Her Movie : ഹിസ് സ്റ്റോറിയല്ല…ഹെർ സ്റ്റോറി… ഹെർ സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്ത്
Her Movie Song : സയനോര ഫിലിപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പാർവ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹെറിലെ ആദ്യ ഗാനം പുറത്ത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. സയനോര ഫിലിപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് സ്ത്രീകളുടെ കഥപറയുന്ന ചിത്രമാണ് ഹെർ. ചിത്രം സംവിധാനം ചെയ്യുന്നത് ലിജിൻ ജോസാണ്. വ്യത്യസ്‍ത സാഹചര്യങ്ങളിൽ ജീവിക്കുന്ന 5 സ്ത്രീകൾ ഒരു പോയിന്റിൽ എത്തിച്ചേരുന്നതും തുടർന്ന് അവരുടെ ജീവിതങ്ങളിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
കാലിക പ്രാധാന്യമുള്ള ചില വിഷയങ്ങളാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം തോമസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചനാ വാസുദേവ് ആണ്. പാർവ്വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, ഉർവ്വശി, രമ്യാ നമ്പീശൻ, ലിജോ മോൾ ജോസ് എന്നിവരെ കൂടാതെ പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് രാഘവൻ, ശ്രീകാന്ത് മുരളി, മാലാ പാർവ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹെർ’. സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്' എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ്’ എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളര്‍ ഷിബു ജി സുശീലനുമാണ്. എം എം ഹംസയാണ് ചിത്രത്തിന്റെ കലാസംവിധാനം. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പിആര്‍ഒ വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...