനേതാക്കളേയും കുറിച്ചാണ് പ്രത്യേകമായി പരാമർശിക്കേണ്ടത്
Gold Movie Review: ഗോൾഡ് എല്ലാവരുടേയും 'കപ്പ് ഓഫ് ടീ' അല്ല; ട്വന്റി-20 യുടെ മറ്റൊരു വേർഷൻ... ആരാധകരേ ശാന്തരാകുവിൻ!

അൽഫോൻസ് പുത്രന്റെ പേരിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു സിനിമ പുറത്ത് വരുന്നു. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൗബിൻ ഷാഹിർ മുതൽ സിജു വിൽസൺ വരെയുള്ള താരനിര! ഏതൊരു സിനിമാ പ്രേമിയേയും ത്രസിപ്പിക്കുന്നതാണ് ഇപ്പറഞ്ഞതെല്ലാം. പ്രേമം എന്ന സൂപ്പർ ഹിറ്റ് സിനിമ ഒരുക്കിയ സംവിധായകൻ ഇത്രനാളും കാത്തിരുന്ന് ഒരു സിനിമയുമായി വരുമ്പോൾ കണ്ണുമടച്ച് ടിക്കറ്റെടുക്കാം എന്ന് പ്രേക്ഷകർ കരുതിയാൽ അതിനെ തെറ്റ് പറയാൻ പറ്റില്ല.

നേരവും പ്രേമവും എല്ലാം ഒരു വലിയ വിഭാഗത്തിന്റെ 'കപ്പ് ഓഫ് ടീ' ആയിരുന്നെങ്കിൽ 'ഗോൾഡ്' എന്ന പേരിൽ ഇപ്പോൾ പുറത്തിറങ്ങിയ സിനിമ അങ്ങനെയൊരു വിഭാഗത്തിന്റെ 'കപ്പ് ഓഫ് ടീ' അല്ല. അതിലും അപ്പുറം അത് എത്രപേരുടെ 'കപ്പ് ഓഫ് ടീ' ആണെന്ന ചോദ്യവും തീയേറ്ററുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ചോദിക്കുന്നുണ്ട്.

Also Read: Gold Movie Review: ഡേഞ്ചർ ജോഷിക്ക് നിധി (ഗോൾഡ്‌) കിട്ടിയാൽ? ആദ്യ പകുതി ഇങ്ങനെ

പ്രതീക്ഷയുടെ അമിതഭാരം എന്നത് മലയാളി പ്രേക്ഷകർ എക്കാലത്തും കൊണ്ടുനടക്കുന്ന ഒരു അനാവശ്യ ഭാരമാണ്. ആ 'ഭാരം' കൊണ്ട് മാത്രം പൊട്ടിപ്പോയ സിനിമകളും മലയാളത്തിലുണ്ട്. അതുപോലെ തന്നെ ആയിരുന്നു 'ഗോൾഡിന്റേയും' അവസ്ഥ എന്നാണ് തോന്നുന്നത്. പ്രേമത്തേക്കാൾ മികച്ച ഒരു 'ഗോൾഡ്' തേടിപ്പോകുന്നവർക്ക് വലിയ നിരാശയാണ് അനുഭവപ്പെടുക. എന്നാൽ, നിങ്ങൾക്ക് അൽഫോൻസ് പുത്രനെയോ അദ്ദേഹം ചെയ്ത മുൻ സിനിമകളെയോ പരിചയമില്ലെങ്കിൽ 'ഗോൾഡ്' അത്ര മോശം സിനിമയൊന്നും അല്ല.

ഒരു സംവിധായകൻ എന്നതിനപ്പുറം ഒരു മികച്ച എഡിറ്റർ കൂടിയാണ് അൽഫോൻസ് പുത്രൻ. അദ്ദേഹത്തിന്റെ എഡിറ്റിങ് പരീക്ഷണങ്ങളുടെ ആകെത്തുക കൂടിയാണ് ഗോൾഡ്. പ്രേമത്തിൽ നിന്ന് ഗോൾഡിലെത്തുമ്പോൾ ആ പരീക്ഷണങ്ങൾ ഒരു ഭാരമായി പ്രേക്ഷകർക്ക് തോന്നിയേക്കാം. എന്നാൽ പ്രേമത്തിന്റെ തുടർച്ച എന്ന മട്ടിൽ മറ്റ് ചില സംഗതികളെ കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

പ്രേമത്തിൽ പൂമ്പാറ്റകളായിരുന്നു അൽഫോൻസ് പുത്രന്റെ ദൗർബല്യം. ഇക്കാര്യത്തിൽ ഗോൾഡിൽ വലിയ മുന്നേറ്റം അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ പൂമ്പാറ്റകൾക്കൊപ്പം ഉറുമ്പുകളും അണ്ണാറക്കണ്ണനും വരെ നിർണായകമാണ്. വെറുതേ സമയം തികയ്ക്കാനുള്ള ഷോട്ടുകൾ എന്ന് കരുതരുത്. തികച്ചും അർത്ഥവത്തായതും ചിലസമയങ്ങളിൽ ഉപമയെന്നോ രൂപകമെന്നോ ഉത്‌പ്രേക്ഷയെന്നോ പ്രേക്ഷകനെ ആശയക്കുഴപ്പങ്ങളുടെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട് ഈ ദൃശ്യ-എഡിറ്റിങ് മികവുകൾ.

ALSO READ: Gold Movie Box Office: ഗോൾഡിന് ഇതുവരെ കിട്ടിയ കളക്ഷൻ എത്ര? അഭ്യൂഹങ്ങൾ ശരിയോ?

സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും അവ അതരിപ്പിച്ച അഭിനേതാക്കളേയും കുറിച്ചാണ് പ്രത്യേകമായി പരാമർശിക്കേണ്ടത്. പൃഥ്വിരാജ് മുതൽ സിജു വിൽസണും സൗബിൻ സാഹിറും വരെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നയൻതാര മുതൽ ദീപ്തി സതി വരെയുള്ളവരും. ഇനി ഈ സിനിമയിൽ അഭിനയിച്ച താരങ്ങളുടെ ഒരു പട്ടിക കൂടി എടുക്കാം.

1. പൃഥ്വിരാജ് സുകുമാരൻ

2. മല്ലിക സുകുമാരൻ

3. ബാബുരാജ്

4. ലാലു അലക്‌സ്

5. ഷമ്മി തിലകൻ

6. ശാന്തി കൃഷ്ണ

7. ജഗദീഷ്

8. നയൻതാര

9. അജ്മൽ അമീർ

10. കൃഷ്ണ ശങ്കർ

11. ശബരീഷ് വർമ

12. ചെമ്പൻ വിനോദ് ജോസ്

13. ദീപ്തി സതി

14. വിനയ് ഫോർട്ട്

15. റോഷൻ മാത്യൂസ്

16. സൈജു കുറുപ്പ്

17. സുരേഷ് കൃഷ്ണ

18. അബു സലീം

19. പ്രേം കുമാർ

20. സുധീഷ്

21. ഇടവേള ബാബു

22. ഷറഫുദ്ദീൻ

23. ജാഫർ ഇടുക്കി

24. തെസ്‌നി ഖാൻ

25. സിജു വിൽസൺ

26. ഷെബിൻ ബെൻസൺ

27. സൗബൻ ഷാഹിർ

28. ഗണപതി

29. സായ് കുമാർ

30. ശരത് സക്‌സേന

ഇത്രയും പേർ വിക്കി പീഡിയയിൽ പേജ് ഉള്ള താരങ്ങളാണ്. ഇവരെ ഒന്നും കൂടാതെ അൽഫോൻസ് പുത്രനും ഒരു വേഷം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഷിജു വിൽസണും സൗബിനും ഗണപതിയും ഒക്കെ എന്തെങ്കിലും ഡയലോഗ് പറയുന്നതായി ഒറ്റ കാഴ്ചയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ, ട്വന്റി-20 യ്ക്ക് ശേഷം ഇത്രയും താരനിബിഡമായ മറ്റൊരു മലയാള സിനിമ വേറെ ഉണ്ടായിട്ടുണ്ടാവില്ല.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ഏത് താരത്തിനും വേണമെങ്കിൽ ഏത് കഥാപാത്രവും ചെയ്യാവുന്ന തരത്തിൽ അങ്ങേയറ്റം ഫ്‌ളക്‌സിബിലിറ്റിയുണ്ട്. പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ വേണമെങ്കിൽ സൗബിൻ ഷാഹിറിനോ സിജു വിൽസണോ ഗണപതിയ്‌ക്കോ, ഷറഫുദ്ദീനോ, ചെമ്പൻ വിനോദിനോ ചെയ്യാവുന്നതേ ഉള്ളു. ദീപ്തി സതി ചെയ്ത കഥാപാത്രം നയൻതാരയ്‌ക്കോ, നയൻതാര ചെയ്ത കഥാപാത്രം ദീപ്തി സതിയ്‌ക്കോ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചെയ്യാവുന്നതാണ്. ലാലു അലക്‌സിന് പകരം ഷമ്മി തിലകൻ ആയാലോ ഷമ്മി തിലകന് പകരം ലാലു അലക്‌സ് ആയാലോ അത് സിനിമയെ ഒരൽപം പോലും ബാധിക്കില്ല. കൃഷ്ണരാജിന് പകരം ശബരീഷ് വർമ വന്നാലും അങ്ങനെ തന്നെ. ഇത്രയും ഫ്‌ളക്‌സിബിലിറ്റിയും മലയാള സിനിമകളിൽ അത്ര പരിചിതമല്ല. 

ആദ്യം പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. 'ഗോൾഡ്' എല്ലാവരുടേയും കപ്പ് ഓഫ് ടീ അല്ല. പക്ഷേ, ഈ ചായ ആസ്വദിക്കാൻ കഴിയുന്നവർക്ക് ഗോൾഡ് ഒരു മികച്ച ചായാനുഭവം ആയിരിക്കും എന്നതിൽ തർക്കമില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News