Movie Gossip: പ്രിയദര്‍ശന്റെ `കോപ്പിയടി` അല്ലാത്ത സിനിമകള്‍... നല്ല കിടിലന്‍ ഹിറ്റുകള്‍! കണ്ട് നോക്കൂ...
ഓടരുതമ്മാവാ ആളറിയാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ചിത്രം, തേൻമാവിൻ കൊമ്പത്ത്, മിഥുനം തുടങ്ങി മരയ്ക്കാർ വരെ പ്രിയദർശന്റെ മൌലിക സൃഷ്ടികൾ ഏറെയുണ്ട്.
പ്രിയദര്‍ശനെതിരെ കോപ്പിയടി ആരോപണം ഒരുപാടുണ്ട്. ഇതുവരെ സംവിധാനം ചെയ്ത സിനിമകളില്‍ പകുതിയിലേറേയും മറ്റ് സിനിമകളില്‍ നിന്ന് 'പ്രചോദനം' ഉള്‍ക്കൊണ്ടവയാണ്. എന്നാല്‍ അദ്ദേഹം സ്വന്തമായി, മൗലികമായി ചെയ്ത സിനിമകള്‍ അത്ര മോശമൊന്നും അല്ല. നല്ല സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇത്തരത്തില്‍ പ്രിയദര്‍ശന്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
1. ഓടരുതമ്മാവാ ആളറിയാം- 1984 ല്‍ ആണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ശ്രീനിവാസന്‍ ആണ് തിരക്കഥ. നെടുമുടി വേണു, ശ്രീനിവാസന്‍, മുകേഷ്, ജഗദീഷ്, ശങ്കര്‍, ലിസി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.
2. ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍- 1985 ല്‍ ആണ് മോഹന്‍ലാലും സങ്കറും അടക്കം ഉള്ള താരനിരകളുമായി ഈ സിനിമ പുറത്തിറങ്ങുന്നത്. ഇതിന്റെ കഥയും തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് തയ്യാറാക്കിയത്.
3. പുന്നാരം ചൊല്ലിച്ചൊല്ലി- 1985 ല്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങിയത്. ശങ്കറും റഹ്മാനും പ്രധാന വേഷങ്ങള്‍ ചെയ്ത ഈ സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു.
4. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു- സൂപ്പര്‍ ഹിറ്റായി മാറിയ ഈ ചിത്രം 1986 ലാണ് പുറത്തിറങ്ങിയത്. ജഗദീഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസന്‍. മോഹന്‍ലാലും മുകേഷും ശ്രീനിവാസനും ജഗതി ശ്രീകുമാറും മണിയന്‍ പിള്ള രാജുവും കുതിരവട്ടം പപ്പുവും ലിസിയും എല്ലാം അടങ്ങിയ വലിയ താരനിര തന്നെ ആയിരുന്നു ഈ സിനിമയില്‍. മമ്മൂട്ടി അതിഥി വേഷത്തിലും എത്തി.
5. ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍- 1986 ല്‍ തന്നെ ആയിരുന്നു ഈ സിനിമയുടേയും റിലീസ്. പ്രിയദര്‍ശന്റെ തന്നെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു. മോഹന്‍ലാലും മണിയന്‍ പിള്ള രാജുവും ലിസിയും മേനകയും ജഗതിയും എല്ലാം ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
6. അയല്‍വാസി ഒരു ദരിദ്രവാസി- ഈ സിനിമയും പുറത്തിറങ്ങിയത് 1986 ല്‍ തന്നെ. ശങ്കറും മേനകയും മുകേഷും നെടുമുടി വേണുവും സുകുമാരിയും സീമയും എല്ലാം അണിനിരന്ന ഈ ചിത്രത്തില്‍ പ്രേം നസീറും ഒരു പ്രധാന വേഷത്തിലെത്തി. പൂര്‍ണമായും പ്രിയദര്‍ശന്റെ സ്വന്തം സിനിമ എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ ആവില്ല. ഹിന്ദി ചിത്രമായ ഗോല്‍ മാലിലെ ചില രംഗങ്ങള്‍ അതുപോലെ കോപ്പിയടിച്ചിട്ടുണ്ട് ഈ സിനിമയില്‍.
7. രാക്കുയിലിന്‍ രാഗസദസ്സില്‍- 1986 ല്‍ തന്നെയാണ് ഈ സിനിമയുടേയും റിലീസ്. മൊത്തം എട്ട് സിനിമകളായിരുന്നു ഈ വര്‍ഷം പ്രിയദര്‍ശന്റേതായി പുറത്തിറങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇത്.
8. ഒരു മുത്തശ്ശിക്കഥ- രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് 1988 ല്‍ പ്രിയദര്‍ശന്‍ മൗലികമായ അടുത്ത സിനിമ ചെയ്യുന്നത്. വിനീതിനേയും നിരോഷയേയും കേന്ദ്ര കഥാപാത്രങ്ങളാക്കിയായിരുന്നു ഈ സിനിമ ചെയ്തത്.
9. വെള്ളാനകളുടെ നാട്- 1988 ല്‍ പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണിത്. മണിയന്‍പിള്ള രാജു ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെള്ളാനകളുടെ നാട്.
10. ആര്യന്‍ - 1988 ല്‍ തന്നെയാണ് പ്രിയദര്‍ശന്റെ പതിവ് ഴോണറില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍, ക്രൈം ത്രില്ലര്‍ സിനിമയായ ആര്യര്‍ പുറത്തിറങ്ങുന്നത്. ടി ദാമോദരന്‍ ആയിരുന്നു തിരക്കഥ. മോഹന്‍ലാലിന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള കാല്‍വയ്പുകളില്‍ ഒന്ന് കൂടിയായിരുന്നു ആര്യന്‍.
11. ചിത്രം- 1988 ലെ ക്രിസ്തുമസ് സീസണില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം അക്കാലത്തിനിടയില്‍ കണ്ട ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു ഇത്. 44 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച സിനിമ ബോക്‌സ് ഓഫീസില്‍ മൂന്നര കോടിയാണ് കൊയ്തത്. പ്രിയദര്‍ശന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ഈ സിനിമയിലൂടെ ലഭിച്ചു.
12. കടത്തനാടന്‍ അമ്പാടി- വടക്കന്‍ പാട്ടിനെ പിന്‍പറ്റി പ്രി.ദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് ഇത്. 1990 പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് കൊച്ചിന്‍ ഹനീഫ ആയിരുന്നു. മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രമായ അമ്പാടിയെ അവതരിപ്പിച്ചത്. പ്രേം നസീറും പ്രധാന വേഷത്തില്‍ എത്തി. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ആയിരുന്നു സിനിമയുടെ റിലീസ്.
13. അക്കരെ അക്കരെ അക്കരെ- പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോഴാണ് 1990 ഈ സിനിമ തയ്യാറായത്. സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്, പട്ടണ പ്രവേശം എന്നീ സിനിമകളുടെ മൂന്നാം ഭാഗമായിരുന്നു അക്കരെ അക്കരെ അക്കരെ.
14. അഭിമന്യു- പ്രിയദര്‍ശനും ടി ദാമോദരനും വീണ്ടും ഒന്നിച്ചപ്പോഴാണ് ക്രൈം, ആക്ഷന്‍ ത്രില്ലറായ അഭിമന്യു പിറക്കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സിനിമയ്ക്ക്. പക്ഷേ, തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനമായിരുന്നു മോഹന്‍ലാലിന്റേത്. പിന്നീട് ഹിന്ദിയും തമിഴും അടക്കം ഒരുപാട് ഭാഷകളില്‍ ഈ സിനിമ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു.
15. അദ്വൈതം- രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രിയനും ടി ദാമോദരനും ഒരിക്കല്‍ കൂടി ഒന്നിച്ചു. അങ്ങനെയാണ് 1992 ല്‍ അദ്വൈതം എന്ന പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെ ആയിരുന്നു ഇതിലും നായകന്‍. കോഴിക്കോട് 125 ദിവസങ്ങള്‍ തുടര്‍ച്ചയായി ഓടി ഈ സിനിമ.
16. മിഥുനം- പ്രിയയദര്‍ശന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ അതിമനോഹര ചിത്രങ്ങളില്‍ ഒന്നാണ് 1993 ല്‍ പുറത്തിറങ്ങിയ മിഥുനം. മോഹന്‍ലാലും ഉര്‍വ്വശിയും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
17. ഗാണ്ഡീവം- അക്കിനേനി നാഗേശ്വര റാവുവിനെ നായകനാക്കി പ്രിയദര്‍ശന്‍ തെലുങ്കില്‍ ഒരുക്കിയ സിനിമയാണ് ഗാണ്ഡീവം. 1994 ലാണ് സിനിമ പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ ഒരു അതിഥി വേഷത്തില്‍ എത്തുകയും ചെയ്തു.
18. തേന്‍മാവിന്‍ കൊമ്പത്ത്- പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് തേന്‍മാവിന്‍ കൊമ്പത്ത്. തമിഴിലും ഹിന്ദിയിലും ഈ സിനിമ റീമേക്ക് ചെയ്യപ്പെടുകയും വലിയ വിജയം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
19. കാലാ പാനി- 1996 ലാണ് കാലാ പാനി പുറത്തിറങ്ങുന്നത്. ടി ദാമോദരനും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. മലയാളം കൂടാതെ മൂന്ന് ഭാഷകളില്‍ ഡബ്ബ് ചെയ്ത് ഈ സിനിമ പുറത്തിറക്കി. 450 തീയേറ്ററുകളില്‍ വേള്‍ഡ് വൈഡ് ആയിട്ടായിരുന്നു റിലീസ്. ഇന്ത്യന്‍ സിനിമയില്‍ അതൊരു പുതിയ ചരിത്രം തന്നെ ആയിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന അവാര്‍ഡുകളും ഈ ചിത്രം സ്വന്തമാക്കി.
20. കഭീ ന കഭീ- ഹിന്ദിയില്‍ റീമേക്കുകളുടെ ചക്രവര്‍ത്തിയാണ് പ്രിയദര്‍ശന്‍. എന്നാല്‍ 1998 ല്‍ സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രമായ 'കഭീ ന കഭീ' അങ്ങനെ ആയിരുന്നില്ല. ജാക്കി ഷെറോഫും അനില്‍ കമൂറും പൂജാ ഭട്ടും ആയിരുന്നു ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
21. മേഘം- മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ ആകെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തുള്ളു. അതില്‍ രണ്ടെണ്ണവും പ്രിയദര്‍ശന്റെ മൗലിക സൃഷ്ടികള്‍ ആയിരുന്നു എന്ന് പറയാം. 1999 ല്‍ ആണ് മേഖം റിലീസ് ചെയ്യുന്നത്.
22. കിളിച്ചുണ്ടന്‍ മാമ്പഴം- മോഹന്‍ലാല്‍ പ്രിയദര്‍ന്‍ ടീമിന്റെ മറ്റൊരു ചിത്രമായിരുന്നു 'കിളിച്ചുണ്ടന്‍ മാമ്പഴം'. പതിവ് പോലെ, മലബാര്‍ മുസ്ലീം സംഭാഷണങ്ങള്‍ ഏറ്റവും മോശമായ രീതിയില്‍ ആണ് പ്രിയദര്‍ശന്‍ ഇതില്‍ അവതരിപ്പിച്ചത്. സിനിമ ഒരു വന്‍ വിജയമായതും ഇല്ല.
23. കാഞ്ചീവരം- പ്രിയദര്‍ശന്റെ ക്ലാസ്സ് സിനിമകളില്‍ ഒന്നാണ് 2008 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ കാഞ്ചീവരം. പ്രകാശ് രാജും ശ്രിയ ശരണും ആയിരുന്നു പ്രധാന വേഷത്തില്‍. മികച്ച സിനിമയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരം കാഞ്ചീവരത്തിന് ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പ്രകാശ് രാജിനും ലഭിച്ചു.
26. ഒപ്പം- 2008 ല്‍ കാഞ്ചീവരം ചെയ്തതിന് ശേഷം പൂര്‍ണമായും ഒരു മൗലിക സിനിമ ചെയ്യാന്‍ പ്രിയദര്‍ശന്‍ കാത്തിരുന്നത് എട്ട് വര്‍ഷങ്ങള്‍ ആയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഒപ്പം ആയിരുന്നു ആ സിനിമ. പതിവ് പ്രിയദര്‍ശന്‍ കോമഡികള്‍ക്ക് വിരുദ്ധമായ ഒരു സിനിമയായിരുന്നു ഇത്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 100 കോടിയിലധികം നേടിയെന്നാണ് കണക്കുകള്‍.
27. മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം- 2021 ല്‍ പുറത്തിറങ്ങിയ മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹവും പ്രിയദര്‍ശന്റെ മൗലിക സൃഷ്ടിയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സിനിമ, പക്ഷേ ആരാധകരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.