Ramdan Movie Releases : ഈ റമദാന് തീയേറ്ററുകളിൽ മലയാള സിനിമകളുടെ പെരുന്നാൾ; എത്താനിരിക്കുന്നത് മൂന്ന് ചിത്രങ്ങൾ
പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ജനഗണമന, മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത് ചിത്രം സിബിഐ 5 ദ് ബ്രെയിന്‍, വളരെകാലങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാം കൂട്ട്കെട്ടിലെത്തുന്ന ചിത്രം മകൾ എന്നിവയാണ് ഈ പെരുന്നാളിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ.
കൊച്ചി : ഈ വർഷം പെരുന്നാൾ റിലീസായി തീയേറ്ററുകളിലേക്ക് എത്തുന്നത് മൂന്ന് സൂപ്പർ താര ചിത്രങ്ങളാണ്. നാളെ മുതൽ ചിത്രങ്ങളുടെ റിലീസ് ആരംഭിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ജനഗണമന, മമ്മൂട്ടിയുടെ സിബിഐ സീരിസിലെ അഞ്ചാമത് ചിത്രം സിബിഐ 5 ദ് ബ്രെയിന്‍, വളരെകാലങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാം കൂട്ട്കെട്ടിലെത്തുന്ന ചിത്രം മകൾ എന്നിവയാണ് ഈ പെരുന്നാളിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ. ഈ ചിത്രങ്ങളുടെയെല്ലാം അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ജന ഗണ മന
പൃഥ്വിരാജ് സുകുമാരനും, സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാളെ, ഏപ്രിൽ 28 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ ഡിജോ ജോസ് ആന്റണിയാണ് ജനഗണമനയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്.
പൃഥ്വിക്കും സുരാജിന് പുറമെ മംമ്ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസ്, വിനോദ് സാഗഡ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയ് കുമാർ, വൈഷ്ണവി വേണുഗോപാൽ തുടങ്ങിയരവാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജന ഗണ മനയ്ക്കുണ്ട്.
മകൾ
12 വർഷത്തിന് ശേഷം ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് മകൾ. ഏപ്രിൽ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് മകൾ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. ഏറെ നാളുകൾക്ക് ശേഷം മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരികെയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും മകൾക്കുണ്ട്. ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മകൾ. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ മീര ജാസ്മിനെയും ജയറാമിനെയും കൂടാതെ ശ്രീനിവാസന്‍, സിദ്ദിഖ്, നസ്ലിൻ, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ജയറാം-സത്യൻ അന്തിക്കാട് കോമ്പോയിൽ ഇറങ്ങിയ അവസാന ചിത്രം. ഇന്നത്തെ ചിന്താവിഷയം ആണ് സത്യൻ അന്തിക്കാട്, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. 2008ലായിരുന്നു ഇന്നത്തെ ചിന്താവിഷയം പുറത്തിറങ്ങിയത്. 2018ൽ ഇറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന സത്യൻ അന്തിക്കാട് ചിത്രമാണ് മകൾ.
സിബിഐ 5 ദി ബ്രെയിൻ
മമ്മൂട്ടിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സിബിഐ 5 ദി ബ്രയിൻ മെയ് 1 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പിന്നെ പുറത്തുവിടാത്ത പലരും ഉണ്ടെന്നാണ് സൂചനകൾ.
സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, നടൻ ജഗതി ശ്രീകുമാർ കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തുകയാണ്. ഈ വർഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാർ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു.
സേതുരാമയ്യർ സീരീസിലെ കഴിഞ്ഞ 4 ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...