പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതികള്‍. ഡാനിയേല എന്ന പേരിലുള്ള യുവതിയാണ് ബീബറിനെതിരേ ആദ്യമായി ആരോപണവുമായി രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2014 ല്‍ ടെക്‌സസില്‍ നടന്ന ഒരു ചടങ്ങിന് ശേഷം തന്നെയും സുഹൃത്തുക്കളെയും ബീബര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതി ട്വിറ്ററിലൂടെ ആരോപിച്ചത്. ജൂണ്‍ 20നായിരുന്നു ഈ ട്വീറ്റ്. ഇത് വലിയ ചര്‍ച്ചയാകുകയും ബീബര്‍ പരസ്യപ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ ആ ട്വീറ്റ് അപ്രത്യക്ഷമായി.



ഇതിന് പിന്നാലെ മറ്റൊരു യുവതിയും ബീബറിനെതിരെ ലൈംഗിക ആരോപണവുയി രംഗത്ത് വന്നു. എന്നാല്‍ ബീബര്‍ ഇതെല്ലാം നിഷേധിച്ചു.’എനിക്കെതിരേ ഇതുപോലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ല.. എന്നാല്‍ ഇപ്പോള്‍ ഭാര്യയുമായും എന്റെ ടീമുമായും സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് ജസ്റ്റിന്‍ കുറിച്ചു. തൊട്ടുപിന്നാലെ തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ജസ്റ്റിന്‍ പോസ്റ്റ് ചെയ്തു.



‘കിംവദന്തികള്‍ കിംവദന്തികള്‍ മാത്രമാണ്.. എന്നാല്‍ ലൈംഗിക ആരോപണം നിസ്സാരമായ കാര്യമല്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് ആഗ്രഹം. പക്ഷെ ഇതുപോലെയുള്ള പ്രശ്‌നങ്ങളുമായി ദിനംതോറും ഇടപെടേണ്ടി വരുന്ന ഇരകളോടുള്ള ബഹുമാനാര്‍ഥത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തുന്നതിന് മുമ്പായി കുറച്ചു കൂടി വസ്തുതകള്‍ ഉറപ്പാക്കുകയാണെന്ന് ബീബര്‍ പറഞ്ഞു.



ഒരു കൂട്ടം ട്വീറ്റുകളിലൂടെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചായിരുന്നു പ്രതികരണം. മാര്‍ച്ച് 9ന് ടെക്‌സസിലെ ഒരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ആ സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. മുന്‍കാമുകി സെലീന ഗോമസിനൊപ്പമായിരുന്നു. 



ലൈംഗിക ആരോപണം ഗൗരവകരമായ ഒരു സംഗതിയാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതികരണം വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്നത് യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം- ജസ്റ്റിന്‍ ട്വീറ്റ് ചെയ്തു.