Gold Movie : ഗോൾഡ് ഹിറ്റായാലും ഇല്ലെങ്കിലും മൂന്ന് ആഴ്ചയെ തിയറ്ററിൽ ഓടിക്കൂ; കാരണം മറ്റൊരു പൃഥ്വിരാജ് ചിത്രം
Gold Movie Latest Update നേരത്തെ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നപ്പോൾ പൃഥ്വിരാജ് നയൻതാര ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു
ഏറെ നാളുകളായിട്ടുള്ള കാത്തിരിപ്പിനൊടുവിലാണ് അൽഫോൺസ് പുത്രന്റെ പൃഥ്വിരാജ് നയൻതാര ചിത്രം ഗോൾഡ് തിയറ്ററുകളിൽ എത്തുന്നത്. ഈ കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രം സാങ്കേതിക പ്രശ്നങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാകാത്തതിനെ തുടർന്ന് റിലീസ് നീണ്ട് പോകുകയായിരുന്നു. കുറെ അഭ്യുഹങ്ങൾക്കും മറ്റ് സോഷ്യൽ മീഡിയ ചർച്ചകൾക്കും ഒടുവിൽ കേവലം ഒരാഴ്ചയ്ക്ക് മുമ്പാണ് ചിത്രത്തിന്റെ സഹനിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡ് ഡിസംബർ ഒന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്ന് അറിയിച്ചത്.
റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും ഗോൾഡ് ഒന്നാം തീയതി തന്നെ തിയറ്ററിൽ പ്രദർശനം ആരംഭിക്കുമോ എന്ന സംശയം ലിസ്റ്റിനിൽ തന്നെയുണ്ടായിരുന്നു. എന്നാൽ നാല് ദിവസങ്ങൾക്ക് മുമ്പ് ഗോൾഡിന് ക്ലീൻ യു സർട്ടിഫിക്കേറ്റ് സെൻസർ ബോർഡ് നൽകിയതോടെയാണ് ചിത്രത്തിലെ നായകനായി പൃഥ്വിരാജ് അക്ഷരാർഥത്തിൽ അൽഫോൺസ് പുത്രൻ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷൻ ആരംഭിച്ചത്. എന്നിരുന്നാലും ഈ റിലീസ് തീയതിയിൽ പൃഥ്വിരാജ് അത്രകണ്ട് സംതൃപ്തനായിരിന്നില്ല. അതുകൊണ്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും അത് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കാൻ നടൻ ആദ്യം മടിച്ചത്.
അതിന് കാരണം പൃഥ്വിരാജിന്റെ മറ്റൊരു ചിത്രമാണ്. ഫെഫ്കാ നിർമിക്കുന്ന ഷാജി കൈലാസ് ചിത്രം കാപ്പ ക്രിസ്മസ് റിലീസായി എത്തുമ്പോൾ പൃഥ്വിരാജിന്റെ തന്നെ അൽഫോൺസ് പുത്രൻ ചിത്രം ഒരു വെല്ലുവിളിയാകുമെന്ന് സംശയമാണ് നടനെ അസംതൃപ്തിപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം കാപ്പ നവംബർ 22ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. അങ്ങനെ ഇരിക്കെ അൽഫോൺസ് പുത്രൻ ചിത്രം കൂടി പോയാൽ 21 ദിവസം മാത്രമായിരിക്കും തിയറ്ററുകളിൽ പ്രദർശനം നടത്തുക. കൂടാതെ തിയറ്റർ റിലീസിന് മുമ്പെ തന്നെ സിനിമയുടെ ഒടിടി അവകാശവും സൈറ്റ്ലൈറ്റ് അവകാശവും അണിയറ പ്രവർത്തകർ വിറ്റൊഴിച്ചു.
നേരത്തെ ഓക്ടോബർ അവസാനത്തോടെയോ നവംബർ പകുതിയോടെയോ ഗോൾഡ് തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നത്. എന്നാൽ നീണ്ട് പോയ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ പൃഥ്വിരാജിൽ അസംത്യപ്തി ഉടലെടുക്കുകയും ചെയ്തുയെന്ന് അഭ്യുഹങ്ങളിൽ നിലനിൽക്കുന്നത്. ഇടയ്ക്കിടെ വിവരങ്ങൾ പങ്കുവച്ചിരുന്ന അൽഫോൺസ് പുത്രൻ ഗോൾഡുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും പിൻവലിക്കുകയും ചെയ്തു.
ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇനി സിനിമയുടെ ട്രെയിലറോ ഗാനമോ പുറത്ത് റിലീസിന് മുമ്പ് പുറത്ത് വിടില്ലയെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...