Morbius: മോർബിയസ്; സ്പൈഡർമാന്റെ പുതിയൊരു വില്ലൻ കൂടി വരവറിയിച്ച് കഴിഞ്ഞു
റിലീസിന് മുന്പ് നിരൂപകരുടെ ഭാഗത്ത് നിന്നും നിരവധി മോശം അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു മോർബിയസ്
രണ്ട് വർഷങ്ങൾക്ക് മുന്പ് മോർബിയസ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ അതിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ കോവിഡ് മഹാമാരിയിൽ മോർബിയസിന്റെ റിലീസ് വളരെയധികം നീണ്ട് പോയി. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിയാഴ്ച ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തു.
റിലീസിന് മുന്പ് നിരൂപകരുടെ ഭാഗത്ത് നിന്നും നിരവധി മോശം അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു മോർബിയസ്. എന്നാൽ സാധാരണ പ്രേക്ഷകർ എന്താണോ കാണാൻ ആഗ്രഹിച്ചത്, അത് തന്നെയാണ് സോണി സ്റ്റുഡിയോസ് വെള്ളിത്തിരയിൽ കൊണ്ട് വന്നതെന്ന് വേണം പറയാൻ.
സൂപ്പർ ഹീറോ ആരാധകർക്ക്, പ്രത്യേകിച്ച് സ്പൈഡർമാൻ ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ചിത്രമാണ് മോർബിയസ്. മാർവൽ കോമിക്സിൽ സ്പൈഡർമാന്റെ ഒരു പ്രധാന വില്ലൻ ആണ് മോർബിയസ് എന്ന ജീവിച്ചിരിക്കുന്ന രക്തരക്ഷസ്. ഈ ഭീകരന്റെ ജനനം ആണ് ചിത്രത്തിലൂടെ പറയുന്നത്.
ഡോക്ടർ മൈക്കിൾ മോർബിയസ് എന്ന വ്യക്തി ഒരു പ്രത്യേകതരം ജനിതക രോഗം പിടിപെട്ട് മരണത്തെ കാത്തിരിക്കുന്ന വ്യക്തി ആണ്. അദ്ദേഹം തന്റെ രോഗം ഭേദമാക്കാൻ രക്തദാഹികൾ ആയ വവ്വാലുകളിൽ നിന്ന് ഒരു മരുന്ന് കണ്ട് പിടിക്കുകയും അത് അദ്ദേഹത്തെ ഒരു ജീവിച്ചിരിക്കുന്ന രക്തരക്ഷസ് ആക്കി മാറ്റുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ചിത്രത്തിലെ ആക്ഷൻ, വി.എഫ്.എക്സ് രംഗങ്ങൾ എല്ലാം ഒന്നിനൊന്നിന് മികച്ചത് ആയിരുന്നു. പ്രധാന കഥാപാത്രമായ മോർബിയസിനെ അവതരിപ്പിച്ച ജാരെഡ് ലെറ്റോ ഓരോ രംഗങ്ങളും അങ്ങേയറ്റം മികച്ച രീതിയിൽ അവതരിപ്പിച്ചു. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ നല്ല രീതിയിൽ പിടിച്ചിരുത്തുന്ന ഈ ചിത്രം ഒരേസമയം പ്രേക്ഷകർക്ക് ഭയവും ആവേശവും സമ്മാനിക്കുന്നു.
സ്പൈഡർമാൻ ആരാധകർക്ക് ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ വലിയൊരു സർപ്രൈസും, സോണി ഒരുക്കിയിട്ടുണ്ട്. എങ്കിലും കഥാപാത്രങ്ങൾ തമ്മിലുള്ള മാനസിക അടുപ്പം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ചിത്രം പരാജയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിലെ പല രംഗങ്ങൾക്കും വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നു. ചെറിയ ചില ന്യൂനതകൾ മാറ്റി നിർത്തിയാൽ നല്ലൊരു 'വാംപയർ മൂവി' തന്നെയാണ് മോർബിയസ്.
സോണിയുടെ സ്പൈഡർമാൻ യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമാണ് മോർബിയസ്. ഈ മൂന്ന് ചിത്രങ്ങളിലൂടെയും സ്പൈഡർമാന്റെ വില്ലൻമാരെ സോണി പരിചയപ്പെടുത്തി. വില്ലന്മാർ വരവറിയിച്ചതോടെ എല്ലാ പ്രേക്ഷകരും ഇനി കാത്തിരിക്കുന്നത് നായകന് വേണ്ടി ആകും. മോർബിയസിന്റെ ക്ലൈമാക്സ് നായകനിലേക്കുള്ള ആദ്യ സൂചനകൾ നൽകുന്നുണ്ട്. എന്നാൽ സോണിയുടെ ശരിക്കുള്ള പദ്ധതി എന്താണെന്ന് മനസ്സിലാക്കാൻ ആരാധകർ ഇനിയും കാത്തിരിക്കണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.