IFFK 2022 : രാജ്യാന്തര ചലച്ചിത്രമേള: ഉദ്ഘാടന ദിവസം 13 ചിത്രങ്ങൾ; പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളും ലോകസിനിമ വിഭാഗത്തിൽ!
നാളെ രാവിലെ 10 മണി മുതൽ തമ്പാനൂരിലുള്ള കൈരളി തിയേറ്ററിലും വഴുതക്കാടുള്ള ടാഗോർ തിയേറ്ററിലും പ്രദർശനങ്ങൾ ആരംഭിക്കും.
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ആദ്യദിനത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നത് 13 ചിത്രങ്ങൾ. ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ പ്രദർശിപ്പിക്കുന്ന 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്. നാളെ രാവിലെ 10 മണി മുതൽ തമ്പാനൂരിലുള്ള കൈരളി തിയേറ്ററിലും വഴുതക്കാടുള്ള ടാഗോർ തിയേറ്ററിലും പ്രദർശനങ്ങൾ ആരംഭിക്കും.
യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ, വാർദ്ധക്യത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍ എന്നീ ചിത്രങ്ങൾ ആദ്യദിവസത്തെ പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
കൊവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീനും ആദ്യദിനമെത്തും. ഇതിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.
രാവിലെ 10 മുതൽ കൈരളി തിയേറ്ററിലും ടാഗോറിലും പ്രദർശനങ്ങൾ ആരംഭിക്കും. തുടർന്ന് ശ്രീ, കലാഭവന്‍ എന്നിവിടങ്ങളിൽ പ്രദർശനം ആരംഭിക്കും. സ്‌പെയിൻ ചിത്രമായ ദി കിംഗ് ഓഫ് ഓള്‍ ദി വേള്‍ഡ് ഉച്ചയ്ക്ക് 12.30 ന്കൈരളിയിലും,107 മദേഴ്സ് രാവിലെ 10.15 ന് കലാഭവനിലുമാണ് പ്രദർശിപ്പിക്കുക.
പോളണ്ടിലെ ഒരു ഹൈസ്‌കൂൾ വിദ്യാർഥിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 'ലീവ് നോ ട്രെയ്സസ് 'എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനവും വെള്ളിയാഴ്ചയാണ്. ഉച്ചയ്ക്ക് 12.15 ന് ശ്രീ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. അൽബേനിയൻ ചിത്രമായ ഹൈവ്, ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനവും വെള്ളിയാഴ്ച നടക്കും.
അതേസമയം, ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷനും നാളെ തുടക്കമാകും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ സീറ്റുകൾ റിസർവ് ചെയ്യാം.
കാണികൾ 24 മണിക്കൂറിന് മുൻപ് ചിത്രങ്ങൾ ബുക്ക് ചെയ്യണം. രാവിലെ 8 മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. ഡെലിഗേറ്റുകൾക്ക് രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ച് സീറ്റുകൾ ബുക്ക് ചെയ്യാം.
നിശാഗന്ധി ഓപ്പൺ തിയേറ്ററിലൊഴികെ എല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഇത്തവണ ഓഫ്‌ലൈൻ റിസർവേഷൻ ഉണ്ടായിരിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി അധികൃതർ അറിയിച്ചു. ഡെലിഗേറ്റുകൾ 15 മിനിട്ട് മുൻപ് തിയേറ്ററിൽ പ്രവേശിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി മാസ്ക് നിർബന്ധമായി ധരിക്കണമെന്നും അക്കാദമി സെക്രട്ടറി സി.അജോയ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക