Mahaveeryar Movie : `മലയാളം സിനിമകളിൽ നാളേയ്ക്കായും നിർമ്മിച്ച ചിത്രം`; മഹാവീര്യർ ചിത്രത്തെ പ്രശംസിച്ച് മധുപാൽ
Mahaveeryar Movie Review : കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥകളുടെ ശ്രേണിയിലാണ് മഹാവീര്യർ ഉൾപ്പെടുന്നതെന്നും മധുപാൽ വ്യക്തമാക്കി.
കൊച്ചി : നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മഹാവീര്യരെ പ്രശംസിച്ച് മധുപാൽ കണ്ണമ്പത്ത്. മലയാളം സിനിമകളിൽ നാളേയ്ക്കായും നിർമിച്ച ചിത്രമെന്നാണ് മധുപാൽ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. മനുഷ്യനുണ്ടായ കാലം മുതൽ നിലനിൽക്കുന്ന സ്വാർത്ഥതയും അത്യാഗ്രഹങ്ങളും അധികാരഗർവും ഇനിയുള്ള നാളിലും തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥകളുടെ ശ്രേണിയിലാണ് മഹാവീര്യർ ഉൾപ്പെടുന്നതെന്നും മധുപാൽ വ്യക്തമാക്കി. ചിത്രം തീയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. രണ്ട് കേസുകൾ, രണ്ട് കാലഘട്ടം, ആയിരം ആശയങ്ങൾ, ഒരു കോടതി മുറി അതാണ് ചിത്രത്തിൻറെ പശ്ചാത്തലമെന്ന് പറയാം. ഏത് പ്രേക്ഷകനും ഒരു ഫ്രഷ്‌നെസ് നൽകുന്ന ഒരു ഡീപ്പ് സ്ക്രിപ്റ്റാണ് ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.
മധുപാൽ കണ്ണമ്പത്തിന്റെ ഫേസ്‌ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം
മഹാവീര്യർ കണ്ടു. മലയാളം സിനിമകളിൽ നാളേയ്ക്കായും നിർമിച്ച ചിത്രം. മനുഷ്യനുണ്ടായ കാലം മുതൽ നിലനിൽക്കുന്ന സ്വാർത്ഥതയും അത്യാഗ്രഹങ്ങളും അധികാരഗർവും ഇനിയുള്ള നാളിലും തുടരുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ചിത്രം. കഥ പറയുന്ന രീതിയും സ്വഭാവവും ലോകസിനിമകളുടെ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട് റാഷമോൺ, സെവന്ത് സീൽ, മാട്രിക്സ് തുടങ്ങിയ നിരവധി അന്യാപദേശ കഥളുടെ ശ്രേണിയിലാണ് മഹാവീര്യർ. പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെയ്ന്റ തുടങ്ങി ഏതൊരു കാലത്തും സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ സംസാരിക്കുന്ന ചിത്രങ്ങൾക്കൊപ്പം മഹാവീര്യറും ഉണ്ടാകും.
ഭരിക്കുന്നവർ എന്നും പ്രജകളുടെ കണ്ണീരിൽ ആഹ്ലാദം കാണുകതന്നെയാണ്. സഹജീവികളോട് ഒട്ടും അനുതാപമില്ലാതെ അവർ ഭരിക്കും. കാര്യസാധ്യതയ്ക്കായി അവർ സ്നേഹവും പ്രണയവും നൽകും. ശേഷം വലിച്ചെറിയുന്നത് ഇര പോലുമറിയില്ല. രാജ്യസ്നേഹവും ദേശീയതയുമൊക്കെ ഭരിക്കുന്നവർ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൗരണിക കാലം മുതലേ ഉണ്ടെന്നും ഇന്നും അതിന്റെ തുടർച്ച ലോകം കാണുന്നുവെന്നും രാഷ്ട്രീയവും സാമൂഹികവുമായ ഉച്ചനീച്ചത്വങ്ങളുടെ കറുത്തഹാസ്യം ഒരു സിനിമയിൽ അവതരിപ്പിക്കുക എന്ന അത്ഭുതമാണ് എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ സംഭവിച്ചിരിക്കുന്നത്. ആരൊക്കെ എങ്ങനെയൊക്കെ മാറിയാലും മാറാതെ നിൽക്കുന്ന ഒരടയാളത്തെ, രൂപത്തെ നിവിൻ സ്വശരീരത്തിലേക്ക് ആവാഹിച്ചതും അതിനെ കാലികമാക്കിയതും അനായാസമായ അഭിനയപകർച്ച കൊണ്ടാണ്.
രാജാവാഴ്ചക്കാലത്തെ രാജാവായി ലാലും അദ്ദേഹത്തെ അനുസരിക്കുന്ന മന്ത്രിയായി ആസിഫും ഇരയായ പെൺ കുട്ടിയും നീതി ആർക്ക് നടപ്പിലാക്കുമെന്ന് അറിയാതെ ഉഴലുന്ന ജഡ്ജായി സിദ്ധിഖ്, ആധുനിക കാലത്തെ കഥാപാത്രങ്ങൾ ഒക്കെ ഈ ചിത്രത്തിലെ അത്ഭുതങ്ങളാണ്. ഇന്ത്യയിൽ ഒരിക്കലും ഒരു രാജാവും കോടതിമുറിയിൽ വിചാരണയ്ക്കായി വന്നു നിന്നിട്ടില്ല. ആരെയും കോടതി ശിക്ഷിച്ചിട്ടുമില്ല. അധികാരമുള്ളപ്പോൾ നിയമവും നീതിയും ഭരിക്കുന്നവർക്കൊപ്പം എന്ന് പറയാതെ പറയുന്ന മറ്റൊരാത്ഭുതവും ഈ സിനിമയിലുണ്ട്. മുകുന്ദേട്ടന്റെ Maniyambath Mukundan ഒരു കഥയിൽ നിന്ന് ഈ അത്ഭുതങ്ങൾ മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്കു നയിക്കുകതന്നെ ചെയ്യും. പ്രിയപ്പെട്ടവരേ, എക്കാലത്തേക്കുമായി ഒരു സിനിമ തന്നതിന് അഭിനന്ദനങ്ങൾ പ്രിയപ്പെട്ട എബ്രിഡ് ഷൈൻ, നിവിൻപോളി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...