അടിയന്തരാവസ്ഥ മുതൽ നരേന്ദ്ര മോദി വരെ;ലാൽ സിങ്ങ് ഛദ്ദ പറഞ്ഞ രാജ്യത്തിൻറെ പ്രധാന സംഭവങ്ങൾ
1975 കാലഘട്ടത്തിൽ ജനിച്ച വ്യക്തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലാൽ സിങ്ങ് ഛദ്ദ. അദ്ദേഹം തന്‍റെ 3 വയസ് മുതൽ 50 വയസ് വരെ കാണുന്ന ഇന്ത്യയെയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
ഫോറസ്റ്റ് ഗംപ് എന്ന പ്രശസ്ത ഹോളീവുഡ് ചിത്രത്തിന്‍റെ റീമേക്ക് ആണ് ആമിർ ഖാൻ നായകനായി അഭിനയിച്ച ലാൽ സിങ്ങ് ഛദ്ദ. ഒരു സാധാരണക്കാരന്‍റെ ജീവിതത്തിലൂടെ അമേരിക്കയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ പരാമർശിച്ച് പോകുന്ന ചിത്രമായിരുന്നു 1994 പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ്. ഈ ചിത്രം ഇന്ത്യൻ സാഹചര്യത്തിൽ പുനർ നിർമിച്ചപ്പോൾ ലാൽ സിങ്ങ് ഛദ്ദയിലൂടെ ഇന്ത്യൻ ചരിത്രത്തെ നോക്കി കാണാനാണ് തിരക്കഥാകൃത്തായ അതുൽ കുൽകർണി ശ്രമിച്ചത്. 1975 കാലഘട്ടത്തിൽ ജനിച്ച വ്യക്തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലാൽ സിങ്ങ് ഛദ്ദ. അദ്ദേഹം തന്‍റെ 3 വയസ് മുതൽ 50 വയസ് വരെ കാണുന്ന ഇന്ത്യയെയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. അടിയന്തരാവസ്ഥയുടെ അന്ത്യം
ലാൽ സിങ്ങ് ഛദ്ദ എന്ന മൂന്ന് വയസുകാരൻ വഴിയോരക്കടയിലെ റേഡിയോയിലൂടെ അടിയന്തരാവസ്ഥ അവസാനിച്ചു എന്ന് പ്രധാന മന്ത്രി ഇന്ദിരാഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് കേൾക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് കേട്ട് പരിസരത്തുള്ളവർ അതിനെക്കുറിച്ച് സംസാരിക്കുന്നതും കാണിച്ചിരിക്കുന്നു.
2. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ലോക കപ്പ് വിജയം
കുട്ടിയായ ലാൽ സിങ്ങ് ഛദ്ദ തന്‍റെ ബാല്യകാല സഖി റൂപ്പയോടൊപ്പം കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ക്രിക്കറ്റ് ലോക കപ്പ് സ്വന്തമാക്കുന്ന മത്സരം കണ്ട് ആഘോഷിക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. അന്ന് ടെലിവിഷൻ കുറവ് ആയിരുന്നതിനാൽ നിരവധി നാട്ടുകാരും ഒപ്പം ടിവി കാണുന്നതും ഈ രംഗത്തിന്‍റെ പ്രത്യേകതയാണ്.
3. ബ്ലൂസ്റ്റാർ ഓപ്പറേഷൻ
ലാൽ സിങ്ങ് തന്‍റെ ഗ്രാമത്തിൽ നിന്ന് അമൃത്സറിലുള്ള ബന്ധു വീട്ടിലേക്ക് പോയപ്പോഴാണ് സുവർണ്ണ ക്ഷേത്രത്തിൽ ബ്ലൂ സ്റ്റാർ ഓപ്പറേഷൻ നടക്കുന്നത്. കുട്ടിയായ ലാൽ സിങ്ങും ബന്ധുക്കളും ഇതിൽ ഭയപ്പെട്ടിരിക്കുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്.
4. ഇന്ദിരാ ഗാന്ധി വധം
ലാൽ സിങ്ങ് ഡൽഹിയിലെ പ്രധാന മന്ത്രി ഭവന് മുന്നിൽ കുടുംബത്തോടൊപ്പം നിൽക്കുമ്പോൾ അകത്ത് നിന്ന് വലിയ രീതിയിലുള്ള ശബ്ദം കേൾക്കുന്നു. എന്നാൽ അവർക്ക് അപ്പോൾ അത് എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല. പിന്നീടാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട വിവരം ലാൽ സിങ്ങ് റേഡിയോ വഴി കേൾക്കുന്നത്.
5. സിഖ് വിരുദ്ധ കലാപം
ലാൽ സിങ്ങും അമ്മയും ഡൽഹിയിൽ വച്ച് ഒരു ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ സിഖ് വിരുദ്ധ കലാപത്തിന്‍റെ ഭാഗമായി ഒരു കൂട്ടം ആളുകൾ അവരെ ആക്രമിക്കാൻ വരുന്നതും അവർ ഓടി രക്ഷപ്പെടുന്നതും ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.
6. ഷാരൂഖ് ഖാന്‍റെ വളർച്ച
ലാൽ സിങ്ങ് ഛദ്ദ, ഡൽഹിയിൽ ഉള്ള ബന്ധു വീട്ടിൽ താമസിക്കുമ്പോൾ അവിടെ വച്ച് ഒരു കൂട്ടം ചെറുപ്പക്കാരെ പരിചയപ്പെടുന്നു. അതിൽ ഒരു ചെറുപ്പക്കാരന് ലാൽ സിങ്ങിനെ ഒരുപാട് ഇഷ്ടമാകുന്നു. അയാൾക്ക് ലാൽ സിങ്ങ് കൈ വിരിച്ച് കൊണ്ട് താൻ കളിക്കുന്ന നൃത്ത രംഗം പഠിപ്പിക്കുന്നു. ഷാരൂഖ് പിന്നെ വലിയ സൂപ്പർ സ്റ്റാർ ആയപ്പോൽ താൻ പഠിപ്പിച്ച കൈ വിരിച്ചുള്ള രംഗം അദ്ദേഹത്തിന്‍റെ സിഗ്നേച്ചർ പോസ് ആക്കി മാറ്റിയെന്നും ലാൽ സിങ്ങ് ഈ ചിത്രത്തിൽ പറയുന്നുണ്ട്.
7. രഥ യാത്ര
ലാൽ സിങ്ങ് ഛദ്ദയുടെ കോളേജ് കാലഘട്ടത്തിൽ അദ്ദേഹവും കൂട്ടുകാരി റൂപയും ചേർന്ന് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി നയിക്കുന്ന രഥ യാത്ര തങ്ങൾക്ക് മുന്നിലൂടെ കടന്ന് പോകുന്നത് വീക്ഷിക്കുന്ന ഒരു രംഗം കാണിക്കുന്നുണ്ട്.
8. ബാബറി മസ്ജിത് തകർച്ച
ലാൽ സിങ്ങ് ഛദ്ദ കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്‍റെ അമ്മ ടെലിവിഷൻ വഴി ബാബറി മസ്ജിത് ഒരു കൂട്ടം കലാപകാരികൾ തകർക്കുന്നതിനെപ്പറ്റിയുള്ള വാർത്ത കേൾക്കുന്നതും അത് കണ്ട് ആശങ്കപ്പെടുന്നതുമായുള്ള ഒരു രംഗം കാണിക്കുന്നുണ്ട്.
9. ഹിന്ദു - മുസ്ലീം കലാപം
ലാൽ സിങ്ങ് ഛദ്ദയുടെ കോളേജ് കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെ അമ്മ ടിവിയിൽ കലാപ വാർത്തകൾ കണ്ട് ഭയന്ന് മകനോട് ഹോസ്റ്റലിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് പറയുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.
10. കാർഗിൽ യുദ്ധം
ലാൽ സിങ്ങ് ഛദ്ദ എന്ന ചിത്രത്തിൽ നായകന്‍റെ ജീവിതവുമായി ഏറ്റവും കൂടുതൽ അടുപ്പം പുലർത്തുന്ന ഒരു ചരിത്ര സംഭവമായിരുന്നു കാർഗിൽ യുദ്ധം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നായകൻ പട്ടാളത്തില്‍ ചേരുന്നതും അവിടെ നിന്ന് ജോലിയുടെ ഭാഗമായി അദ്ദേഹത്തിന് കാർഗിൽ യുദ്ധത്തിന് പങ്കെടുക്കേണ്ടി വരുന്നതും കാണാൻ സാധിക്കും.
11. ദാവൂദ് ഇബ്രാഹിം
ചിത്രത്തിൽ ഒരു ബോളീവുഡ് നിർമ്മാതാവ് ദാവൂദ് ഇബ്രാഹിമും ആയി ഒരു ചർച്ചയിൽ സംസാരിക്കുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിലൂടെ ദാവൂദിന് തൊണ്ണൂറുകളിൽ ബോളീവുഡിൽ ഉണ്ടായ സ്വാധീനത്തെ സൂചിപ്പിക്കുന്നു.
12. താജ് ഹോട്ടൽ ആക്രമണം
2008 ൽ തീവ്രവാദികൾ താജ് ഹോട്ടൽ ആക്രമിച്ചതിനെപ്പറ്റിയുള്ള വാർത്ത ടെലിവിഷൻ വഴി ലാൽ സിങ്ങ് ഛദ്ദയുടെ സുഹൃത്ത് കാണുന്ന ഒരു രംഗം ഈ സിനിമയിലുണ്ട്. ഇത് ആ കഥാപാത്രത്തെ സ്വാധീനിക്കുന്നതും ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ്.
13. അണ്ണാ ഹസാരെ
അഴിമതിക്കെതിരെ 2011 ൽ അണ്ണാ ഹസാരെ സംഘടിപ്പിച്ച നിരാഹാര സമരം നടക്കുന്ന വേദിക്ക് മുന്നിലൂടെ ലാൽ സിങ്ങ് ഓടുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇന്ത്യ മുഴുവൻ വലം വച്ചുകൊണ്ട് ലാൽ സിങ്ങ് ഛദ്ദ നടത്തിയ ഓട്ടം മറ്റുള്ളവർ ശ്രദ്ധിച്ചുതുടങ്ങുന്നത് ഇങ്ങനെയാണ്.
14. നരേന്ദ്ര മോദി
നരേന്ദ്ര മോദി ഒരു ദേശീയ നേതാവായി ഉയർന്ന് വന്ന് ഇന്ത്യയുടെ പ്രധാന മന്ത്രി ആയി മാറിയതും ചിത്രത്തിൽ പരാമർശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...