Kaapa Movie: `തിരു തിരു തിരുവനന്തപുരത്ത്`; നാടൻ പ്രോമോ പാട്ടുമായി `കാപ്പ` ടീം; ചിത്രം തിയേറ്ററുകളിലേക്ക്
ഗുണ്ട തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്
പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് കാപ്പ. ചിത്രം രണ്ട് ദിവസത്തിനുള്ളിൽ തിയേറ്ററുകളിലെത്തും. ഡിസംബർ 22നാണ് കാപ്പയുടെ റിലീസ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രോമോ സോങ് അണിയറക്കാർ പുറത്തിറക്കി. തിരു തിരു തിരുവനന്തപുരത്ത് എന്ന ഗാനമാണ് പുറത്തിറക്കിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സുഭാഷ് ബാബു, അനുഗ്രഹ് ദിഗോഷ്, അഖിൽ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒന്നാം മണി കിണറ്റിൽ എന്ന നാടൻ പാട്ടും കൂടി ചേർത്താണ് ഗാനമൊരുക്കിയിട്ടുള്ളത്.
ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായുള്ള ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ. അന്ന ബെൻ, ജഗീഷ്, നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്.
ജി ആർ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവലാണിത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. തിയറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണക്കമ്പനിയുമായി ചേർന്നാണ് റൈറ്റേഴ്സ് യൂണിയൻ ചിത്രം നിർമ്മിക്കുന്നത്.
Also Read: Avatar Box Office: ബോക്സ് ഓഫീസിൽ കിതച്ച് അവതാർ ദി വേ ഓഫ് വാട്ടർ; പ്രവചിച്ച കളക്ഷനും താഴെ?
ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. സംഗീതം ജസ്റ്റിൻ വർഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യർ. സ്റ്റിൽസ് ഹരി തിരുമല. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം, അനിൽ മാത്യു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...