Gaganachari: സയന്‍സ് ഫിക്ഷന്‍ ഫാന്റസിയായി ഞെട്ടിക്കാനൊരുങ്ങി ഗോകുല്‍ സുരേഷിന്റെ `ഗഗനചാരി`; ട്രെയിലര്‍ പുറത്ത്
Gaganachari Trailer Released: ഡിസ്ടോപ്പിയന്‍ പശ്ചാത്തലത്തില്‍ 2043ലെ കേരളത്തില്‍ നടക്കുന്ന കഥയായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. `പോര്‍ട്ടല്‍` `ഡാര്‍ക്ക് മാറ്റര്‍`, `ഏലിയന്‍` തുടങ്ങിയ ആശയങ്ങള്‍ ട്രെയിലറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
മലയാളസിനിമയില്‍ അധികമൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജോണറാണ് സയന്‍സ് ഫിക്ഷന്‍ ഫാന്റസി. ഈ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ഗഗനചാരി'. ഇപ്പോഴിതാ 'ഗഗനചാരി' മലയാളിപ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമാകുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു.
ഡിസ്ടോപ്പിയന്‍ പശ്ചാത്തലത്തില്‍ 2043ലെ കേരളത്തില്‍ നടക്കുന്ന കഥയായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'പോര്‍ട്ടല്‍' 'ഡാര്‍ക്ക് മാറ്റര്‍', 'ഏലിയന്‍' തുടങ്ങിയ ആശയങ്ങള്‍ ട്രെയിലറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ എത്തുന്നതും ചിത്രത്തിന്റെ രസകരമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്.
വിഎഫ്എക്സ് ഷോട്ടുകളും ട്രെയിലറിന്റെ ഭാഗമായിട്ടുണ്ട്. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. പല അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും പുരസ്കാരങ്ങള്‍ നേടാന്‍ 'ഗഗനചാരി'യ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോപ്പൻഹേഗനിൽ വെച്ചു നടന്ന ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് 'ഗഗനചാരി' സ്വന്തമാക്കിയിരുന്നു.
സില്‍ക്ക് റോഡ് അവാര്‍ഡും മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍ ഫിലിമിനും മികച്ച നിര്‍മ്മാതാവിനുമുള്ള അവാര്‍ഡുകളും 'ഗഗനചാരി' നേടിയിരുന്നു. ഇറ്റലിയിലെ വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം അവസാന റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ ചിക്കാഗോയിലെ ഫാന്റസി/സയൻസ് ഫിക്ഷൻ, സ്‌ക്രീൻപ്ലേ ഫെസ്റ്റിവൽ, അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്കിലെ ഫിലിംസ്‌ക്യൂ സിനി ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്രമേളകളിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെത്തിരുന്നു.
'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗഗനചാരി'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്.
'അങ്കമാലി ഡയറീസ്', 'അനുരാഗ കരിക്കിന്‍ വെള്ളം', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'. 'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്ചേഴ്സ്, ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പിആർഒ- എസ് ദിനേശ്, ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...