കുറച്ച് കാലങ്ങളായി മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് അന്യഭാഷാ സിനിമകളില്‍ വലിയ ഡിമാന്റ് ആണ്. പൃഥ്വിരാജും ഫഹദ് ഫാസിലു ദുല്‍ഖര്‍ സല്‍മാനും, അപര്‍ണ ബാലമുരളിയും ലിജോമോള്‍ ജോസും എല്ലാം മറുഭാഷകളില്‍ ഏറെ പേരെടുത്തുകഴിഞ്ഞു. മലയാള സിനിമയാണെങ്കില്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്(കലാമൂല്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തിലും).


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പോഴാണ് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്ത് വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണത്. നേരത്തേ, ധനുഷിനൊപ്പം ജഗമേ തന്തിരത്തില്‍ അഭിനയിച്ച ജോജുവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്റെ തഗ് ലൈഫിലും ജോജു ഉണ്ട്. 


ബോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകന്‍ ആയ അനുരാഗ് കശ്യപിന്റെ സിനിമയില്‍ ആണ് ജോജു ജോര്‍ജ്ജ് അഭിനയിക്കുന്നത്. ബോബി ഡിയോള്‍ ആണ് സിനിമയിലെ നായകന്‍. സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി. സിനിമയുടെ മറ്റ് വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റുമായി ബന്ധപ്പെട്ട ത്രില്ലര്‍ സംഭവങ്ങളാണ് സിനിമയ്ക്ക് അടിസ്ഥാനം എന്നാണ് വിവരം.


സൂര്യ നായകനാകുന്ന മറ്റൊരു തമിഴ് ചിത്രത്തിലും ജോജു അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജോജു തന്നെ സംവിധാനം ചെയ്യുന്ന സിനിമയും പുറത്ത് വരുന്നുണ്ട്. 'പണി' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രത്തിന് ശേഷമായിരിക്കും 'പണി' റിലീസ് ചെയ്യുക.


മലയാള സിനിമയില്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ട് മുന്‍നിരയില്‍ എത്തിയ താരമാണ് ജോജു ജോര്‍ജ്ജ്. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചതിന് ശേഷമായിരുന്നു ജോജുവിന് സംഭാഷണങ്ങളുള്ള കഥാപാത്രങ്ങള്‍ ലഭിച്ചുതുടങ്ങിയത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. നേരം, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും, 1983, രാജാധിരാജ, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകളിലൂടെ ജോജു വലിയ പ്രേക്ഷക ശ്രദ്ധ നേടി. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല തുടങ്ങിയ സിനിമകളിലൂടെ നായക വേഷത്തിലേക്കും എത്തി. 


ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജ്ജുവിന് മികച്ച പ്രകടനത്തിനുള്ള പ്രത്യക പരാമര്‍ശം ലഭിക്കുകയുണ്ടായി (ദേശീയ ചലച്ചിത്ര പുരസ്‌കാരം). 2021 ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജോലുവിനായിരുന്നു. 2015 ല്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചു. 2018 ല്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും ജോജു ജോര്‍ജ്ജിന് ലഭിച്ചിരുന്നു.


ജോഷി സംവിധാനം ചെയ്ത ആന്റണി ആണ് ജോജുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചാര്‍ളി മുതല്‍ ഇരട്ട വരെ ഏഴ് ചിത്രങ്ങള്‍ ജോജു ജോര്‍ജ്ജ് നിര്‍മിച്ചിട്ടും ഉണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.