IMAX Trivandrum: സാധാരണ 3 ഡിയെക്കാൾ വലിപ്പമുള്ള ഗ്ലാസ്സ്, ഗംഭീര സ്ക്രീൻ; തിരുവനന്തപുരം ഐമാക്സിലെ ആദ്യ സിനിമ അനുഭവം
IMAX Trivandrum Opening: തീയറ്ററിലെത്തിയ ഭൂരിഭാഗം പ്രേക്ഷകർക്കും ഐമാക്സ് തീയറ്റര്‍ ഒരു വലിയ കൗതുകം തന്നെ ആയിരുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ തിരുവനന്തപുരത്തെ ലുലു മാളിൽ പി.വി.ആർ സൂപ്പർ പ്ലെക്സിന്‍റെ ഭാഗമായി പ്രവർത്തനമാരംഭിച്ചു. ഡിസംബർ 16 ന് അവതാർ ദി വേ ഓഫ് വാട്ടർ ഉദ്ഘാടന ചിത്രമായി ഐമാക്സിന്‍റെ പ്രവർത്തനമാരംഭിക്കും എന്നായിരുന്നു റൂമറുകൾ. എന്നാല്‍ തീയറ്ററിന്‍റെ നിർമ്മാണം നീണ്ടുപോയത് കാരണമാണം ഐമാക്സിന്‍റെ പ്രവർത്തനം ആരംഭിക്കാനും വൈകി. തുടർന്ന് ഡിസംബർ 22 രാവിലെ 6:45 നായിരുന്നു ഐമാക്സ് തീയറ്ററിലെ ആദ്യ പ്രദർശനം. അവതാർ ദി വേ ഓഫ് വാട്ടറാണ് നിലവിൽ ഇവിടെ പ്രദർശനം നടക്കുന്നത്. ആദ്യത്തെ ദിവസം വൻ തിരക്കാണ് ഐമാക്സിൽ അനുഭവപ്പെട്ടത്. ഏകദേശം 10 ലക്ഷത്തിന് മുകളിലുള്ള ഗ്രോസ് കളക്ഷൻ ആദ്യ ദിനം ഐമാക്സിൽ നിന്ന് ലഭിച്ചു എന്നാണ് കണക്കുകൾ.
ഇന്നലെ തീയറ്ററിലെത്തിയ ഭൂരിഭാഗം പ്രേക്ഷകർക്കും ഐമാക്സ് തീയറ്റര്‍ ഒരു വലിയ കൗതുകം തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ഹാളിനുള്ളിൽ പ്രവേശിച്ച ഉടൻ പ്രേക്ഷകർ ഐമാക്സ് സ്ക്രീനിന് മുന്നിൽ നിന്ന് സെൽഫിയും വീഡിയോകളും എടുക്കാൻ ആരംഭിച്ചു. ഐമാക്സ് ഹാളിലെ ഏറ്റവും വലിയ ആകർഷണം അവിടത്തെ സീറ്റുകളുടെ ക്രമീകരണമായിരുന്നു. ഏതാണ്ട് സ്റ്റേഡിയത്തിന് സമാനമായി കുത്തനെ മുകളിലേക്കാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവയിൽത്തന്നെ സീറ്റുകളുടെ ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. താഴെയുള്ള സീറ്റുകൾക്കാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കുറവ്. എങ്കിലും മറ്റ് ഐമാക്സുകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും മുന്നിലെ സീറ്റ് റോ സ്ക്രീനിനോട് വളരെയധികം അടുത്താണ് ക്രമീകരിച്ചിട്ടുള്ളത്.
ഇത് കാരണം തിരുവനന്തപുരം ഐമാക്സ് തീയറ്ററിലെ മുന്നിലെ സീറ്റുകളിൽ ഇരിക്കുന്നവർക്ക് സിനിമ കാണാൻ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. ഐമാക്സ് എന്ന് ലേബൽ ചെയ്തിട്ടുള്ള പ്രത്യേക തരം സീറ്റുകളാണ് ഇവിടെയുള്ളത്. ഐമാക്സിന്‍റെ 3 ഡി ഗ്ലാസ്സുകൾക്കുമുണ്ട് നിരവധി പ്രത്യേകതകൾ. സാധാരണ 3 ഡി ഗ്ലാസ്സുകളേക്കാൾ നല്ല വലിപ്പമുള്ള ഗ്ലാസ്സുകളാണ് ഐമാക്സ് 3 ഡി ഗ്ലാസ്സുകൾ. അതുകൊണ്ടുതന്നെ ഐമാക്സിലെ വലിയ സ്ക്രീനിൽ എവിടേക്കും യധേഷ്ടം നോക്കാൻ സാധിക്കും. സാധാരണ 3 ഡി സിനിമകളേക്കാൾ നല്ല ഒറിജിനാലിറ്റി ഉള്ള 3 ഡി എഫക്ടാണ് ഐമാക്സിലുള്ളത്.
ഇത് കാരണം പാൻഡോറ ഗ്രഹത്തിന്‍റെ മനോഹാരിത പ്രേക്ഷകർക്ക് നല്ലതുപോലെ ആസ്വദിക്കാൻ സാധിക്കും. സാധാരണ സ്ക്രീനുകളേക്കാൾ അസാധാരണമായ വലിപ്പം ഐമാക്സ് സ്ക്രീനിനുണ്ട്. തീയറ്റർ ഹാളിന്‍റെ താഴെ മുതൽ മുകളിൽ മേൽക്കൂര വരെയും രണ്ട് വശങ്ങളിലും മുഴുവനായി നിറഞ്ഞ് നിൽക്കുന്ന കർവ്ഡ് സ്ക്രീനാണ് ഇവിടെ ഉള്ളത്. സാധാരണ തീയറ്ററുകളേക്കാൾ തിളക്കമേറിയ ദൃശ്യങ്ങളാണ് ഐമാക്സ് സ്ക്രീനിൽ കാണാൻ സാധിച്ചത്. സാധാരണ സ്ക്രീനിനേക്കാൾ കൂടുതൽ ദൃശ്യങ്ങളും ഐമാക്സിൽ കാണാൻ കഴിഞ്ഞു. ശബ്ദ ക്രമീകരണം ഡോൾബി അറ്റ്മോസ് അല്ലായിരുന്നു. അതുകൊണ്ടാകണം ദൃശ്യങ്ങൾ കൊണ്ട് സൃഷ്ടിച്ച ആ അത്ഭുതം ശബ്ദത്തിന് നൽകാൻ സാധിച്ചില്ല.
ഐമാക്സ് ടിക്കറ്റ് നിരക്ക്
കേരളത്തിലെ ആദ്യ ഐമാക്സ് തീയറ്റർ, ക്രിസ്മസ് അവധിക്കാലം എന്നീ കാരണങ്ങൾ കാരണം ആയിരിക്കാം തിരുവനന്തപുരത്തെ ഐമാക്സിലെ ടിക്കറ്റ് നിരക്ക് ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലെ ഐമാക്സ് തീയറ്ററുകളേക്കാൾ കൂടുതലായിരുന്നു. ധാരാളം പ്രേക്ഷകർ ഐമാക്സിനെക്കുറിച്ച് ഉന്നയിച്ച പരാതിയും ഇതു തന്നെ ആയിരുന്നു. എന്നാല്‍ ക്രിസ്മസ് ന്യൂ ഇയർ അവധിക്കാലം അവസാനിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് സൂചന. നിലവിൽ 830 രൂപ മുതൽ 1230 വരെയാണ് ടിക്കറ്റ് നിരക്ക്.
ഐമാക്സ് സ്ക്രീനിനെ പലരും താരതമ്യപ്പെടുത്തിയത് തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തീയറ്ററിലെ ഓഡി വണ്ണിനോടായിരുന്നു. ഏരീസ് പ്ലക്സിന്‍റെ തീയറ്റർ ഹാൾ ഐമാക്സിനേക്കാൾ വലിപ്പമേറിയതാണ്. സീറ്റുകളുടെ എണ്ണത്തിലും മുന്നിൽ ഏരീസ് പ്ലക്സ് തന്നെ. എങ്കിലും സ്ക്രീനിന്‍റെ വലിപ്പത്തിൽ ഐമാക്സ് ആണ് ബഹുദൂരം മുന്നിൽ നിൽക്കുന്നത്. ഐമാക്സിലെ കൂറ്റൻ സ്ക്രീനിന് മുന്നില്‍ ഏരീസ് പ്ലക്സിലെ സ്ക്രീൻ കുറച്ച് കുഞ്ഞനാണെന്ന് പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...