തിരുവനന്തപുരം: യുവ തലമുറയിൽപ്പെട്ട നിരവധി ആളുകൾ ഗൗരവത്തോടെ ഐ.എഫ്.എഫ്.കെയിൽ സിനിമ കാണാനെത്തുന്നത് മേളയെ കൂടുതൽ ജനകീയമാക്കുന്നതായി സംവിധായകൻ സിബി മലയിൽ. മലയാളത്തിലെ സിനിമാസ്വാദകരുടെ വികാരമാണ് ചലച്ചിത്രമേള.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃത്യനിഷ്ഠയോടെ സിനിമ കണ്ട് സിനിമയെ കുറിച്ച് ചർച്ചചെയ്യുന്ന പുതുതലമുറയെ വാർത്തെടുക്കുന്ന ഒരു സമൂഹമാണ് ഐ.എഫ്.എഫ്.കെയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും സിബിമലയിൽ പറഞ്ഞു. ടാഗോർ തിയേറ്ററിൽ സീമലയാളം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


1996 ലാണ് ചലച്ചിത്രമേളയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. അന്ന് മുതൽ രണ്ടുവർഷക്കാലം 1998 വരെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനായിരുന്നു മേളയുടെ നടത്തിപ്പുകാർ. പിൽക്കാലത്ത് ചലച്ചിത്ര അക്കാദമി 1998 ൽ രൂപീകൃതമായി. ഇതോടെയാണ് മേളയുടെ നടത്തിപ്പ് അക്കാദമിയുടെ കീഴിലേക്ക് മാറുന്നത്. മേളയെക്കുറിച്ചുള്ള പഴയകാല ഓർമ്മകളിലേക്ക് ആദ്യം കടന്നുചെല്ലുമ്പോൾ ഇതാണ് ഓർമ്മവരുന്നത് - സിബിമലയിൽ ആമുഖമായി പറഞ്ഞു.


അക്കാലത്ത് ഗൗരവത്തോടെ കണ്ട് സിനിമ ആസ്വദിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. സിനിമ കാണാതെ അതിൻറെ സവിശേഷതയെ കുറിച്ച് വാചാലരാകുന്ന ഒരു കൂട്ടം ആളുകൾ അക്കാലത്തുണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ സാഹചര്യം മാറുകയാണ്. എല്ലാവരും തിയറ്ററുകളിൽ തന്നെയാണ്. തിയേറ്ററുകളിലെത്തി സിനിമ കണ്ടശേഷം വിലയിരുത്തലുകളും ചർച്ചകളുമായി ചെറുപ്പക്കാർ മുന്നോട്ടുപോകുന്നത് സന്തോഷം നൽകുന്നതാണ്. പുതുതലമുറ സിനിമയെ നെഞ്ചിലേറ്റുകയാണ് എന്നതാണ് ഇതിൽ നിന്ന് ദൃശ്യമാകുന്നത് - സിബി മലയിലിൻ്റെ വാക്കുകൾ.


കോവിഡ് ഭീതിയൊഴിഞ്ഞതോടെ ചലച്ചിത്രമേള കൂടുതൽ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് മഹാമാരി കാരണം മേളയിൽ വൻ പ്രേക്ഷക പങ്കാളിത്തം ഉണ്ടായിരുന്നില്ല. എന്നാൽ, ഇക്കുറി സാഹചര്യം മാറുകയാണ്. മേളയുടെ തുടക്കനാൾ മുതൽ തന്നെ ഇത് പ്രകടമാകുന്നുണ്ട്. സിനിമയുടെ നിർമ്മാണം, സാങ്കേതികത എന്നീഘടകങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 


തിയേറ്ററുകൾക്ക് പുറത്തേക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് കൂടി സിനിമയെത്തിരിക്കുന്നു. മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കുന്നുണ്ട്. ഒരുകാലത്ത് അപ്രാപ്യമായിരുന്ന സിനിമാമേഖല ഇന്ന് പ്രാപ്യമായ നിലയിലേക്ക് വളർന്നിരിക്കുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് യുവതലമുറ സിനിമ  ചിത്രീകരിക്കുന്നു. അതിൽ തന്നെ എഡിറ്റിംഗ് ഉൾപ്പെടെ നടത്തിയാണ് വിസ്മയങ്ങൾ സൃഷ്ടിക്കുന്നത്.- സിബി മലയിൽ മനസ്സ് തുറന്നു.


അഭിമുഖത്തിൽ ചില നിർദ്ദേശങ്ങളും സിബി മലയിൽ മുന്നോട്ടുവയ്ക്കാൻ മടിച്ചില്ല. സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സഹായം നൽകുന്നത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ്. ഒന്നരക്കോടി വീതം 3 കോടി ബജറ്റിൽ രണ്ടുപേർക്ക് നൽകുന്നതിനെ പ്രശംസിച്ച അദ്ദേഹം ഒന്നരക്കോടി നൽകുന്നതിന് പകരം 75 ലക്ഷം നൽകിയാൽ നാല് പേർക്ക് ഇത്തരത്തിൽ സിനിമ നിർമിക്കാനാകുമെന്നും സൂചിപ്പിച്ചു.


വിപണന സാധ്യതയുള്ള സിനിമയെക്കാൾ മികച്ച കലാമൂല്യമുള്ളവ നിർമ്മിക്കാനാണ് ഇങ്ങനെയുള്ള നിർമാതാക്കളും സംവിധായകരും ശ്രമിക്കുന്നത്. അതിനെ സ്വാഗതം ചെയ്യുന്നു - സിബി മലയിൽ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.