Malikappuram Movie Controversy : `അയാൾക്ക് ബന്ധങ്ങളുടെ വിലയറിയാം, ജീവിതത്തിൽ അഭിനയിക്കാൻ ഉണ്ണിക്ക് അറിയില്ല`; ഉണ്ണി മുകുന്ദന് പിന്തുണയുമായി അഭിലാഷ് പിള്ള
Malikappuram Movie Controversy Latest Update : സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെ നടൻ ഉണ്ണി മുകുന്ദൻ തെറി വിളിച്ചതിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്നാണ് അഭിലാഷ് പിള്ള പിന്തുണയുമായി എത്തിയത്.
മാളികപ്പുറം സിനിമയ്ക്കെതിരെ വിമർശനാത്മകമായി റിവ്യു ഇട്ടതിന് ഉണ്ണി മുകുന്ദൻ യുട്യൂബറെ ഫോണിലൂടെ തെറി വിളിച്ചുവെന്ന സംഭവത്തിൽ നടന് പിന്തുണയുമായി മാളികപുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെ നടൻ ഉണ്ണി മുകുന്ദൻ തെറി വിളിച്ചതിന്റെ വീഡിയോ പുറത്തു വന്നതിനെ തുടർന്നാണ് അഭിലാഷ് പിള്ള പിന്തുണയുമായി എത്തിയത്. കൂടെയുള്ളവരെ കുറിച്ച് മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കുമെന്ന് അഭിലാഷ് പിള്ള ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. കൂടാതെ സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
അഭിലാഷ് പിള്ളയുടെ ഫേസ്‌ബുക്ക് കുറിപ്പ്
With u brother Unni Mukundan
സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാൽ ആരായാലും പ്രതികരിച്ചു പോകും, ഇത്രയും കുടുംബങ്ങൾ തിയേറ്ററിൽ എത്തുന്ന അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷം ഒരു സിനിമ കാണാൻ കുടുംബങ്ങൾ ഒന്നായി തീയേറ്ററിൽ വരാൻ മാളികപ്പുറം കാരണമായി, ഇത് ഒരു മോശം സിനിമ ആക്കാൻ കുറച്ചു ആളുകൾ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം. ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി, കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാൻ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ ആ ഉറപ്പിൽ ഞാൻ പറയുന്നു കൂടെയുള്ളവരെ മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹചമാണ് കാരണം അയാൾക്ക് ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല.
സിനിമ മേഖലക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാൻ മാളികപ്പുറം സിനിമക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ് 28 ദിവസമായിത്തും തിയേറ്ററിൽ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയണ്ട.
യുട്യൂബറിന്റെ വീഡിയോയിലൂടെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു എന്നാരോപിച്ചുകൊണ്ടാണ് നടൻ ഫോണിലൂടെ തെറിവിളിച്ചത്. ഉണ്ണി മുകുന്ദൻ തന്നെ തെറിവിളിക്കുന്ന ഫോൺ സംഭാഷണം യുട്യൂബർ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിട്ടു. വീഡിയോ ഇതിനോടകം വൈറലായി. ഭക്തി വിറ്റാണ് മാളികപ്പുറം സിനിമ വിജയം നേടിയതെന്നും സിനിമയുടെ മറ്റ് മോശം വശങ്ങളെയും കുറിച്ചാണ് സീക്രെട്ട് ഏജന്റ് വീഡിയോ പങ്കുവച്ചത്. മാളികപ്പുറം സിനിമയെ കുറിച്ച് ഇതുവരെ താൻ മൂന്ന് വീഡിയോ യുട്യൂബിൽ പങ്കുവച്ചിട്ടുണ്ടെന്നും സായി വ്യക്തമാക്കി.
എന്നാൽ ആ വീഡിയോയിലെ ഉള്ളടക്കം വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്നാരോപിച്ചുകൊണ്ടാണ് നടൻ ഉണ്ണി മുകുന്ദൻ യുട്യൂബറെ തെറി വിളിക്കുന്നത്. യുട്യൂബർ തന്റെ മാതാപിതാക്കളെയും ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച പെൺകുട്ടിയെയും അവഹേളിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദൻ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം സിനിമയെ മോശം ഭാഗത്തെ മനസ്സിലാക്കാൻ സാധിക്കാത്തതാണ് നടനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് യുട്യൂബർ തിരിച്ചടിച്ചു. ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടൻ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാൾക്ക് അഭിപ്രായം പറയാൻ പറ്റില്ല, പറഞ്ഞു കഴിഞ്ഞാൽ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാർ മനസ്സിലാക്കാൻ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. തന്നെ നേരിട്ട് ഫോണിൽ വിളിച്ച് തെറി പറയാൻ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തിൽ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...