Momo In Dubai: എന്താകാനാ മോമോ ആഗ്രഹം?? ഫെബ്രുവരി മൂന്നിനറിയാം മോമോയുടെ ആഗ്രഹമെന്തെന്ന്
അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് കുട്ടിത്താരങ്ങള്‍ക്കൊപ്പം സിനിമയിലെത്തുന്നത്.
ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ (Zakariya) തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' (Momo In Dubai) തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 3ന് മോമോ തിയേറ്ററുകളിലെത്തും. ചില്‍ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലൗ സ്റ്റോറിക്കും ശേഷം സക്കരിയയുടെ ടീമില്‍ നിന്നെത്തുന്ന ചിത്രമാണ് ഇത്. ഇക്കുറി സംവിധായകന്‍റെ വേഷത്തില്‍ അല്ലെന്ന് മാത്രം.
അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് കുട്ടിത്താരങ്ങള്‍ക്കൊപ്പം സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന കുടുംബ സിനിമയാണ് മോമോ ഇന്‍ ദുബായ്. നവാഗതനായ അമീന്‍ അസ്‌ലമാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ (Zakariya), ഹാരിസ് ദേശം, പി.ബി അനീഷ്, നഹ്ല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം (Cinematography) സജിത്ത് പുരുഷന്‍ നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് (Jassie Gift), ഗഫൂര്‍ എം ഖയൂമും ചേര്‍ന്ന് സംഗീതം പകരുന്നു.