Kaathal - The Core Movie Review: `സമൂഹ`ത്തെ പൊളിച്ചടുക്കുന്ന `കാതൽ`, വീണ്ടും മമ്മൂട്ടിയുടെ പരകായപ്രവേശം
Kaathal - The Core Movie Review: മികച്ച മലയാള സിനിമകളുടെ പട്ടികയിൽ മുൻ നിരയാലാകും കാതലിന്റെ സ്ഥാനം എന്ന് ഉറപ്പിച്ച് പറയാം.
മികച്ച മലയാള സിനിമകളുടെ പട്ടികയിൽ കാതലിൻറെ സ്ഥാനം തലപ്പത്ത് ഉണ്ടാകും. മമ്മൂട്ടി കമ്പനിയുടെ ജൈത്രയാത്രയുടെ നാലാമത്തെ സിനിമ സമൂഹത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. സ്വവർഗാനുരാഗിയായ മാത്യു ദേവസി എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഇതിലും മികച്ചതാക്കാൻ ഇന്ത്യൻ സിനിമയിൽ ആർക്ക് സാധിക്കും? ആദർശ് സുകുമാരൻ - പോൾസൻ സ്കറിയ എന്ന എഴുത്തുകാരുടെ സിനിമയാണ് കാതൽ. കവിത പോലെ മനോഹരമായ തിരക്കഥ മലയാള സിനിമയിൽ ചുരുക്കം മാത്രം ഇന്നത്തെ കാലത്ത് സംഭവിക്കുമ്പോൾ കാതൽ മലയാള സിനിമയുടെ പ്രതാപം തിരിച്ച് പിടിക്കുകയാണ്.
ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ നമുക്ക് ഒരു 'കാതൽ' ഉണ്ട് എന്ന് പറഞ്ഞ് എടുത്ത് വയ്ക്കാൻ കഴിയുന്ന സിനിമ. ഓമന എന്ന ജ്യോതിക അവതരിപ്പിച്ച കഥാപാത്രം മാജിക്കൽ ആയിട്ടാണ് പ്രസന്റ് ചെയ്തിരിക്കുന്നത്. ജിയോ ബേബി എന്ന സംവിധായകന്റെ മുൻ സിനിമകൾ പോലെ തന്നെ സമൂഹത്തിന്റെ ചെവിക്കൽ നോക്കി ഒരു അടിയായി കാതൽ മാറുന്നു.
ALSO READ: ചാവേർ ഇന്ന് ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?
മാത്യു ദേവസിയും ഓമനയും തമ്മിലെ 'സമൂഹം' വിളിക്കുന്ന ദാമ്പത്യത്തിലൂടെ സിനിമ കടന്ന് ചെല്ലുമ്പോൾ കഥാപാത്രങ്ങൾ തീർത്തും റിയലിസ്റ്റിക്കായി ആദ്യ ഫ്രെയിം മുതൽ സംവിധായകൻ നിലനിർത്തുന്നു. മാത്യുവിന്റെ ജീവിതവും സമൂഹത്തെയും കുടുംബത്തെയും ഭാര്യയെയും പേടിച്ച് സ്വന്തം ലൈംഗികത സമൂഹത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്നത് കൊണ്ട് മാത്രം മറച്ച് പിടിക്കുകയും സ്വവർഗാനുരാഗിയാണ് താൻ എന്ന് സ്വന്തം അച്ഛന് ചെറുപ്പത്തിൽ തന്നെ മനസ്സിലായിട്ടും കല്യാണം കഴിച്ചാൽ ശെരിയാകും എന്ന് അച്ഛൻ പറഞ്ഞതുകൊണ്ട് അതിന് പോലും തയ്യാറായി നിൽക്കുന്ന മാത്യു ജീവിതത്തിൽ ശ്വാസം ഒന്ന് എടുക്കാൻ പോലും ഭയപ്പെട്ടിരുന്നു. മമ്മൂട്ടി ഓരോ സിനിമയും കഴിയുമ്പോഴും അത്ഭുതപ്പെടുത്തുന്നത് ശീലമാക്കി മാറ്റിയിരിക്കുന്നത് കൊണ്ട് പ്രേക്ഷകൻ എന്ന നിലയിൽ അത്ഭുതം കുറവായിരുന്നു. ഓരോ സീനിലും രാഷ്ട്രീയം സംസാരിക്കുന്ന ജിയോ ബേബി ഞെട്ടിക്കുകയും ചെയ്തു.
ഓമനയായി ജ്യോതിക ജീവിക്കുകയായിരുന്നു. ആദ്യ സീൻ മുതൽ ജ്യോതികയുടെ കൈയ്യിൽ കഥാപാത്രം ഭദ്രം. ചെറുതും വലുതുമായി സിനിമയിൽ അഭിനയിച്ച എല്ലാ വ്യക്തികളും താരങ്ങളായി മാറി. കൈയ്യടികളോടെ അല്ലാതെ കാതൽ കണ്ട് തീയേറ്ററുകളിൽ നിന്ന് പുറത്തേക്കിറങ്ങാൻ സാധിക്കില്ല.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.