Liger Movie Review : `മൈക് ടൈസനെ കോമാളി ആക്കി വെച്ചിട്ടുണ്ട്; എന്തൊരു ദുരന്തം സിനിമ`; ലൈഗർ പ്രേക്ഷക പ്രതികരണം ഇങ്ങനെ
Liger Movie First Review : സംവിധായകൻ പുരി ജഗന്നാഥിന് മേലുള്ള പ്രേക്ഷകരുടെ വിശ്വാസം തെറ്റിയോ എന്ന സംശയമാണ് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്ന പ്രതികരണം.
വലിയ പ്രതീക്ഷയോടെ പാൻ ഇന്ത്യൻ ലെവലിൽ റിലീസായ വിജയ് ദേവരകൊണ്ട ചിത്രമായ 'ലൈഗർ' ആദ്യ ഷോ കഴിയുമ്പോൾ പ്രേക്ഷകർ നിരാശയിലാണ്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പുരി ജഗന്നാഥ് ചിത്രം, മൈക് ടൈസൻ വരുന്നു, വിജയ് ദേവരകൊണ്ടയുടെ ഒരുപാട് നാളത്തെ കഷ്ടപ്പാട് തുടങ്ങി നിരവധി കാര്യങ്ങളാണ് സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചത്. കേരളത്തിൽ 100 കോടി അടിച്ചാൽ എല്ലാ മാധ്യമപ്രവർത്തകർക്കും ജവാൻ തരാമെന്നുള്ള വാക്ക് പാലിക്കാൻ പറ്റുമോ എന്നത് സംശയമായി നിൽക്കുന്നു. പ്രതീക്ഷകൾ പോലെ ഒന്നും വന്നിട്ടില്ല എന്നുള്ള പരാതി മാത്രമല്ല മൈക് ടൈസനെ കോമാളി ആക്കിവെച്ചു എന്നുള്ള ദേഷ്യവും പ്രേക്ഷകർക്കിടയിലുണ്ട്.
നായികയായ അനന്യ പാണ്ഡേ വെറുതെ പാട്ടിന് ഡാൻസ് കളിക്കാനായി മാത്രം ഉള്ള നായിക, മൈക് ടൈസൻ ഇതിലും ഭേദം അഭിനയിക്കാതിരിക്കുന്നതായിരുന്നു തുടങ്ങിയ കാര്യങ്ങൾ പറയുമ്പോൾ പ്രേക്ഷകരുടെ മുഖത്തെ വിഷമം മനസ്സിലാക്കാൻ സാധിക്കും. സംവിധായകൻ പുരി ജഗന്നാഥിന് മേലുള്ള പ്രേക്ഷകരുടെ വിശ്വാസം തെറ്റിയോ എന്ന സംശയമാണ് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്ന പ്രതികരണം. വിജയ് ദേവരകൊണ്ടയുടെ പ്രകടനമാണ് പ്രേക്ഷകർക്ക് ഒരു ആശ്വാസം നൽകുന്നത്. എടുത്തിരിക്കുന്ന പ്രായത്നവും സ്‌ക്രീനിലെ പ്രകടനവും ആരാധകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്കൊരു നെഗറ്റീവ് കിട്ടുന്നു എന്നത് വലിയ തിരിച്ചടിയായി മാറുമോ എന്ന് കണ്ടറിയണം. വിജയ് ദേവരകൊണ്ട ആരാധകർ വളരെ നാളുകളായി കാത്തിരുന്ന ലൈഗറിന്റെ പ്രതികരണങ്ങൾ തുടക്കത്തിൽ പ്രതീക്ഷിച്ചതുപോലെ വരുന്നില്ല എന്ന സങ്കടവും ആരാധകർക്കിടയിലുണ്ട്.
ALSO READ: Liger OTT Update : ലൈഗറിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്?
ഹിന്ദി, തെലുഗു ഭാഷകളിൽ ഇറങ്ങിയ ചിത്രം കന്നട, മലയാളം, തമിഴ് ഭാഷകളിൽ മൊഴി മാറ്റിയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ലൈഗർ എന്ന് തന്നെ പറയാം. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിലാണ് ചിത്രീകരിച്ചത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...