'ഒരു ടെലിഫോണിന് പിന്നിലിരുന്ന് മറ്റുള്ളവരെ രാജ്യദ്രോഹി എന്നും പാകിസ്ഥാനി എന്നും വിളിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് ഞാനാണ് ഏറ്റവും വലിയ രാജ്യസ്നേഹി എന്ന്. പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിലായി രാജ്യസ്നേഹം തെളിയിക്കേണ്ടത് വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെയാണെന്ന്'. ജനുവരി 20 ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ മിഷൻ മജ്നു എന്ന ചിത്രത്തിൽ പറയുന്ന ഒരു ഡയലോഗാണിത്. രാജ്യസ്നേഹം ഒരു പ്രധാന വിഷയമായി വരുന്ന ചിത്രമെന്ന നിലയിൽ മിഷൻ മജ്നു വിഭാവന ചെയ്യുന്ന ഏറ്റവും മികച്ചൊരു രാഷ്ട്രീയ പ്രസ്താവനയാണ് ഈ സംഭാഷണ രംഗം. സിദ്ദാർത്ഥ് മൽഹോത്ര, രഷ്മിക മന്ദന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശന്തനു ഭഗ്ചിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1970 കളിലാണ് ചിത്രത്തിനാസ്പദമായ കഥ നടക്കുന്നത്. 1974 ൽ ഇന്ത്യ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തുന്നു. ഇതെ തുടർന്ന് പാകിസ്ഥാൻ സ്വന്തമായി ഒരു ആണവായുധം രഹസ്യമായി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. ഇത് തടയാൻ ഇന്ത്യ റോയുടെ സഹായത്തോടെ നടത്തുന്ന രഹസ്യ ഓപ്പറേഷന്‍റെ കഥ പറയുന്ന ചിത്രമാണിത്. അന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ ഒരു സാങ്കല്‍പ്പിക കഥയുടെ പശ്ചാത്തലത്തിൽ മിഷൻ മജ്നുവിലൂടെ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദാർത്ഥ് മൽഹോത്രയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 


ALSO READ : Honey Rose: ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും നായിക, ഹണി റോസ് ഇനി തെലുങ്കിൽ തുടരുമോ?


ചിത്രത്തിൽ പാകിസ്ഥാനിൽ വേഷം മാറി കഴിയുന്ന റോ ഏജന്‍റുകൾ ഇന്ത്യയിലേക്ക് പല നിർണ്ണായക വിവരങ്ങളും കൈമാറുന്നത് കാണിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം വളരെ അപക്വമായ രീതിയിലായിരുന്നു അവതരിപ്പിച്ചിട്ടുള്ളത്. ഒരു സാധാരണക്കാരൻ രഹസ്യങ്ങൾ കൈമാറുന്നത് പോലെ ആകില്ല ഒരിക്കലും ഒരു റോ ഏജന്‍റ് വിവരങ്ങൾ കൈമാറുന്നത്. അതിന് വളരെ രഹസ്യമായ കോഡ് ഭാഷ ഉൾപ്പെടെ ഉപയോഗിക്കാറുണ്ട്. റാസി എന്ന ചിത്രത്തിലുൾപ്പെടെ അത്തരം കാര്യങ്ങൾ നമ്മൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ പെട്ടെന്ന് പിടിക്കപ്പെടാൻ സാധ്യതയുള്ള രീതികളാണ് ഈ ചിത്രത്തിലെ റോ ഏജന്‍റുകൾ പല നിർണ്ണായക ഘട്ടങ്ങളിലും ഉപയോഗിക്കുന്നത്. അത് ചിത്രത്തിന്‍റെ കഥാഗതിയിൽ ഒരു വലിയ കല്ലുകടിയായി അനുഭവപ്പെട്ടു. 


എന്നാൽ ചിത്രത്തിന്‍റെ തിരക്കഥ നല്ല രീതിയിൽ എഴുതിയിട്ടുള്ളതിനാൽ സിനിമയിലെ മിക്ക രംഗങ്ങളും പ്രേക്ഷകനെ വളരെയധികം പിടിച്ചിരുത്താൻ സഹായിക്കുന്നതാണ്. സിദ്ദാർഥ് മൽഹോത്ര നായകനായി അഭിനയിച്ച് പുറത്തിറങ്ങിയ, മറ്റൊരു ചരിത്ര സംഭവം വിവരിക്കുന്ന ചിത്രമായിരുന്നു ഷേർഷാ. ഷേർഷായ്ക്ക് സമാനമായി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒന്നും മിഷൻ മജ്നുവിൽ ഇല്ല. കൂടുതലും ബുദ്ധി ഉപയോഗിച്ചുള്ള യുദ്ധമാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. 


രശ്മികയുടെ നസ്റീൻ എന്ന കഥാപാത്രത്തിനും സിദ്ദാർഥ് മൽഹോത്രയുടെ അമൻദീപ് സിങ്ങ് എന്ന കഥാപാത്രത്തിനും ഇടയിലെ പ്രണയത്തിന് ചിത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇരുവർക്കുമിടയിലെ കോംബിനേഷൻ രംഗങ്ങൾ മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. തന്‍റെ പ്രണയത്തിനും ഉത്തരവാദിത്തങ്ങൾക്കുമിടയിൽ നായക കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ചിത്രത്തിലെ പ്രധാന ആകർഷകങ്ങളിൽ ഒന്നാണ്. ചുരുക്കത്തിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു സ്പൈ ത്രില്ലറാണ് മിഷൻ മജ്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.