IFFK 2022: സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതകളുടെ സംവിധാനത്തിൽ കെ.എസ്.എഫ്.ഡി.സി ആദ്യഘട്ടത്തിൽ നിർമ്മിച്ച രണ്ടു ചലച്ചിത്രങ്ങളിൽ ഒന്നായ നിഷിദ്ധോ 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ നിറഞ്ഞ സദസിൽ  പ്രദർശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓസ്ക്കാർ നോമിനേഷൻ നേടിയ 'എ ഹീറോ' രാജ്യാന്തര ചലച്ചിത്രമേളയിൽ; മത്സര വിഭാഗത്തിൽ മലയാള ചിത്രം നിഷിദ്ധോയും; പ്രദർശനങ്ങൾ ഞായറാഴ്ച


നവാഗതയായ താരാ രാമാനുജൻ ആണ് നിഷിദ്ധോയുടെ സംവിധായിക. ടാഗോർ തീയേറ്ററിലായിരുന്നു ഷോ.  സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം ചലച്ചിത്ര നിർമ്മാണത്തിനായി സമർപ്പിച്ച 60-ൽ ഏറെ തിരക്കഥകളിൽ നിന്ന് രഘുനാഥ് പലേരി നേതൃത്വം നൽകിയ ജൂറിയാണ് നിഷിദ്ധോ നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. 


കുക്കു പരമേശ്വൻ, ഫൗസിയ ഫാത്തിമ, ദീദി ദാമോദരൻ, മനീഷ് നാരായണൻ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വന്ന ദുർഗ്ഗാ വിഗ്രഹം നിർമ്മിക്കുന്നതിൽ നൈപുണ്യമുള്ള രുദ്ര എന്ന അതിഥി തൊഴിലാളിയും വയറ്റാട്ടിയായി ജോലി നോക്കുകയും അതേ സമയം മരണാനന്തര ക്രിയകൾ നിർവഹിക്കുകയും ചെയ്യുന്ന ചാവി എന്ന തമിഴ് പെൺകുട്ടിയുമായുള്ള സൗഹൃദം  മാറുന്ന കേരളത്തിന്റെ പശ്ചാത്തലത്തിൽ നിഷിദ്ധോ എന്ന ചിത്രം അവതരിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന തൻമയ് ധനാനിയ രുദ്രയായും കനി കുസൃതി ചാവിയായും നിഷിദ്ധോയിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു.


Also Read: Viral Video: വലിപ്പം വിഷയമല്ല.. അബോധാവസ്ഥയിൽ കിടന്ന മത്സ്യത്തിന് ജീവനേകി ആമ..!


പ്രസ്തുത ചിത്രം ചിത്രഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യം പൂർണ്ണമായും പ്രയോജനപ്പെടുത്തി കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധി മറികടന്ന് നിർമ്മിച്ചതാണ്.  ടാഗോർ തീയേറ്ററിൽ നടന്ന പ്രദർശനത്തിൽ ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും സന്നിഹിതരായിരുന്നു. സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം അടുത്ത ഘട്ടത്തിൽ കെ.എസ്.എഫ്.ഡി.സി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങളുടെ വിവരം ഉടൻ പ്രഖ്യാപിക്കും.