25 രൂപയ്ക്ക് കിടന്നുകൊണ്ട് സിനിമ: അടിപൊളി തിയേറ്റര്‍ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍
വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന തിയേറ്ററിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി സിനിമ കാണാന്‍ സാധിക്കുന്നത്.
ചെന്നൈ: മള്‍ട്ടിപ്ലക്‌സുകള്‍ കൊള്ള നടത്തുന്ന കാലത്ത് സിനിമ തീയറ്ററുകളില്‍ നിന്നും അകന്നു നില്‍ക്കുന്നവരാണ് പല സിനിമ പ്രേമികളും. അങ്ങനെയുള്ളപ്പോള്‍ വെറും 25 രൂപയ്ക്ക് കിടന്ന് കൊണ്ട് സിനിമ കാണാന്‍ ഒരവസരം ലഭിച്ചാലോ?
അങ്ങനെ 25 രൂപ ചിലവില്‍ സിനിമ കാണാന്‍ സാധിക്കുന്ന ഒരു തീയറ്റര്‍ പരിചയപ്പെടുത്തുകയാണ് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.
ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ സിനിമ കാണാന്‍ സാധിക്കുന്ന തീയറ്ററിന്‍റെ ഉടമയെയാണ് വിനീത് പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നത്.
വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന തിയേറ്ററിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി സിനിമ കാണാന്‍ സാധിക്കുന്നത്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് വിനീത് തീയറ്ററിനെ പറ്റി പറഞ്ഞിരിക്കുന്നത്.
ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള ഒരു യാത്രയ്ക്കിടയിലാണ് തീയറ്ററിലെത്തുന്നതെന്നും വളരെ പ്രിയപ്പെട്ടൊരു അനുഭവമാണ് അത് തനിക്ക് സമ്മാനിച്ചതെന്നും വിനീത് പറയുന്നു.
ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎസ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.