ഓസ്ക്കാർ നോമിനേഷൻ നേടിയ `എ ഹീറോ` രാജ്യാന്തര ചലച്ചിത്രമേളയിൽ; മത്സര വിഭാഗത്തിൽ മലയാള ചിത്രം നിഷിദ്ധോയും; പ്രദർശനങ്ങൾ ഞായറാഴ്ച
കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരൻ
തിരുവനന്തപുരം: ഓസ്ക്കാർ നോമിനേഷൻ നേടിയ എ ഹീറോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് ഞായറാഴ്ച നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച ചലച്ചിത്രമേളക്ക് ഡെലിഗേറ്റുകൾ നിന്നുൾപ്പടെ സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. മേള 25 ന് സമാപിക്കും.
കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്‌ഗാർ ഫർഹാദി ചിത്രമാണ് 'എ ഹീറോ. കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരൻ രണ്ട് ദിവസത്തെ പരോളിൽ നാട്ടിലെത്തുമ്പോഴുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രത്തിന് കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ,ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6.30 ന് കനകക്കുന്നിലെ നിശാഗന്ധിയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
അതേസമയം, മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം നിഷിദ്ധോയുടെ ആദ്യ പ്രദർശനവും നാളെ നടക്കും. നവാഗതയായ താര രാമാനുജൻ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് 6.45ന് മുഖ്യ വേദിയായ ടാഗോർ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക.
രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം.അതിഥി തൊഴിലാളിയായ രുദ്രയുടെ ബന്ധുവിന്റെ മരണവും ശവസംസ്‌ക്കാരത്തിനുണ്ടാകുന്ന പ്രതിസന്ധികളിലൂടെയുമാണ് കഥയുടെ വികാസം. കെ.എസ്.എഫ്.ഡി.സിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...