അഭിമാനമായി `മേജർ` ; മൂന്ന് ഭാഷകളിലായി `മേജർ` ട്രെയിലർ റിലീസ് ചെയ്തു
പൃഥ്വിരാജാണ് മലയാളം ട്രെയിലർ റിലീസ് ചെയ്തത്
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ ‘മേജർ’ ന്റെ ട്രെയിലർ പുറത്തുവിട്ടു. ഇന്ത്യക്കാരുടെ മനസ്സിൽ വേദനയും ഒരേസമയം അഭിമാനവും തോന്നിക്കുന്ന വിധത്തിലുള്ളതാണ് ട്രെയിലർ. ചിത്രത്തിൽ ആദിവി ശേഷ് ആണ് നായകനാകുന്നത്. നടൻ പൃഥ്വിരാജാണ് മലയാളം ട്രെയിലർ റിലീസ് ചെയ്തത്. ഏറെ അഭിമാനം ഉണ്ടെന്നും സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും നടൻ കുറിച്ചു. ജൂൺ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നൂറ്റിഇരുപത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ 8 സെറ്റുകളും 75ൽ അധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്.
ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്‌ൻമെൻറ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. നേരത്തെ സന്ദീപിന്റെ ചരമ വാർഷികത്തിൽ മേജർ ബിഗിനിംഗ്‌സ് എന്ന പേരിൽ വീഡിയോ പുറത്തുവിട്ടിരുന്നു. നവംബർ 27 നായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മുംബൈയിൽ രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടത്. 2008 ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻഎസ്‌ജി കമാൻഡോയാണ് മേജർ ഉണ്ണികൃഷ്‌ണൻ. പരിക്കുപറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‍ണൻ ജനിച്ചത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...