തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ഉറുഗ്വൻ ചിത്രം ' ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ' എന്ന ചിത്രത്തിന്റെ പ്രദർശനം വെള്ളിയാഴ്ച നടക്കും. സ്വവർഗാനുരാഗികളായ രണ്ട് യുവാക്കൾ കുട്ടികളുടെ സംരക്ഷരാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തൊഴിലിലും ജീവിതത്തിലും പരസ്പരം പങ്കാളികളാകുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ വികാസം മുന്നോട്ടുപോകുന്നത്. നാളെ തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേള 25 വരെ നീണ്ടു നിൽക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മനോലോ നിയെതോ സംവിധാനം ചെയ്ത ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ' എന്ന ചിത്രം രാവിലെ 10 ന് കൈരളി തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. അന്റാലായ ഗോൾഡൻ ഓറഞ്ച് ഫിലിം ഫെസ്റ്റിവലിലും,ജെറുസലേം ഫിലിം ഫെസ്റ്റിവലിലും പുരസ്‌കാരം നേടിയ ചിത്രം മേളയിലെ ലോകസിനിമ വിഭാഗത്തിലാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയും ആഭ്യന്തരയുദ്ധങ്ങളും ജീവിതപ്രതിസന്ധികളും തളർത്തിയ ജനതയുടെ അതിജീവനത്തിന്റെ പ്രതീകമായി മേളയുടെ സിഗ്നേച്ചർ ഫിലിമും ശ്രദ്ധേയമാകുകയാണ്. 


വെള്ളിയാഴ്ച ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള എട്ടു നാൾ നീണ്ടുനിൽക്കും. ഇക്കുറിയും പ്രധാനവേദി വഴുതക്കാട് ടാഗോർ തിയേറ്റർ തന്നെയാകും. 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് ചലച്ചിത്രമേളയിൽ 15 തിയേറ്ററുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയ്യേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്.


അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് ,നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.