ടെന്നീസ് സൂപ്പർ താരങ്ങൾ വീനസ് വില്ല്യംസിന്‍റെയും സെറീന വില്ല്യംസിന്‍റെയും പിതാവ് റിച്ചാർഡ് വില്ല്യംസ് തന്‍റെ മക്കളെ ലോകം അറിയപ്പെടുന്ന ടെന്നീസ് താരങ്ങൾ ആക്കി മാറ്റിയ കഥ അറിയുമോ? അതാണ് കിംഗ് റിച്ചാർഡ്. 94ാ -മത് ഓസ്കാർ ചടങ്ങിൽ വിൽ സ്മിത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രൊഫഷണൽ ടെന്നീസ് പരിശീലനമൊന്നുമില്ലാത്ത മധ്യവയസ്കനായ റിച്ചാർഡ്, ദാരിദ്ര്യത്തെയും വംശീയ വിദ്വേഷത്തെയും അതിജീവിച്ച് തന്‍റെ പെൺമക്കളെ സ്വയം പരിശീലിപ്പിച്ചു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നിറഞ്ഞ ഈ കഥാപാത്രത്തെയാണ് വിൽ സ്മിത്ത് മികച്ച രീതിയിൽ വെള്ളിത്തിരയിൽ എത്തിച്ചത്. 


ഈ സിനിമയ്ക്ക് ആസ്പദമായ കഥ നടക്കുന്ന തൊണ്ണൂറുകളുടെ തുടക്കത്തിൽ ടെന്നീസ് എന്ന കായിക വിനോദം പരിശീലിച്ചിരുന്നത് സമ്പന്നരും വെളുത്ത വര്‍ഗ്ഗക്കാരും മാത്രമായിരുന്നു. ഈ സമയത്താണ് സാമൂഹികമായും വംശീയമായും നില നിന്നിരുന്ന എല്ലാ വിവേചനങ്ങളെയും വെല്ലുവിളിച്ച് റിച്ചാർഡ് തന്‍റെ മക്കളെ ടെന്നീസ് പരിശീലിപ്പിക്കാൻ ഇറക്കുന്നത്. ഈ സമയത്ത് അയൽക്കാരിയായ ഒരു യുവതിയുടെ പരാതികളും, മദ്യപാനികൾ ആയ ഏതാനും യുവാക്കളുടെ കളിയാക്കലുകളും മർദ്ദനവും അദ്ദേഹത്തിന് നേരിടേണ്ടി വരുന്നുണ്ട്. 



എന്നാൽ അതിലൊന്നും തളരാതെ ഇദ്ദേഹം തന്‍റെ ലക്ഷ്യവുമായി മുന്നോട്ട് പോകുന്നു. തന്‍റെ മക്കളെ പരിശീലിപ്പിക്കുന്നതിനും അവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു പദ്ധതി റിച്ചാർഡിന്‍റെ പക്കൽ ഉണ്ടായിരുന്നു. ഇതിന് വേണ്ടി ടെന്നീസിൽ മികച്ച പ്രാവീണ്യം ഉള്ള ഒരു ഒരു കോച്ചിനെ അദ്ദേഹം അന്വേഷിച്ച് കണ്ടെത്തുന്നു.


എന്നാൽ മക്കളുടെ ഭാവിയെപ്പറ്റി താൻ ഉണ്ടാക്കി വെച്ച പദ്ധതിയിൽ നിന്നും ഒരടി പോലും പിന്നിലേക്ക് ചലിക്കാൻ തയ്യാറാകാത്ത റിച്ചാർഡിന് കോച്ചുമായും നിരവധി അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നു. ആദ്യം അച്ഛന്‍റെ ആശയങ്ങളോട് മക്കൾക്ക് മതിപ്പ് ഉണ്ടായിരുന്നു എങ്കിലും ചില കാര്യങ്ങളിലുള്ള റിച്ചാർഡിന്‍റെ കടുംപിടുത്തം കാരണം ഒരു ഘട്ടത്തിൽ വീനസ് അച്ഛന് എതിരാകുന്നുമുണ്ട്. എന്നാൽ മക്കളുടെ ഭാവിയെപ്പറ്റി അദ്ദേഹം നടത്തിയ എല്ലാ പദ്ധതികളും പ്രവചനങ്ങളും ഭാവിയിൽ സത്യമാകുന്നതും നമുക്ക് സിനിമയിൽ കാണാൻ സാധിക്കും. 


കേന്ദ്ര കഥാപാത്രമായ റിച്ചാർഡിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നതെങ്കിലും മറ്റ് കഥാപാത്രങ്ങളും സിനിമയിൽ വലിയൊരു സ്വാധീനം ഉണ്ടാക്കുന്നുണ്ട്. വീനസിന്‍റെ രണ്ടാമത്തെ കോച്ചായി വരുന്ന റിക്ക് മാച്ചിയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഇദ്ദേഹത്തിന് റിച്ചാർഡിന്‍റെ പദ്ധതികളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്‍റെ എല്ലാ നിർബന്ധങ്ങൾക്കും റിക്ക് വഴങ്ങുന്നുണ്ട്. 


അവസാനം ഒരു പ്രോ ലെവൽ മത്സരത്തിലേക്ക് വീനസ്സ് എത്തുന്നത് വരെ ആ കുടുംബത്തിനോടൊപ്പം റിക്ക് നിൽക്കുന്നുണ്ട്. ജോർജ് ബേൺതൽ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു ശക്തമായ കഥാപാത്രമാണ് റിച്ചാർഡിന്‍റെ ഭാര്യയായ ബ്രാണ്ടി വില്ല്യംസ്. റിച്ചാർഡിന്‍റെ എല്ലാ പ്രവർത്തികളും കണ്ണും പൂട്ടി അംഗീകരിക്കാതെ തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യങ്ങളോടുള്ള എതിർപ്പ് ശക്തമായി ബ്രാണ്ടി ഉന്നയിക്കുന്നുണ്ട്. ഭർത്താവിന്‍റെ എല്ലാ സ്വപ്നങ്ങൾക്കും പിൻതുണ നൽകുന്നുണ്ടെങ്കിലും സ്വന്തം നിലപാട് എവിടെയും ധൈര്യമായി തുറന്ന് പറയുന്ന സ്ത്രീ കഥാപാത്രമാണ് ഔഞ്ജാന്യൂ എല്ലിസ് അവതരിപ്പിച്ച ബ്രാണ്ടി വില്ല്യംസ്. 



പ്രവചനാത്മകമായ ഒരു കുടുംബ കഥ പറഞ്ഞ് പോകുന്നതിനോടൊപ്പം ത്രില്ലിങ്ങ് ആയ ടെന്നീസ് മത്സരങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. ടെന്നീസ് ഷോട്ടുകൾ നന്നായി പിടിച്ചെടുക്കുകയും ആവശ്യമായ ത്രില്ലും പിരിമുറുക്കവും പ്രേക്ഷകർക്ക് ഈ ചിത്രം നൽകുകയും ചെയ്യുന്നുണ്ട്. റിച്ചാർഡിന്‍റെ കഥാപാത്രം കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവങ്ങളും ഒറ്റപ്പെടലും മകളോട് പറയുന്ന സീൻ പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തുന്നു. 


ഒരു ആഫ്രിക്കൻ അമേരിക്കൻ ആയ റിച്ചാർഡിന്‍റെ  ചുണ്ടനക്കങ്ങളും, മാനറിസങ്ങളും എല്ലാം വളരെ കൃത്യമായി വിൽ സ്മിത്ത് സ്ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്.  ഒരു ബയോപ്പിക്ക് എന്ന നിലയിൽ അത്രത്തോളം മികച്ച ചിത്രമാണെന്ന് പറയാനാകില്ലെങ്കിലും വിൽ സ്മിത്തിന്‍റെ അഭിനയ മുഹുര്‍ത്തങ്ങൾ ആസ്വദിക്കാനും ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരങ്ങളായ വീനസിന്‍റെയും സെറീനയുടെയും ജീവിത കഥ മനസ്സിലാക്കാനും ചലച്ചിത്ര, കായിക പ്രേമികൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് കിംഗ് റിച്ചാർഡ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.