കൊച്ചി: താരസംഘടന അമ്മയുടെ അദ്ധ്യക്ഷനായി മോഹന്‍ലാലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതി കഴിഞ്ഞിട്ടും ആരും മത്സരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.ബി ഗണേഷ്‌കുമാറും മുകേഷും ഉപാദ്ധ്യക്ഷന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും ട്രഷററായി ജഗദീഷും എത്താന്‍ സാധ്യതയുണ്ട്. 2015 മുതൽ 2018 വരെയാണ് നിലവിലുള്ള കമ്മറ്റിയുടെ കാലാവധി. ഈ മാസം കമ്മിറ്റിയുടെ കാലാവധി അവസാനിക്കും.


ഇന്നസെന്റ് ഈ സ്ഥാനം ഒഴിയുന്നതോടുകൂടി ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്നുള്ള ചർച്ച കുറച്ച് ദിവസങ്ങളായി സജീവമായിരുന്നു. 17 വര്‍ഷമായി അമ്മയുടെ അദ്ധ്യക്ഷനായ ഇന്നസെന്റിന്‍റെ ആവശ്യപ്രകാരമാണ് മോഹൻലാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തത്. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്‌. 


അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനക്കെതിരെ പരസ്യമായി പ്രതികരിച്ച പ്രിത്വിരാജിനും രമ്യാ നമ്പീശനുമെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും സൂചനയുണ്ട്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.