പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൻസ് പുത്രന്റെ ​ഗോൾഡ്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലികൾ പൂർത്തിയാകാത്തത്തിനാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിരവധി പേരാണ് റിലീസ് തിയതി എന്നാണെന്ന് ചോദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനായി പ്രേക്ഷകർ അത്രയധികം കാത്തിരിക്കുന്നു എന്നതാണ് ഈ ചോദ്യങ്ങളിലൂടെ വ്യക്തമാകുന്നത്. റിലീസ് തിയതി എന്നാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബർ മൂന്നിന് പങ്കുവെച്ച ​ഗോൾഡിന്റെ പോസ്റ്ററിന് താഴെ എന്നാണ് റിലീസ് എന്ന് ചോദിച്ച് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ചോദ്യത്തിന് ഉടൻ തന്നെ അൽഫോൻസിന്റെ ഉത്തരവും എത്തി. അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെ...


''കുറച്ചും കൂടി വർക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്...കുറച്ച് അറ്റകുറ്റ പണികൾ ബാലൻസ് ഇണ്ട്...അതു തീരുമ്പോൾ തന്നെ ഞാൻ തിയതി പറയാം. അത് വരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയേറ്ററിൽ നിന്ന് സജസ്റ്റ് ചെയ്ത ഡേയ്റ്റ്...പക്ഷേ...അന്ന് വർക്ക് തീർന്നില്ല...വേവാത്ത ഭക്ഷണം ആർക്കും ഇഷ്ടമാവില്ല ബ്രോ. അത് കൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാൻ തീരുമാനിച്ചു. തിയതി പ്രഖ്യാപിച്ച് റിലീസ് ചെയ്യാത്തതിൽ ഖേദിക്കുന്നു.''



വേവാനായി കാത്തിരിക്കുന്നു എന്നായിരുന്നു അൽഫോൻസിന്റെ പോസ്റ്റിന് ആരാധകരുടെ കമന്റ്. നിങ്ങൾക്ക് ആവശ്യമുള്ളത്ര വേവിച്ചോളൂ..ഞങ്ങൾ എല്ലാവരും കാത്തിരിക്കാൻ തയ്യാറാണ് എന്നായിരുന്നു മറ്റൊരു കമന്റ്.


Also Read: Gold Movie : പ്രേമം പോലെ തന്നെ; ഗോൾഡിന് ട്രെയിലർ ഇല്ല; റിലീസിന് മുമ്പ് ഒരു പാട്ട് അങ്ങ് ഇറക്കുമെന്ന് അൽഫോൺസ് പുത്രൻ


പൃഥ്വിരാജും നയൻതാരയുമാണ് ​ഗോൾഡിലെ നായികനായകന്മാർ. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് വിതരണം.


ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ലെന്ന് സംവിധായകൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് പുറത്ത് വിടുമെന്നായിരുന്നു അൽഫോൺസ് പുത്രൻ അറിയിച്ചത്. അൽഫോൺസ് തന്റെ ചിത്രം പ്രേമവും സമാനമായ രീതിയിലാണ് തിയറ്ററുകളിലെത്തിച്ചത്. ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനം മാത്രമായിരുന്നു സിനിമയുടെ റിലീസിന് മുമ്പ് ആകെ പ്രചാരണാർഥം പുറത്ത് വിട്ടത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്.


ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്.  അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.