ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജാക്ക് ആന്‍റ് ജിൽ'. മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, അജു വർഗ്ഗീസ്, ബേസിൽ ജോസഫ്, നെടുമുടി വേണു, ഇന്ദ്രൻസ്, എസ്തർ തുടങ്ങി ഒരു വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ഇത്. ട്രൈലറിൽ കണ്ടത് പോലെ തന്നെ ഒരു കോമഡി, സയൻസ് ഫിഷൻ കാറ്റഗറിയിലുള്ള 'ജാക്ക് ആന്‍റ് ജിൽ' മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽത്തന്നെ അധികം കണ്ടിട്ടില്ലാത്ത ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാളിദാസ് ജയറാം അവതരിപ്പിക്കുന്ന ക്രിഷ് എന്ന കഥാപാത്രം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെക്കുറിച്ച് പഠനം നടത്തുന്ന ഒരു ശാസ്ത്രഞ്ജനാണ്. അമേരിക്കയിലെ തന്‍റെ ഗവേഷണത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ക്രിഷ് താൻ വികസിപ്പിച്ചെടുത്ത ഒരു 'എ.ഐ സോഫ്റ്റ് വെയർ' ഒരു മനുഷ്യനിൽ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നതും ഇതിനെത്തുടർന്ന് നടക്കുന്ന ചില സംഭവ വികാസങ്ങളുമാണ് 'ജാക്ക് ആന്‍റ്  ജിൽ' എന്ന ചിത്രത്തിന്‍റെ പ്രമേയം. ക്രിഷ് വികസിപ്പിച്ചെടുത്ത 'എ.ഐ സോഫ്റ്റ് വെയർ' ആയി അഭിനയിക്കുന്നത് സൗബിനാണ്. 

Read Also: 'ഞാൻ പ്രതീക്ഷിച്ച അത്ര നന്നായിട്ടില്ല', മുത്താരംകുന്ന് പിഒയിലെ കോമഡി രംഗവുമായി ഭാവനയും ശിൽപ ബാലയും


ഹോളീവുഡിൽ പുറത്തിറങ്ങിയ 'ഹെർ' എന്ന ചിത്രത്തിൽ 'സ്കാർലറ്റ് ജൊഹാൻസൺ' ഒരു എ.ഐ സോഫ്റ്റ് വെയറിന്‍റെ വേഷം അവതരിപ്പിച്ചത് കേരളത്തിലെ സിനിമാ പ്രേമികൾ കണ്ടിട്ടുണ്ട്.  'ജാക്ക് ആന്‍റ്  ജിൽ' എന്ന ചിത്രത്തിലൂടെ നല്ല പച്ച മലയാളത്തിൽ തമാശ പറയുകയും കളിയും ചിരിയുമായി പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന ഒരു 'എ.ഐ സോഫ്റ്റ് വെയറിനെ' സന്തോഷ് ശിവൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. സൗബിൻ തന്‍റെ തനത് ശൈലിയിൽ വ്യത്യസ്തമായ ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ക്രിഷ് എന്ന കഥാപാത്രം തന്‍റെ 'എ.ഐ സോഫ്റ്റ് വെയറിനെ' ഇൻസ്റ്റാൾ ചെയ്യാനായി തെരഞ്ഞെടുക്കുന്ന വ്യക്തി ആയാണ് മഞ്ജു വാരിയർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.


പാർവതി എന്നാണ് മഞ്ജു വാരിയറുടെ കഥാപാത്രത്തിന്‍റെ പേര്. ഒരു പ്രത്യേക സാഹചര്യത്തിൽ മാനസിക നില തകരാറിലായ ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ മഞ്ജു വാരിയർ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിലേതിന് സമാനമായി മഞ്ജു വാരിയർ പാട്ടും ഡാൻസും ഫൈറ്റ് സീനുകളും എല്ലാംകൊണ്ട് ഈ ചിത്രത്തിൽ അക്ഷരാർദ്ധത്തിൽ നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് പൃഥ്വിരാജ് സുകുമാരൻ നൽകിയ വിവരണം സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരെ കഥയിലേക്ക് കൂടുതൽ എൻഗേജ് ചെയ്യിക്കുന്നതിന് സഹായകരം ആയിട്ടുണ്ട്. 

Read Also: Shalin Zoya : കാഷ്വൽ ഡ്രെസ്സിൽ ക്യൂട്ടായി ശാലിൻ സോയ; ചിത്രങ്ങൾ കാണാം


പക്ഷെ ഏറ്റവും മികച്ച ഒരു കാസ്റ്റിങ്ങ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സന്തോഷ് ശിവന് സാധിച്ചിട്ടില്ല എന്നത് വളരെയധികം നിരാശാജനകം ആണ്. ചിത്രം അതിന്‍റെ തിരക്കഥയിലും മേക്കിങ്ങിലും പൂർണ്ണമായും പരാജയപ്പെടുന്ന ഒരു അവസ്ഥയാണ് 'ജാക്ക് ആന്‍റ് ജില്ലിൽ' കാണാൻ സാധിച്ചത്. സന്തോഷ് ശിവന്‍റെ മലയാളത്തിലെ മുൻ ചിത്രങ്ങളായ 'അനന്തഭദ്രത്തിലും' 'ഉറുമിയിലും' ഏറ്റവും മികച്ച് നിന്നത് ശക്തമായ തിരക്കഥയും കെട്ടുറപ്പുള്ള സംഭാഷണങ്ങളുമായിരുന്നു. 


ഹോറർ ഫാന്‍റസി വിഭാഗത്തിൽപ്പെട്ട 'അനന്തഭദ്രവും', ഹിസ്റ്റോറിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെട്ട 'ഉറുമിയും' സന്തോഷ് ശിവൻ തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. അത്കൊണ്ട് തന്നെ ഈ വിഭാഗത്തിൽ മലയാളത്തിൽ ഇന്നേവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വച്ച് മികച്ച ചിത്രങ്ങളായി ഇവ ഇന്നും വാഴ്ത്തപ്പെടുന്നുണ്ട്. തന്‍റെ ആദ്യ രണ്ട് ചിത്രങ്ങളിലേത് പോലെ തന്നെ വ്യത്യസ്തമായ ഒരു വിഷയം 'ജാക്ക് ആന്‍റ്  ജില്ലിലും' സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, 'അനന്തഭദ്രത്തിലും' 'ഉറുമിയിലും' കണ്ട ഒരു സന്തോഷ് ശിവൻ മാജിക്ക് ഈ ചിത്രത്തിൽ കാണാൻ സാധിച്ചില്ല. 

Read Also: Cobra Movie Release : വിക്രമിന്റെ കോബ്ര ഉടൻ തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു


മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നർമ്മ രംഗങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള ചിത്രമായിരുന്നു ജാക്ക് ആന്‍റ് ജില്‍. എന്നാൽ അനന്തഭദ്രത്തിലെ 'മറവി മത്തായിയിലൂടെയും' ഉറുമിയിലെ 'വവ്വാലിയിലൂടെയും' സന്തോഷ് ശിവൻ വെള്ളിത്തിരയിൽ കൊണ്ട് വന്ന നർമ്മത്തിന്‍റെ അത്ര പോലും ഈ ചിത്രത്തിലെ മുഴുവൻ നർമ്മ രംഗങ്ങൾക്കും പ്രേക്ഷകരെ രസിപ്പിക്കാൻ സാധിക്കാതെ പോകുന്നുണ്ട്. ചില രംഗങ്ങളിലെ സൗബിന്‍റെ കഥാപാത്രത്തിന്‍റെ അനാവശ്യ കൗണ്ടർ അടികൾ വല്ലാത്ത ഒരു കല്ല്കടിയായി അനുഭവപ്പെട്ടു. 


അദ്ദേഹം മുൻപ് അവതരിപ്പിച്ച അമ്പിളി എന്ന കഥാപാത്രത്തിന്‍റെ ഹാങ്ങ് ഓവർ ഇനിയും അദ്ദേഹത്തെ വിട്ട് പോകാത്തത് പോലെയാണ് ജാക്ക് ആന്‍റ് ജില്ലിലെ അദ്ദേഹത്തിന്‍റെ പ്രകടനം കണ്ടപ്പോൾ അനുഭവപ്പെട്ടത്. സന്തോഷ് ശിവന്‍റെ മുൻ ചിത്രങ്ങളെപ്പോലെ മികച്ച ഒരു വില്ലനെ ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ സാധിക്കാത്തത് ഈ ചിത്രത്തിന് വലിയൊരു പോരായ്മയായി മാറുന്നുണ്ട്. ഇത് കാരണം പ്രേക്ഷകർക്ക് ടെൻഷനും ഉദ്വേഗവും നൽകാൻ 'ജാക്ക് ആന്‍റ് ജില്ലിന്' സാധിക്കാതെ പോകുന്നു. കാളിദാസ് ജയറാം ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഓർത്ത് ഇരിക്കത്തക്ക ഒന്നും അദ്ദേഹത്തിന്‍റെ കഥാപാത്രം സിനിമയിൽ നൽകുന്നില്ല. 

Read Also: Thrayam Movie : ആമ്പലേ നീലാംമ്പലേ; ധ്യാൻ ശ്രീനിവാസൻ ചിത്രം ത്രയത്തിലെ ആദ്യ ഗാനമെത്തി


നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗ്ഗീസ് എന്നിവർ തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. എന്നാൽ ബേസിൽ ജോസഫിന്‍റെ 'രവി' എന്ന കഥാപാത്രത്തിൽ വല്ലാത്തൊരു നാടകീയത അനുഭവപ്പെട്ടു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ നല്ല മെയ് വഴക്കത്തോടെ മികച്ച രീതിയിൽ മഞ്ജു വാരിയർ കൈകാര്യം ചെയ്തു. മഞ്ജു വാരിയർ പാടിയ 'കിം കിം കിം കിം' എന്ന ഗാനം ഉള്‍പ്പെടെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു. ഒരു ഗാനരംഗത്തിന് അകമ്പടിയായി മഞ്ജു വാരിയർ ചെയ്ത ഒരു ക്ലാസ്സിക്കൽ നൃത്തരംഗം ചിത്രത്തിൽ ഓർത്തിരിക്കാൻ സാധിക്കുന്ന ചുരുക്കം രംഗങ്ങളിൽ ഒന്നാണ്. ചുരുക്കത്തിൽ തനിക്ക് ലഭിച്ച നായികാ കഥാപാത്രത്തെ മഞ്ജു വാരിയർ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടും തിരക്കഥയിലെയും സംവിധാനത്തിലെയും ന്യൂനതകൾ കാരണം ശോഭ മങ്ങിയ ഒരു ചിത്രമാണ് ജാക്ക് ആന്‍റ് ജിൽ.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ