Monster Movie: മോൺസ്റ്ററിന് വിലക്ക്: കാരണം ലെസ്ബിയൻ ഉള്ളടക്കം?
ചിത്രത്തിൻെ ഉള്ളടക്കം സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് സിനിമക്ക് വിലക്ക് ഏർപ്പെടുത്തുന്നത്
മോഹൻലാലിൻറെ റിലിസിനൊരുങ്ങുന്ന ചിത്രം മോൺസ്റ്ററിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. കുവൈറ്റ് അടക്കമുള്ള രാജ്യങ്ങൾ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 21-നാണ് ചിത്രം ഇന്ത്യയിൽ തീയ്യേറ്ററുകളിൽ എത്തുന്നത്. അതേസമയം വിലക്ക് സംബന്ധിച്ച് നിലവിൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ലെസ്ബിയൻ, എൽജിബിടി കണ്ടൻറുകളാണ് ഇതിന് കാരണം എന്നാണ് സൂചന. ചിത്രം സെൻസർ ചെയ്ത ശേഷം വീണ്ടും ഇവിടങ്ങളിൽ റിലീസിന് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേസമയം പടവെട്ടായിരിക്കും ഗൾഫ് രാജ്യങ്ങളിൽ റിലീസിന് എത്തുക എന്നതാണ് മറ്റൊരു വിവരം. ചിത്രത്തിൻറെ വിലക്ക് സംബന്ധിച്ച് ഇതുവരെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
ലക്കി സിംഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.
മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...